ഗൃഹാതുരത്വമുണര്‍ത്തി തെന്മല ഡാമില്‍ തിരുവനന്തപുരം- ചെങ്കോട്ട പാത തെളിഞ്ഞു

single-img
7 April 2016

DSC7796jpg-2492063_p9

കൊല്ലം ജില്ലയിലെ തെന്മല ഡാം സ്ഥിതി ചെയ്യുന്ന പ്രദേശം കാണാന്‍ ഇപ്പോള്‍ നാട്ടുകാരും വിരുന്നുകാരും തിക്കിത്തിരക്കുകയാണ്. വേനലിന്റെ കാഠിന്യത്തില്‍ ഡാമിലെ ജലം വറ്റുമ്പോള്‍, ഒരുകാലത്ത് ജനങ്ങളുടെ പ്രധാന മാര്‍ഗ്ഗമായിരുന്ന പഴയ തിരുവനന്തപുരം-ചെങ്കോട്ട പാതയും ഇരുവശത്തുമുള്ള ഗ്രാമവും തെളിഞ്ഞുവരികയാണ്. വേനലൊഴിച്ചുള്ള സമയങ്ങളില്‍ ഒരു ഗ്രാമം ഒന്നാകെ ജലത്തിനടിയിലാണിവിടെ.

മുന്നൂറ്റി അമ്പതോളം പേര്‍ വസിച്ചിരുന്ന കളംകുന്നടക്കം അഞ്ചിലേറെ ഗ്രാമങ്ങള്‍ തെന്മല ഡാം കമ്മിഷന്‍ ചെയ്ത 1986 ലാണ് വെള്ളത്തിനടിയിലായത്. ഡാമിന്റെ ആവശ്യത്തിന് വേണ്ടി ഗ്രാമത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്രകാരം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഗ്രാമവാസികളില്‍ പലരും ഇന്നും പഴയ തങ്ങളുടെ സുന്ദരഭൂമിയെ ഒരോര്‍മ്മയായി ഹൃദയത്തില്‍ക്കൊണ്ട് നടക്കുന്നുണ്ട്.

ചെങ്കോട്ടപ്പാത കടന്നുപോയിരുന്നത് ഡാമിനടയിലായ കളംകുന്ന് കവലയ്ക്ക് നടുവിലൂടെയായിരുന്നു. വേനല്‍ കടുത്ത് ഡാമിലെ ജലനിരപ്പ് 109 മീറ്ററിലേക്ക് എത്തിയതോടെ പഴയറോഡിന്റെ അവശിഷ്ടങ്ങള്‍ ദൃശ്യമായിത്തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ കഴിഞ്ഞിരുന്ന വീടുകളും കടകളുമുള്‍പ്പെട്ട പ്രദേശം വെള്ളത്തിനടയില്‍ നിന്നും പൊങ.ങിവരുന്നത് ഇന്നത്തെ തലമുറയ്ക്ക് ഒരു അത്ഭുതം നിറഞ്ഞ കാഴ്ചയാണ്.

തിരുവനന്തപുരം- ചെങ്കോട്ട പാതയിലെ പരപ്പാറിനു കുറുമകയുണ്ടായിരുന്ന പാലവും ഇവിടെ കാണാം. 1970-72 കാലത്ത് പല കുടുംബങ്ങളും വീടുകള്‍പോലും പൊളിച്ചെടുക്കാതെയാണ് ഡാമിനുവേണ്ടി ഗ്രാമം വിട്ടുപോയത്. അതുകൊണ്ടു തന്നെ വീടുകളുടെ അവശിഷ്ടങ്ങളും പഴയ കിണറുകളുമൊക്കെ ഈ വേനല്‍ കാട്ടിത്തരുന്നുമുണ്ട്. നിയപ്രകാരം ഇവിടേക്ക് പ്രവേശനമില്ലെങ്കിലും ആരും കാണാതെ ഒളിച്ചും പാത്തുമൊക്കെ ജനങ്ങള്‍ തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

പച്ചപ്പ് നിറഞ്ഞ പരപ്പാറും വട്ടക്കരിക്കം, മാമൂട്, കൊച്ചു മീന്‍മൂട്, വലിയ മീന്‍മൂട് എന്നി സ്ഥലങ്ങളും ഇന്ന് വെള്ളത്തിനടിയിലാണ്. കളംകുന്ന് കവല വ്യാപാര സ്ഥാനങ്ങളാല്‍ നിറഞ്ഞതായിരുന്നു. ചായക്കാടയും പലചരക്കുകടകളുമായി കളംകുന്ന് ഇന്ന് നാട്ടുകാര്‍ക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. പഴമക്കാരുടെ പതിവുശീലങ്ങളില്‍ ഒന്നായ ആനമാര്‍ക്ക് തീപ്പെട്ടി കമ്പനിയും കളംകുന്ന് കവലയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

വെള്ളം കയറിയെങ്കിലും കളംകുന്നിന്റെ പ്രകൃതി സൗന്ദര്യം പേരു കേട്ടതാണ്. 2009 വരെ തെന്മല ഇക്കോ ടൂറിസത്തിന്റെ ബോട്ട് ലാന്‍ഡുമായിരുന്നു ഈ ഭൂമി. എന്നാല്‍ ഇന്ന് ഇവിടേക്കുള്ള ബോട്ട് സെര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.