നന്ദി പറഞ്ഞ് മോഹന്‍ലാല്‍;എന്റെ അനാകര്‍ഷകമായ ശരീരത്തിലും മുഖത്തിലും നോക്കി ഒരു നടനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഫാസിലിന്, എന്റെ പാച്ചിക്കായ്ക്ക് എത്ര നന്ദി ഞാന്‍ പറയണം

single-img
23 May 2016

Mohanlal-FO8A5420

 

പിറന്നാൾ ദിനത്തിൽ മോഹൻലാലിന്റെ ബ്ലോഗ്. ഈ ഭൂമിയില്‍ പിറന്ന് വളരാനും, ഈ മണ്ണില്‍ച്ചവിട്ടി നടക്കാനും കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് ലാലിന്റെ ബ്ലോഗ് ആരംഭിക്കുന്നത്. തന്റെ വളര്‍ച്ചക്ക് കാരണക്കാരായ ഏല്ലാവര്‍ക്കും നന്ദി പറയുന്ന ലാല്‍ നന്ദി എന്നതാണ് ഒരു മനുഷ്യന് ഏറ്റവും അധികം വേണ്ട ഗുണം എന്ന് വിശ്വസിക്കുന്നതായി പറയുന്നു. നന്ദി എന്നാണ് ബ്ലോഗിന്റെ തലക്കെട്ടും.

 

‘എന്റെ സുഹൃത്തുക്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്റെ അനാകര്‍ഷകമായ ശരീരത്തിലും മുഖത്തിലും നോക്കി ഒരു നടനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഫാസിലിന്, എന്റെ പാച്ചിക്കായ്ക്ക് എത്ര നന്ദി ഞാന്‍ പറയണം..’ മോഹൻലാൽ പറയുന്നു

 

എത്രയോ മനുഷ്യരുടെ കൈകള്‍ ചേര്‍ന്നാണ് എന്നെ ഇന്ന് ഞാന്‍ നില്‍ക്കുന്ന ഉയരങ്ങളിലേക്ക് എത്തിച്ചത്. അതില്‍ എനിക്കുവേണ്ടി എഴുതിയ എഴുത്തുകാരുണ്ട്, സംവിധായകരുണ്ട്, എന്റെ മുഖത്തേക്ക് വെളിച്ചം പിടിച്ചുതന്നവരുണ്ട്, എന്റെ കൂടെ നടിച്ചവരും മുഖത്ത് ചായം തേച്ചവരും വസ്ത്രങ്ങള്‍ തീര്‍ത്തവരും, എനിക്ക് ഭക്ഷണം വിളമ്പിയവരും, എന്നെ ചികിത്സിച്ചവരും, എന്റെ സിനിമയുടെ ചിത്രങ്ങള്‍ പാതിരാത്രി ഉറക്കമൊഴിച്ച് ചുവരുകളില്‍ പതിച്ചവരുമുണ്ട്. എന്റെ അഭിനയം കണ്ട് കൈയ്യടിച്ചവരും എന്നെ ആരാധിക്കുന്നവരുമുണ്ട്. ഇവരില്‍ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ഉയരം ഇപ്പോഴുള്ളത്ര ഉണ്ടാവില്ലായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

 

മോഹൻ ലാൽ എഴുതിയ ബ്ലോഗ് വായിയ്ക്കാം

 

നന്ദി.. നന്ദി.. രാത്രി പുലരിയിലേക്ക് നടന്നടുക്കുന്ന യാമത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. നാളെ പുലര്‍ന്നാല്‍ എന്റെ പിറന്നാളാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യങ്ങളിലൊന്ന്. ഈ ഭൂമിയില്‍ പിറന്ന് വളരാനും ഈ മണ്ണില്‍ ചവുട്ടി നടക്കാനും ഇവിടെ വിരിഞ്ഞ പൂക്കളെയും പൂമ്പാറ്റകളെയും കാണാനും കഴിഞ്ഞതിന്റെ സന്തോഷം. പുഴയില്‍ കുളിക്കാനും ഉദയാസ്തമയങ്ങള്‍ അനുഭവിക്കാനും ഒരുപാട് നല്ല മനുഷ്യരുമായി ഇടപഴകാനും കലകള്‍ ആസ്വദിക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദം. ഒപ്പം ദു:ഖവുമുണ്ട്. നാളെ പുലരുമ്പോള്‍ ഈ സുന്ദരമായ ഭൂമിയില്‍ എനിക്കനുവദിച്ചതില്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞിരിക്കുന്നു. ദൂരം കുറഞ്ഞ് കുറഞ്ഞ് വരുകയാണ്.

 

ഈ പിറന്നാള്‍ തലേന്ന് എനിക്ക് എന്നിലേക്ക് മാത്രമേ നോക്കാനുള്ളൂ. അങ്ങിനെ നോക്കിയിരിക്കുമ്പോള്‍ സന്തോഷത്തെക്കാളും അത്ഭുതത്തെക്കാളും എന്റെയുള്ളില്‍ നിറഞ്ഞ് കവിയുന്നത് നന്ദിയാണ്. ആരോടൊക്കെയോ ഉള്ള നന്ദി. എന്തിനോടൊക്കെയോ ഉള്ള നന്ദി. പറഞ്ഞാല്‍ തീരാത്തത്ര, കൊടുത്താല്‍ തീരാത്തത്ര.

