സി.പി.ഐ.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി; ആഭ്യന്തരം പിണറായിയ്ക്ക് തന്നെ,കടകംപള്ളിയ്ക്ക് വൈദ്യുതി വകുപ്പ്,വിദ്യാഭ്യാസം രവീന്ദ്രനാഥിനു

single-img
23 May 2016

13275880_550308185177888_179019412_n

 

എല്‍.ഡി.എഫ് മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കാനിരിക്കേ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായതായി സൂചന. ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രി തന്നെ വഹിക്കും. വി.എസ് മന്ത്രിസഭയില്‍ ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഡോ.തോമസ് ഐസക് തന്നെയായിരിക്കും ഈ സര്‍ക്കാരിലും വകുപ്പ് കൈാര്യം ചെയ്യുക.പൊതുമരാമത്ത് ജി.സുധാകരനുമായിരിക്കും. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങളിലുള്ള ഏകദേശ ധാരണ. എ.കെ.ബാലന് പട്ടികവര്‍ഗക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണവും. ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം ഇന്നു ചേരുന്ന സംസ്ഥാന സമിതിയോഗത്തിലെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഐഎമ്മില്‍നിന്നു 12 പേരാണ് മന്ത്രിസഭയിലുണ്ടാകുക.

 

 

പി.ശ്രീരാമകൃഷ്ണന്‍ തന്നെ സ്പീക്കറാകുമെന്ന് ഉറപ്പായിട്ടുണ്ട്. സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും. കോണ്‍ഗ്രസ് എസ്, ജെ.ഡി.എസ്, എന്‍.സി.പി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. ഇവരുടെ മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളിലും ഇതുവരെ തീരുമാനമായിട്ടില്ല.

 

 

എന്‍സിപിയില്‍ തോമസ് ചാണ്ടിയും, എ.കെ.ശശീന്ദ്രനും അവകാശവാദവുമായുണ്ട്. തര്‍ക്കം രൂക്ഷമായാല്‍ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടും. വകുപ്പുകള്‍ പങ്കുവെക്കുന്നത് ബുധനാഴ്ച രാവിലെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെയായിരിക്കും. അതിനിടെ, മന്ത്രിമാരുടെ പഴ്‌സനേല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താന്‍ ഇടതുമുന്നണിയില്‍ ധാരണയായി