ഇന്ത്യ-ചൈന അതിർത്തി ഗ്രാമനിവാസികൾക്ക് അജ്ഞാതരുടെ ഫോൺ കാൾ : ചാരന്മാരുടേതെന്നു സംശയം

single-img
16 May 2016

image1

പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന്‌ ചാരന്മാരുടേതെന്ന്‌ സംശയിക്കുന്ന ഫോൺ കോളുകൾ ലഭിച്ചതിനെ തുടർന്ന്‌ ജമ്മു­കശ്‌മീർ അതിർത്തിയിൽ ലേയിൽ താമസിക്കുന്ന ഗ്രാമീണർക്ക്‌ ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകി.

ലേയിലെ ഗ്രാമത്തലവൻ അടക്കമുള്ളവർക്കാണ്‌ സംശയാസ്‌പദമായ നിരവധി ഫോൺ കോളുകൾ ലഭിച്ചത്‌. കേണൽ എന്നോ പ്രാദേശിക നിവാസി എന്നോ സ്വയം പരിചയപ്പെടുത്തിയ ആൾ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളേയും സാന്നിധ്യത്തേയും കുറിച്ചാണ്‌ ഗ്രാമീണരോട്‌ വിവരങ്ങൾ തേടിയത്‌.

സമുദ്രനിരപ്പിൽ നിന്ന്‌ 13,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഛാങ്‌ ലായിലെ ദർബക്‌ ഗ്രാമത്തിലെ സ്‌റ്റാൻസിൻ എന്ന ഗ്രാമത്തലവനാണ്‌ ഫോൺ സന്ദേശം ലഭിച്ചത്‌. സൈന്യവുമായുള്ള പ്രധാന പ്രശ്‌നങ്ങൾ പരിഹരിച്ചോ എന്നായിരുന്നു ചോദ്യം. ഫോൺ സന്ദേശം വരുമ്പോൾ സൈനിക ക്യാമ്പിൽ ഇരിക്കുകയായിരുന്ന ഗ്രാമത്തലവന്‌ സംശയം തോന്നി വിളിച്ച ആളുടെ പേരു ചോദിച്ചു. പേരു പറഞ്ഞില്ലെങ്കിലും ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽ നിന്നാണെന്ന്‌ മറുപടി നൽകി. തുടർന്ന്‌ സംഭാഷണം അവസാനിപ്പിച്ചു. ഇതിന്‌ പിന്നാലെ ഗ്രാമത്തലവൻ സൈന്യത്തിന്‌ നമ്പർ കൈമാറി. പരിശോധനയിൽ വിളിച്ചത്‌ കമ്മിഷണറുടെ ഓഫീസിൽ നിന്നല്ലെന്നും ഇന്റർനെറ്റിൽ നിന്ന്‌ ബന്ധപ്പെടുത്തി വിളിച്ചതാണെന്നും കണ്ടെത്തി.

തുടർന്ന്‌ സൈന്യം നടത്തിയ അന്വേഷണത്തിൽ അതിർത്തിയിലെ നിരവധി പേർക്ക്‌ ഇത്തരത്തിൽ ഫോൺ സന്ദേശം ലഭിച്ചതായി മനസിലായി. ഗ്രാമത്തലവന്മാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഫോൺ കോളുകൾ വരുന്നത്. ചാരന്മാരുടെ വാക്ക്‌ വിശ്വസിച്ച ഗ്രാമീണരിൽ ചിലർ സൈന്യവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പങ്കു വയ്‌ക്കുകയും ചെയ്‌തു. ഇതോടെയാണ് സൈന്യം ജാഗ്രതാ നിർദ്ദേശം നൽകുകയും ബോധവൽക്കരണ ക്യാമ്പയിനുമായി രംഗത്തു വരികയും ചെയ്‌തത്‌.

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പെന്റഗണ്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യു എസ് കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പെന്റഗണ്‍ ചൈനീസ് സൈന്യവിന്യാസത്തില്‍ ആശങ്ക പങ്കുവയക്കുന്നത്. പാകിസ്ഥാനിലുള്‍പ്പെടെ ചൈനയ്ക്കു സൈനിക താവളങ്ങളുള്ളത് ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു