തലൈക്കൂത്തല്‍; കശാപ്പുശാലയില്‍ തലകുനിക്കുന്ന വാര്‍ധക്യം

single-img
10 May 2016
Image Courtesy:theweek|Salil Bera

Image Courtesy:theweek|Salil Bera

 

ഇത് 97 വയസുള്ള ശീനിയമ്മ.. രണ്ട് തവണ മരണത്തിന്റെ പിടിയില്‍ നിന്നും വഴുതിമാറിയ അമ്മ. 10 ഉറക്കഗുളികകള്‍ ഒരുമിച്ചു നല്‍കിയിട്ടും ആ കണ്ണുകളെ എന്നെന്നേക്കുമായി അടപ്പിക്കുവാന്‍ കഴിഞ്ഞില്ല. ജീവനു പകരം കാഴ്ചയും ശബ്ദവും നല്‍കേണ്ടിവന്നു ഈ അമ്മയ്ക്ക്. ഏതു നിമിഷവും മരണം ഏതു രൂപത്തിലും എത്തുമെന്ന് അന്ധയും മൂകയുമായിക്കഴിഞ്ഞ ശീനിയമ്മയ്ക്കറിയാം. ചിലപ്പോള്‍ അത് കീടനാശിനി കലര്‍ത്തിയ ചായയുടെ രൂപത്തിലാകാം, മറ്റു ചിലപ്പോള്‍ പന്നിയെ കൊല്ലാന്‍ കരുതിയ ഗുളികയുടെ രൂപത്തിലാകാം.
92 വയസുള്ള സുബ്ബമ്മയ്ക്ക് പക്ഷേ ശീനിയമ്മയുടെ അത്ര ഇളവ് കിട്ടിയില്ല. രണ്ടു തവണ തലൈക്കൂത്തല്‍ പാളിയപ്പോള്‍ മരണം ഉറപ്പാക്കാന്‍ പാദങ്ങളില്‍ വിഷം കുത്തിവെയ്‌ക്കേണ്ടി വന്നുവത്രേ. വേദനയില്‍ പുളഞ്ഞ സുബ്ബമ്മയുടെ നിലവിളി കേട്ടുവെങ്കിലും, ആ കുടുംബം അവരെക്കൂടി നോക്കാനുള്ള സാമ്പത്തികസ്ഥിതിയിലല്ലായിരുന്നുവെന്ന് ഒരു അയല്‍ക്കാരി ന്യായീകരിക്കുന്നു.
തമിഴ് നാട്ടിലെ വിരുതുനഗര്‍, തേനി, മധുരൈ എന്നിവിടങ്ങളിലെ നിരവധി കുഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന പ്രാകൃതാചാരമാണ് തലൈക്കൂത്തല്‍. ആയുധങ്ങള്‍ യാതൊന്നും ഉപയോഗിക്കാതെ ചോര ചിന്താതെയുള്ള ദയാവധമാണ് തലൈക്കൂത്തല്‍. ഇവിടത്തെ പട്ടിണിപ്പാവങ്ങള്‍ക്കിടയില്‍ വൃദ്ധര്‍ക്ക് മരണം കാത്തു കിടക്കേണ്ടി വരുന്നില്ല. ഇവിടത്തെ പ്രദേശവാസികളുടെ ഭാഷയില്‍പ്പറഞ്ഞാല്‍ വാര്‍ധക്യത്തിന്റെ അവശതകളില്‍ നിന്നുള്ള ഒരു മോക്ഷപ്രാപ്തിയാണ് തലൈക്കൂത്തല്‍. ഈ നൂറ്റാണ്ടിലും ഈ ദയാവധം ഇപ്പോഴും രഹസ്യമായി ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതേക്കുറിച്ച് പഠനം നടത്തുന്ന മദ്രാസ് സര്‍വകലാശാലയിലെ ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പ്രിയംവദയുടെ അഭിപ്രായത്തില്‍ ഇത് തലമുറകളായി തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഒരാചാരമാണ്. ‘മകന്‍ അഛന് തലൈക്കൂത്തല്‍ നടത്തുന്നു, നാളെ മകനും ഇതേ തലൈക്കൂത്തിലൂടെ മരിക്കുന്നു. ഇതു നിയോഗമായി അവര്‍ ആചരിക്കുന്നു.’

