ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനു കായിക മന്ത്രി ഇ.പി.ജയരാജന്റെ ഭീഷണി;അഞ്ജു  അടക്കം സ്‌പോര്‍ട്സ് കൗണ്‍സിലിലുള്ളവര്‍ പാര്‍ട്ടി വിരുദ്ധരുമാണെന്ന് ജയരാജൻ; മുഖ്യമന്ത്രി പിണറായി വിജയന് അഞ്ജു പരാതി നല്‍കി.

single-img
9 June 2016

26f03fd32ec2a9a5e71e3f8299974beb_fullതിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ പി ജയരാജന്‍ പരുഷമായി പെരുമാറിയതായി പരാതി. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എത്തിയ അഞ്ജുവിനോട് മന്ത്രി രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.അഞ്ജു അടക്കം സ്‌പോര്‍ട്സ് കൗണ്‍സിലിലുള്ളവര്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് കായിക മന്ത്രി ആരോപിച്ചതായാണ് പരാതി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോട് ചോദിച്ചിട്ടാണെന്ന് മന്ത്രി ചോദിച്ചു. കൂടെയുള്ളവര്‍ അഞ്ജുവിന്റെ പേരു ചീത്തയാക്കുകയാണെന്നു പറഞ്ഞ മന്ത്രി, തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ… കാത്തിരുന്നു കണ്ടോ.. എന്ന ഭീഷണിയും മുഴക്കി. മന്ത്രിയുമായുള്ള യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പടുത്തി.

സ്‌പോര്‍ട്‌സുകാര്‍ക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും ലോക അത്‌ലറ്റിക് മെഡല്‍ ജേതാവ് കൂടിയായ അഞ്ജു പറഞ്ഞു.തുറന്നു പിടിച്ച കയ്യോടെയാണ് താന്‍ ഈ സ്ഥാനത്തു വന്നതെന്നും തുറന്ന കയ്യോടെതന്നെ തിരിച്ചു പോവുമെന്നും അഞ്ജു പറഞ്ഞു. പ്രസിഡന്റിന് വിമാനയാത്ര അനുവദിച്ചുകൊണ്ടുളള നിയമം കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിന്റെ കാലത്തു കൊണ്ടുവന്നതാണ്. കായിക വകുപ്പ് സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കറാണ് വിമാനടിക്കറ്റ് അനുവദിക്കാനുള്ള ഫയലില്‍ ഒപ്പിട്ടത്. ധനവകുപ്പ് സെക്രട്ടറി കെ.എം.ഏബ്രഹാമും അനുമതി നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞതിന് അര്‍ഥം ഇവരെല്ലാം അഴിമതിക്കാരാണെന്നാണോ എന്നു അഞ്ജു മുഖ്യമന്ത്രിയോടു ചോദിച്ചു.