1284 ഗ്രഹങ്ങൾ കൂടി ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണത്തിൽ:ഭൗമസമാന ഗ്രഹങ്ങൾ 21.

സൗരയൂഥത്തിന് പുറത്ത് 1284 പുതിയ ഗ്രഹങ്ങളെക്കൂടി ശാസ്ത്രലോകം കണ്ടെത്തി. ഇതില്‍ ഒമ്പതെണ്ണം ജലസാന്നിധ്യത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളില്‍ ഭ്രമണം ചെയ്യുന്നവയാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ കണിക തേടുന്ന ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടെത്തലുകള്‍.
ഇതോടെ 3264 ഗ്രഹങ്ങളെ സൗരയൂഥത്തിന് പുറത്ത് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കായി. ഭൂമിയെപ്പോലെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഗ്രഹങ്ങളെത്തേടുന്ന നാസയുടെ കെപ്ലര്‍ ടെലിസ്‌കോപ്പിലൂടെയാണ് ഇവയിലേറെയും കണ്ടെത്തിയിട്ടുള്ളത്.
നക്ഷത്രങ്ങളെക്കാള്‍ കൂടുതല്‍ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാമെന്ന സാധ്യതയാണ് ഈ കണ്ടെത്തല്‍ തുറന്നിടുന്നതെന്ന് നാസയിലെ ആസ്‌ട്രോഫിസിക്‌സ് ഡിവിഷന്‍ ഡയറക്ടര്‍ പോള്‍ ഹര്‍ട്‌സ് പറഞ്ഞു. പ്രപഞ്ചത്തില്‍ ജീവജാലങ്ങളുള്ള ഗ്രഹം ഭൂമി മാത്രമാണോ എന്ന കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് വേഗം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളില്‍ 550 എണ്ണത്തില്‍ ഭൂമിയിലേതുപോലെ ഉറച്ച പാറക്കെട്ടുകളുണ്ട്. ഒമ്പതെണ്ണം ഭൂമിയുടേതിന് സമാനമായ രീതിയില്‍ അതത് നക്ഷത്രങ്ങളില്‍നിന്ന് ശരിയായ അകലത്തിലാണ് ഭ്രമണം ചെയ്യുന്നത്. ഇത് ഈ ഗ്രഹങ്ങളില്‍ ജലസാന്നിധ്യത്തിന് കാരണമായേക്കാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.ജീവന് നിലനില്‍ക്കാന്‍ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെയാണ് ഗവേഷകര്‍ തേടുന്നത്. ഇത്തരം സാഹചര്യമുള്ള ഒമ്പത് പുതിയ ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയതോടെ, ഭൗമ സമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുടെ ആകെ എണ്ണം 21 ആയി.
ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതുമായ നൂറിലധികം ഗ്രഹങ്ങളുണ്ടെന്ന് നാസ ചീഫ് സയന്‍റിസ്റ്റ് എലന്‍ സ്റ്റിഫാന്‍ പറഞ്ഞു. ‘നമ്മെപ്പോലെതന്നെ പുറത്താരോ ഉണ്ടെന്ന പ്രതീക്ഷക്ക് ആക്കംകൂട്ടുന്നതാണ് ഈ കണ്ടത്തെല്‍. നാം പുതിയൊരു ഭൂമിയെ കണ്ടത്തെുകതന്നെ ചെയ്യും’ -അദ്ദേഹം പറഞ്ഞു. പുതിയ കണ്ടത്തെലുകളുടെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം നാസ പുറത്തുവിട്ടു.
ആകാശഗംഗയില്‍ മാത്രം 1000 കോടി ഭൂസമാന ഗ്രഹങ്ങളുണ്ടാകാമെന്ന് കെപ്ളര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഡോ. നെതാലി ബതാല്‍ഹ പറഞ്ഞു. ആകാശഗംഗയിലെ 24 ശതമാനം നക്ഷത്രങ്ങളെയും ഗ്രഹങ്ങള്‍ ചുറ്റുന്നുണ്ട്. ഒരുപക്ഷേ, കേവലം 11 പ്രകാശവര്‍ഷം അകലെ മറ്റൊരു ജീവഭൂമിയുണ്ടാകാന്‍ സാധ്യതയുള്ളതായും കെപ്ളര്‍ നേട്ടങ്ങള്‍ വിശദീകരിക്കവെ അവര്‍ പറഞ്ഞു.
രണ്ട് ഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് എലന്‍ സ്റ്റിഫാന്‍ വ്യക്തമാക്കി. ഇതിനുമുമ്പ്, ഹാബിറ്റബ്ള്‍ സോണിലുള്ള മറ്റു രണ്ട് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ഈ നാലു ഗ്രഹങ്ങളില്‍ കൂടുതല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കാനാണ് നാസയുടെ പദ്ധതി. അടുത്തവര്‍ഷം ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നിരീക്ഷണം സാധ്യമാക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ് നാസ വിക്ഷേപിക്കുന്നുണ്ട്.ഇതുകൂടി പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ഗ്രഹാന്തര ജീവനുവേണ്ടിയുള്ള അന്വേഷണം കൂടുതല്‍ സജീവമാകുമെന്നാണ് കരുതുന്നത്. 2009ലാണ് കെപ്ളര്‍ ദൂരദര്‍ശിനി വിക്ഷേപിച്ചത്. ഇതിനകം 4000ത്തിലധികം സൗരേതര ഗ്രഹങ്ങളെ കെപ്ളര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്