 

 

 

അന്‍പതു വയസിനു മുകളില്‍ പ്രായമുള്ള, അവശത അനുഭവിക്കുന്ന വൃദ്ധര്‍ക്ക് ഏതു നിമിഷവും ഈ ദയാവധം പ്രതീക്ഷിക്കാം. തലൈക്കൂത്തലിന് ഏകദേശം 26 വഴികളുണ്ടത്രേ. ഏതു രീതിയിലായാലും മരണം ഉറപ്പാക്കാം. അതിലൊന്നാണ് എണ്ണക്കുളി. പുലര്‍ച്ചെ തന്നെ ഉച്ചിമുതല്‍ കാലു വരെ എണ്ണതേച്ചിട്ട ശേഷം തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുന്നു. അതിനുശേഷം ലിറ്റര്‍ കണക്കിന് കരിക്കിന്‍വെള്ളം കുടിപ്പിക്കുന്നു. മണിക്കൂറുകള്‍ക്കകം കടുത്ത പനി ബാധിച്ച് വൃക്കകള്‍ തകരാറിലായി രോഗി മരിച്ചുകൊള്ളും. തലയില്‍ തണുത്ത വെള്ളം കൊണ്ട് മസാജ് ചെയ്യുന്നതാണ് മറ്റൊരു രീതി. ശരീരതാപനില പൊടുന്നനേ താഴുന്നതോടെ ഹൃദയം സ്തംഭിക്കുന്നു. മറ്റൊരു വഴി മണ്ണ് കുഴച്ച് തീറ്റിക്കുകയെന്നതാണ്. ചിലപ്പോള്‍ ഒരു മുറുക്ക് തൊണ്ടയില്‍ തള്ളിയിറക്കും. തൊണ്ടയില്‍ തടസ്സം നേരിട്ട് ശ്വാസം മുട്ടി മരിക്കാനാണിത്. പന്നിയെകൊല്ലാനുപയോഗിക്കുന്ന ഗുളികകളും സാധാരണമാണ്.

 

തീര്‍ത്തും ദരിദ്രരായവര്‍, വാര്‍ധക്യസഹജമായ അവശത അനുഭവിക്കുന്നവര്‍, അനാഥവൃദ്ധര്‍ ഇവര്‍ക്കാണ് തലൈക്കൂത്തല്‍ നടത്തുന്നത്.
തലൈക്കൂത്തല്‍ നടത്തിക്കൊടുക്കുന്ന ‘വിദഗ്ധര്‍’ തന്നെ ഇവിടെയുണ്ട്. ദരിദ്രകുടുംബങ്ങള്‍ ചിലപ്പോള്‍ കടം വാങ്ങിയാണ് തലൈക്കൂത്തല്‍ നടത്തുന്നത്. വര്‍ഷങ്ങളോളം ഒരു കിടപ്പു രോഗിയെ നോക്കുന്നതിന്റെ അത്ര വരില്ലല്ലോ, 4000-5000 രൂപ കൊടുത്ത് ഈ ചടങ്ങ് നടത്തിക്കുന്നതിന്റെ ചിലവ് എന്നാണ് ഇവരുടെ പക്ഷം. വാര്‍ധക്യത്തിലെ കഷ്ടപ്പാടുകളില്‍ നിന്നും തങ്ങള്‍ അവരെ മോചിപ്പിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം ബന്ധുക്കളെല്ലാവരും ചേര്‍ന്ന് നടത്തിക്കൊടുക്കുന്നതുപോലെ ഒരു ചടങ്ങ് മാത്രമാണ് ഇവിടെ തലൈക്കൂത്തല്‍.എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അഛന്റെ ഉദ്യോഗം ലഭിക്കാനായി തലൈക്കൂത്ത് നടത്തിയ മകനും തേനിയിലുണ്ട്.

 

ഒരു സന്നദ്ധ സംഘടന നടത്തിയ സര്‍വേയില്‍ മാതാപിതാക്കള്‍ക്ക് തലൈക്കൂത്തല്‍ വിധിക്കുന്നതില്‍ 22- 33% ഉം മകനോ മരുമകനോ ആണത്രേ. വോട്ട്ബാങ്കുകളെ ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിലിടപെടാറില്ല. അതുകൊണ്ട്് തന്നെ പൊലീസും കാര്യമായി ഇതിനു ചെവികൊടുക്കാറില്ല. സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടെ സജീവമായി ബോധവത്കരണം നടത്തുന്നതിലൂടെ നിരവധി ദയാവധങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്്. എങ്കിലും അവരുടെ കണ്ണില്‍പ്പെടാതെ ഇരുട്ടറകളില്‍ നിശബ്ദം മരണത്തിന് കീഴടങ്ങുന്ന വൃദ്ധജനങ്ങള്‍ ഇപ്പോഴും ഇവിടങ്ങളിലുണ്ട്. വര്‍ഷം തോറും ഇവിടെ നടക്കുന്ന വാര്‍ധക്യ സഹജമായ മരണങ്ങളില്‍ നല്ലൊരു ശതമാനവും ഇത്തരം ദയാവധങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്. കശാപ്പുശാലയിലെ മൃഗത്തിന്റെ നിസഹായതയോടെ മരണത്തിനു മുന്നില്‍ തലകുനിച്ചുകൊടുക്കുന്ന വൃദ്ധര്‍. മരണത്തിലേക്കുള്ള പാത വലിഞ്ഞു കയറുമ്പോള്‍ ആഞ്ഞൊരു തള്ളല്‍, അത്ര തന്നെ!