വാട്ടർ തീം പാർക്കിൽ അപകടം :ഒരു മരണം

കിഷ്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലെ ഡിസ്കോ ഡാന്‍സര്‍ റൈഡിന്റെ ട്രയല്‍ റണ്ണിനിടെ അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മണി എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ഒമ്പത് പേര് ചികിത്സയിലാണ്. രണ്ട് തവണ ചുറ്റി വന്ന റൈഡ് മൂന്നാം തവണ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് പരിക്കേറ്റവരില്‍ ഒരാള്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ക്ക് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാര്‍ക്കിലെ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരീക്ഷണ പറക്കലിനിടെ ഡിസ്കോ ഡാന്‍സ് റൈഡിന്റെ കോച്ചുകള്‍ തമ്മില്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 15 അടി ഉയരത്തിലാണ് അപകടം നടന്നത്. പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട റൈഡാണ് ഡിസ്ക്കോ ഡാന്‍സര്‍. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് റൈഡിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.പുതുക്കിപണിതതിന് ശേഷം നടന്ന ആദ്യ ട്രയല്‍ റണ്ണിനിടെയാണ് അപകടം.അപകടകാരണം വ്യക്തമായിട്ടില്ല. ഇതേതുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.