സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കർശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി;ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരും

single-img
8 June 2016

pinarayi-smileസര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയല്ല ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടറിയറ്റിൽ ഫയൽ വെച്ചു താമസിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്നതും അഴിമതിയാണെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രവൃത്തി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതിനിടക്ക് സാഹിത്യ വാസന ഉണര്‍ത്താന്‍ നില്‍ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിശ്ചിത സമയത്തിനുള്ളില്‍ ഫയലുകളില്‍ തീരുമാനം എടുക്കണമെന്നും നെഗറ്റീവ് ഫയല്‍ നോട്ട സംവിധാനമാണ് ഇപ്പോള്‍ കേരളത്തില്‍ ഉളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യം എങ്ങനെ തളളികളയാം എന്നതാണ് ഈ രീതിയെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റിവ് ഫയല്‍ നോട്ട സംവിധാനം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.