 

കേരളത്തിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ അസാധാരണമായ സാഹചര്യങ്ങളൊന്നുമില്ലാതെ ജനിച്ച എനിക്ക് ഇത്രയൊക്കെത്തന്നത് ആരാണ്? യൊതൊരുവിധ കലാപാരമ്പര്യവുമില്ലാത്ത എന്നെ മഹാരഥന്മാര്‍ തിടമ്പേറ്റിയ സിനിമയുടെ ഉത്സവപ്പറമ്പിലേക്ക് പറഞ്ഞുവിട്ടത് ആരാണ്? പൂര്‍വ്വ ശിക്ഷണങ്ങളോ വഴികാട്ടികളോ ഒന്നുമില്ലാത്തതിനാല്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചുകൊണ്ട് എപ്പോഴും നിഴലുപോലെ കൂടെനില്‍ക്കുന്ന അജ്ഞാതശക്തി ഏതാണ്? അടുത്ത നിമിഷം എന്തുചെയ്യണമെന്നോ എങ്ങിനെ ജീവിക്കണമെന്നോ നിശ്ചയമില്ലാത്ത, എഴുതി കൈയ്യില്‍കിട്ടുന്ന ഒരു രംഗം എങ്ങനെ അഭിനയിക്കണമെന്ന് ഇന്നും വലിയ പിടിയില്ലാത്ത എന്നെ ഞാനറിയാതെ അതിനൊക്കെ പ്രാപ്തനാക്കുന്നത് ഏത് ശക്തിയാണ്? ആലോചിക്കുമ്പോള്‍ ഒരു പിടിയും കിട്ടുന്നില്ല.

 

സിനിമാനടന്‍ ആയില്ലെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു? എത്രയോ തവണ ഇക്കാര്യം ഞാന്‍ ആലോചിച്ചതാണ്. ഇപ്പോഴും എനിക്കതിന് കൃത്യമായ ഒരു ഉത്തരമില്ല. സത്യംപറഞ്ഞാല്‍ സിനിമാനടനാവാന്‍ പോലും ഞാന്‍ ആഗ്രഹിച്ചതല്ല. അത്ര വലിയ സിനിമാ ഭ്രാന്തനോ നന്നായി പഠിക്കുന്ന കുട്ടിയോ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്ത ഒരാളോ ഒന്നുമായിരുന്നില്ല ഞാന്‍. അഭിനയിക്കാന്‍ പുതുമുഖങ്ങളെത്തേടിയുള്ള പരസ്യം കണ്ടെത്തിയതും അതിലേക്ക് എന്റെ അപേക്ഷ തയ്യാറാക്കിയതുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. പോസ്റ്റ് ഓഫീസില്‍വച്ച് ചില്ലറ ചോദിച്ചതില്‍ പ്രതിഷേധിച്ച് ഞാന്‍ അയയ്ക്കാതെ സ്‌കൂട്ടറില്‍ വച്ചിരുന്ന ആ അപേക്ഷ അവര്‍ കണ്ടെത്തി അയക്കുകയായിരുന്നു. ആ ഇന്റര്‍വ്യൂവില്‍ ഫാസില്‍ എന്താണ് എന്നില്‍ക്കണ്ട ഗുണം എന്നും എനിക്കറിയില്ല. അതിന് കാരണക്കാരായ എന്റെ സുഹൃത്തുക്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്റെ അനാകര്‍ഷകമായ ശരീരത്തിലും മുഖത്തിലും നോക്കി ഒരു നടനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഫാസിലിന്, എന്റെ പാച്ചിക്കായ്ക്ക് എത്ര നന്ദി ഞാന്‍ പറയണം..


മൂന്നര പതിറ്റാണ്ടിലധികം ഒരേ മേഖലയില്‍ ഒരേ വഴിയില്‍ സഞ്ചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കല പോലെയുള്ള മത്സരാധിഷ്ഠിത മേഖലയില്‍. എന്റെ സ്വന്തം പ്രയത്‌നം കൊണ്ടാണ് ഞാനീ മേഖലയില്‍ മേല്‍വിലാസം ഉണ്ടാക്കിയതും അത് നിലനിര്‍ത്തിയതെന്നും പലരും പറയുന്നത് കേള്‍ക്കാറുണ്ട്. അത് എത്രമാത്രം ശരിയാണെന്ന് എനിക്കറിയില്ല. എന്റെ കാര്യത്തില്‍ ശരിയല്ല. എത്രയോ മനുഷ്യരുടെ കൈകള്‍ ചേര്‍ന്നാണ് എന്നെ ഇന്ന് ഞാന്‍ നില്‍ക്കുന്ന ഉയരങ്ങളിലേക്ക് എത്തിച്ചത്. അതില്‍ എനിക്കുവേണ്ടി എഴുതിയ എഴുത്തുകാരുണ്ട്, സംവിധായകരുണ്ട്, എന്റെ മുഖത്തേക്ക് വെളിച്ചം പിടിച്ചുതന്നവരുണ്ട്, എന്റെ കൂടെ നടിച്ചവരും മുഖത്ത് ചായം തേച്ചവരും വസ്ത്രങ്ങള്‍ തീര്‍ത്തവരും, എനിക്ക് ഭക്ഷണം വിളമ്പിയവരും, എന്നെ ചികിത്സിച്ചവരും, എന്റെ സിനിമയുടെ ചിത്രങ്ങള്‍ പാതിരാത്രി ഉറക്കമൊഴിച്ച് ചുവരുകളില്‍ പതിച്ചവരുമുണ്ട്. എന്റെ അഭിനയം കണ്ട് കൈയ്യടിച്ചവരും എന്നെ ആരാധിക്കുന്നവരുമുണ്ട്. ഇവരില്‍ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ഉയരം ഇപ്പോഴുള്ളത്ര ഉണ്ടാവില്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.