ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഗവർണറുടെ വോട്ട് .

single-img
16 May 2016

sadhasivam

 

പതിനാലാം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ചരിത്രം തിരുത്തിയിരിക്കുകയാണ് ഗവർണർ പി സദാശിവം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗവർണർ വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടവകാശമുള്ള എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നൂറു ശതമാനം പോളിംഗ് ആണ് താന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രഥമ പൗരനെന്ന നിലയില്‍ താന്‍ കടമ നിര്‍വഹിച്ച് മാതൃക കാട്ടി. എല്ലാവരും വോട്ട് ചെയ്താന്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടൂവെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലാണ് ഗവര്‍ണര്‍ക്കും ഭാര്യക്കും വോട്ടുള്ളത്. ജവഹര്‍ നഗര്‍ എല്‍.പി.സ്‌കൂളില്‍ ഭാര്യ സരസ്വതിക്കൊപ്പം എത്തിയാണ് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തിയത്. സാധാരണക്കാരായ വോട്ടര്‍മാര്‍ക്കൊപ്പം നിരയില്‍ ഊഴം കാത്തുനിന്നാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കൂടിയായ ഗവര്‍ണര്‍ വോട്ട് ചെയ്തത്.

ഇവിടെ വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹം അടുത്തകാലത്താണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. സാധാരണ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താറില്ല. സ്വന്തം സംസ്ഥാനങ്ങളിലാണ് അവര്‍ വോട്ട് ചെയ്യുക. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് ആ പാരമ്പര്യം മാറ്റിമറിക്കുന്നത്.