കറുത്ത ഭൂഖണ്ഡത്തില്‍ വെളുത്തുപോയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നവര്‍

single-img
13 May 2016

22dce4ac1e594b32a702834d8765ef81_18

 

 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യമായ മാലാവിയില്‍ ആല്‍ബിനോരോഗികള്‍ പകല്‍ പുറത്തിറങ്ങാറേയില്ല. ഇറങ്ങിയാല്‍ത്തന്നെ പാത്തും പതുങ്ങിയും മാത്രമേ സഞ്ചരിക്കൂ. കാരണം എവിടെ നിന്നാണ് ഒരു കൊലക്കത്തി അവര്‍ക്കുനേരെ നീണ്ടു വരുന്നതെന്നറിയില്ലല്ലോ.
ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രമായ മാലാവിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 65 ആല്‍ബിനോകളാണ് കൊല്ലപ്പെട്ടത്. ഇവിടെ ദിനംപ്രതി ആല്‍ബിനോകള്‍ എവിടെയെന്നറിയാതെ അപ്രത്യക്ഷരാകുന്നു. തെളിവുകള്‍ പോലും ബാക്കിവെയ്ക്കാതെയാണ് ഓരോ ആല്‍ബിനോകളും ഇല്ലാതാക്കപ്പെടുന്നത്.

 

 
ത്വക്കിന് നിറം നല്‍കുന്ന വര്‍ണവസ്തുവായ മെലാനിന്റെ കുറവു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ആല്‍ബിനിസം. മെലാനിന്റെ അഭാവത്താല്‍ രോഗിയുടെ ശരീരമാകെ, കണ്‍പീലികളും തലമുടിയും പോലും കാലക്രമേണ വെളുത്തുപോകുന്നു. വെളിച്ചത്തിനു നേരെ നോക്കുവാനും ഇവര്‍ക്കു ബുദ്ധിമുട്ടാണ്.
അന്ധവിശ്വാസങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച മാലാവിയില്‍ ആല്‍ബിനോകളുടെ ശരീരാവയവങ്ങള്‍ക്ക് കരിഞ്ചന്തകളില്‍ വന്‍വിലയാണ്. ആല്‍ബിനോകളുടെ ശരീരത്തിന് മാന്ത്രികശക്തിയുള്ളതിനാല്‍ അവരുടെ ശരീരഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് സമ്പത്ത് കൈവരുമെന്നാണ് ഇവിടത്തെ ദുര്‍മന്ത്രവാദികളുടെ കണ്ടുപിടിത്തം. കടുത്ത ദാരിദ്ര്യവും അജ്ഞതയുമാണ് ആളുകളെ ഇത്തരമൊരു അന്ധവിശ്വാസത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് യു.എന്‍.-ന്റെ ആല്‍ബിനോ സംരക്ഷണവിഭാഗം അഭിപ്രായപ്പെടുന്നത്.

 

773655559a484a848b645c22dda2bff8_18

മാലാവിയിലെ ആല്‍ബിനോകളുടെ ഈ ദാരുണാവസ്ഥ അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലും ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഭയത്തിന്റെ നിഴലില്‍ത്തന്നെയാണ് ഇപ്പോഴും ഇവരുടെ ജീവിതം. 16.5 മില്യണ്‍ ജനസംഖ്യയുള്ള മാലാവിയില്‍ 10000 ലധികം ആല്‍ബിനോ രോഗികള്‍ ഉണ്ടെന്നാണ് ആംനെസ്റ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പലപ്പോഴും കൊടുംദാരിദ്ര്യത്തില്‍ പണത്തിന്റെ പ്രലോഭനത്തില്‍ മയങ്ങി ആല്‍ബിനോ രോഗിയായ സ്വന്തം കുഞ്ഞിനെപ്പോലും മാതാപിതാക്കള്‍ കൊല്ലാന്‍ വിട്ടുകൊടുക്കുന്നു.

 

 

മരിച്ച് 15 വര്‍ഷംകഴിഞ്ഞിട്ടും ആല്‍ബിനോകളുടെ മൃതശരീരാവശിടങ്ങള്‍ മോഷ്ടിക്കപ്പെടുന്നു. മരണഭീതിയില്‍ ഒതുങ്ങിക്കൂടിയും ആക്രമണം നേരിട്ടും അവശേഷിക്കുന്നവരില്‍ ചിലര്‍ വിഷാദരോഗികളോ കടുത്ത മാനസികരോഗികളോ ആയി ജീവിതം കഴിച്ചു കൂട്ടുന്നു. ആല്‍ബിനോകളായ കുട്ടികളെ വീട്ടിലിരുത്തി തൊഴിലിനു പോകാന്‍ മാതാപിതാക്കള്‍ക്കു സാധിക്കുന്നില്ല. കണ്ണൊന്നു തെറ്റിയാല്‍ റാഞ്ചാന്‍ വന്‍മാഫിയകളാണ് കഴുകന്‍കണ്ണുമായി ഇവര്‍ക്കു ചുറ്റും വട്ടമിട്ടുപറക്കുന്നത്.

 

 

തട്ടിക്കൊണ്ടുപോയാല്‍ നുറുക്കപ്പെടാന്‍ നിമിഷനേരം മതി.
ആല്‍ബിനിസം ലോകത്തെല്ലായിടത്തുമുള്ള അവസ്ഥയാണെന്ന് യു.എന്‍. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വികസിത രാജ്യങ്ങളില്‍ പതിനേഴായിരത്തില്‍ ഒരാള്‍ക്ക് ഈ അവസ്ഥ വരുമ്പോള്‍ ആഫിക്ക പോലുള്ള ദരിദ്ര ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളില്‍ ഇത് അയ്യായിരത്തിലോ ആയിരത്തിലോ ഒരാള്‍ എന്ന കണക്കായിരിക്കും. മാലാവിയില്‍ മാത്രമല്ല മറ്റ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ താന്‍സാനിയ, കെനിയ, ബുറുണ്ടി എന്നിവിടങ്ങളിലും ആല്‍ബിനോകള്‍ക്ക് ഇതേ അവസ്ഥ നേരിടേണ്ടി വരുന്നുവെങ്കിലും മാലാവിയിലാണ് ആശങ്കാജനകമായ അവസ്ഥ നിലനില്‍ക്കുന്നത്.