ലോകത്തെ ഏറ്റവും പ്രായമായ വ്യക്തി അന്തരിച്ചു.

single-img
14 May 2016

susannajones

 

ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്ന സൂസന്ന മുഷാത്ത് ജോണ്‍സ് അന്തരിച്ചു. 116ആമത്തെ വയസ്സില്‍ ന്യൂയോര്‍ക്കിലെ സ്വവസതിയിലായിരുന്നു സൂസന്നയുടെ അന്ത്യം.

1899 ല്‍ അലബാമയിലെ കാര്‍ഷക കുടുംബത്തിലായിരുന്നു ജനനം. രണ്ടു ലോകയുദ്ധങ്ങള്‍ക്കും ഇവര്‍ സാക്ഷ്യം വഹിച്ചു. ഇവരുടെ പിതാമഹന്‍മാര്‍ അടിമകളായിരുന്നു. കറുത്തവര്‍ഗക്കാര്‍ക്കായുള്ള സ്‌കൂളിലായിരുന്നു സൂസന്റെ പ്രാഥമിക വിദ്യാഭ്യാസം. ഏറെ നേരം ഉറങ്ങുന്നതാണ് തന്റെ ദീര്‍ഘായുസിന് കാരണമെന്ന് സൂസന്ന പറയുമായിരുന്നു. 11 മക്കളുണ്ട് ഇവര്‍ക്ക്.

സൂസന്നയുടെ മരണത്തോടെ ഇറ്റലിയിലെ എമ്മ മൊറാനോ ആണ് ഇനി ലോകത്ത് ഏറ്റവും പ്രായംകൂടിയ വ്യക്തി. സൂസന്നയേക്കാള്‍ അല്‍പ്പം പ്രായക്കുറവ് മാത്രമേ ഇവര്‍ക്കുള്ളൂ. 19 ആം നൂറ്റാണ്ടിൽ ജനിച്ച ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണിനി ഇവർ .”ഞാൻ സ്കൂൾ വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ജോലിക്ക് പോയി.ഞാൻ പാടുമായിരുന്നു. എന്റെ ശബ്ദം മനോഹരമായിരുന്നു “, 116 വർഷത്തെ ജീവിതത്തെ ചുരുക്കി അവർ ഇങ്ങനെ അവതരിപ്പിക്കുന്നു.

122-ാം വയസില്‍ അന്തരിച്ച ഫ്രഞ്ചുകാരി ജീന്‍ കാല്‍മെന്റ് ആണ് ലോകത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തി. 1997 ലായിരുന്നു ഇവരുടെ അന്ത്യം.