പത്രപ്പരസ്യത്തിനായ് ആം ആദ്മി സർക്കാർ ചെലവിട്ടത് മൂന്നു മാസത്തിനിടെ 15 കോടി

single-img
16 May 2016

Arvind Kejriwal--621x414

ദൽഹിയിലെ ആം ആദ്മി സർക്കാർ കഴിഞ്ഞ 3 മാസത്തിനിടെ പരസ്യ ഇനത്തിൽ മാത്രം 15 കോടി രൂപ ചെലവഴിച്ചെന്നു വിവരാവകാശരേഖ . ഒരു ദിവസം 16 ലക്ഷം വച്ചാണ് അച്ചടിമാധ്യമ പരസ്യങ്ങൾക്ക് വേണ്ടി ചിലവാക്കുന്നത്.ഈ വര്‍ഷം ഫിബ്രവരി 10 മുതല്‍ മെയ് 11 വരെയുള്ള കാലത്ത് 14.56 കോടി രൂപ പരസ്യത്തിനായി മാത്രം ചിലവിട്ടെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിഭാഷകന്‍ അമന്‍ പന്‍വാറാണ് ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യ ചെലവ് തേടിയത്.

കേരളം, കര്‍ണാടക, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ദിനപത്രങ്ങള്‍ക്കും പരസ്യങ്ങള്‍ നല്‍കിയിരുന്നുവെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പൊതുനയങ്ങള്‍ കൃതമായി ജനങ്ങളില്‍ എത്തിക്കുന്നതിനാണ് പരസ്യങ്ങള്‍ നല്‍കുന്നതെന്നാണ് ആംആദ്മിയുടെ വാദം. ഒറ്റയക്ക, ഇരട്ടയക്ക വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് മാത്രമായി അഞ്ചു കോടി ചെലവിട്ടിരുന്നു. ഇതിനാലാണ് പരസ്യചെലവ് ഇത്രയധികം ഉയര്‍ന്നതെന്നും ആംആദ്മി നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഒരുവശത്ത് ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനും പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് വന്‍തുക പരസ്യത്തിനായി ചിലവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കുറ്റപ്പെടുത്തി.