നിയമത്തിനും മുകളിലല്ല രാഷ്ട്രപതി:ഉത്തരാഖണ്ഡ് ഹൈക്കോടതി.

single-img
20 April 2016

HARISHRAWAT_Bഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനെതിരെ വിമർശവുമായി വീണ്ടും ഹൈകോടതി. നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് ഇങ്ങനെയൊരു പ്രതികരണം……

രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ കോടതിക്ക് അധികാരമില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ സബ്മിഷന് ഉത്തരമായിട്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രാജാവിന്‍റെ തീരുമാനം പോലെ നിയമത്തിനു മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവ്. പ്രസിഡന്‍റിന്‍റെ അറിവിനെ കുറിച്ച് നമുക്ക് സംശയമില്ല. എന്നാൽ രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കെമെന്ന് കോടതി പറഞ്ഞു.

രാഷ്ട്രപതിയുടെ വിവേകത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ തീരുമാനങ്ങളില്‍ തെറ്റുപറ്റാമെന്നും ഇക്കാര്യം പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. എത്ര ഉന്നതനായാലും നിയമം രാഷ്ട്രപതിക്കും മുകളിലാണെന്നും എല്ലാം നിയമത്തിന്റെ കീഴിലാണെന്ന് ഉറപ്പ് വരുത്തുകയാണെന്നും കോടതി വ്യക്തമാക്കി.

ഒൻപത് ഭരണകക്ഷി എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് ഹരീഷ് റാവത്ത് സർക്കാർ പ്രതിസന്ധിയിലായത്. തുടർന്ന് വിശ്വാസ വോട്ട് നേടാൻ സ്പീക്കർ അനുമതി നൽകിയെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി രണ്ടു ദിവസം ശേഷിക്കെ ഹരീഷ് റാവത്ത് സർക്കാരിനെ ഗവർണർ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ ഹരീഷ് റാവത്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ കോടതി അനുകൂലിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിൻെറ അധികാരങ്ങൾ കേന്ദ്രം കവരുകയാണ്. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കേന്ദ്രത്തിന് ബോധ്യമുണ്ടായിരിക്കില്ല. ബജറ്റിലെ വോട്ടെടുപ്പ് സമയത്ത് സര്‍ക്കാരിനെ 35 എം.എല്‍.എമാര്‍ എതിര്‍ത്തിരുന്നതായി സൂചനയില്ലെന്നും പ്രതിപക്ഷ നേതാവ് അജയ് ഭട്ട് മാത്രമാണ് ഭിന്നത പ്രകടിപ്പിച്ചിരുന്നതെന്നും കോടതി പറഞ്ഞു.