ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിസ്മയം കാട്ടി വീണ്ടും യുവരാജ വസന്തം

single-img
1 February 2016

Yuvraj

വാഴുന്നവന്‍ എല്ലാക്കാലവും വാഴില്ല, വീഴുന്നവന്‍ എന്നും വീണും കിടക്കില്ല- അതാണ് ക്രിക്കറ്റ് എന്ന ഗെയിം. ഇന്ന് രാജാവായവന്‍ നാളെ ചിലപ്പോള്‍ ആര്‍ക്കും വേണ്ടാത്തവനാകാം. ഇന്ന് ആര്‍ക്കും വേണ്ടാത്തവന്‍ നാളെ രാജാവായി ജനകോടികളുടെ ആരാധനാമൂര്‍ത്തിയുമാകാം. ക്രിക്കറ്റ് എന്ന ഗെയിമില്‍ ഇതെല്ലാം സര്‍വ്വസാധാരണം. അങ്ങനെയല്ലായിരുന്നെങ്കില്‍ ഒരുവര്‍ഷം മുമ്പ് നിറഞ്ഞ കണ്ണുകളോടെ താനും കൂടി ഭാഗമായിരുന്ന ടീം ഇന്ത്യയെ ലോകകപ്പിന് യാത്രയാക്കിയ യുവ്‌രാജ് സിംഗ് എന്ന ക്രിക്കറ്റര്‍ ഇന്ന് ഓസ്‌ട്രേലിയയില്‍ നിന്നും അവരെ വൈറ്റ്‌വാഷ് ചെയ്ത് തിരിച്ചുവരുന്ന ഇന്ത്യന്‍ടീമിന്റെ അപ്പോസ്തലനാകില്ലായിരുന്നു.

മിന്നുന്ന പ്രകടനത്തോടെ 130 വര്‍ഷത്തെ ചരിത്രം തിരുത്തിയ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നിന്നത് അന്ന് തള്ളിക്കളഞ്ഞ യുവ്‌രാജായിരുന്നു എന്നത് വിരോധാഭാസമായിരിക്കാം. പക്ഷേ സത്യം അതാണ്. അവസാന ഡ്വന്റി-20 മത്സരത്തിലെ അവസാന ഓവറില്‍ 2014 ലോകകപ്പ് സെമി ആവര്‍ത്തിക്കുകയാണോയെന്ന് കാണികള്‍ ഭയപ്പെടഖ്ടു തുടങ്ങിയ അവസരത്തില്‍ തനതായ ബാറ്റിംഗ് ശൈലിയിലൂടെ ുഓസ്‌ട്രേലിയയുടെ ചങ്ക് കീറിമുറിച്ച് യുവ്‌രാജ് വിളിച്ചു പറഞ്ഞു: തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല.

സത്യത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട യുവരാജിനെയാണ് അദ്ദേഹത്തിന്റെ ആദ്യ പത്ത് പന്തുകള്‍ നേരിട്ടപ്പോള്‍ ഗ്രൗണ്ടില്‍ കാണാന്‍ കഴിഞ്ഞതെന്നുള്ളതാണ് സത്യം. അതുകണ്ടുകൊണ്ടാകണം, കമന്റെറി ബോക്‌സില്‍ നിന്നും ‘സിംഗ് ഈസ് ട്രബിള്‍’ എന്ന വാക്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നത്. ഉറച്ച വിജയം റണ്ണെടുക്കാന്‍ കഴിയാതെ കൈവിടുമെന്ന അവസ്ഥയില്‍ ഇന്ത്യക്കാരായ കാണികളുടെ മുഖത്ത് നിരാശ പടര്‍ന്നുതുടങ്ങിയ നിമിഷംകൂടിയായിരുന്നു അത്. ബാറ്റ് ചെയ്യാന്‍ തയ്യാറായി പവലിയനിലിരിക്കുന്ന ക്യാപ്റ്റന്‍ ധോണിയുടെ മുഖത്തും ആ നിരാശ പ്രകടമായിരുന്നു.

ഇനി ഒരോവര്‍ മാത്രം അവശേഷിക്കുന്നു. വേണ്ടത് 17 റണ്‍സും. തൊട്ടുമുമ്പുള്ള ഓവറില്‍ നേടിയ റണ്‍സ് വെച്ചു നോക്കുമ്പോള്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് സാരം. ആ ഓവറില്‍ വെറും അഞ്ച് റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. റെയ്‌നയെ കാഴ്ചക്കാരനാക്കി നിര്‍ത്തി കഴിഞ്ഞ ഓവറില്‍ റണ്‍ശസടുക്കാന്‍ ബുദ്ധിമുട്ടിയ യുവ്‌രാജ് തന്നെയാണ് ബാറ്റിങ് ക്രീസില്‍. പന്തെറിയാനെത്തുന്നത് ഓസീസ് പുതുമുഖ താരം ആന്‍ഡ്രൂ ടൈയും. മൂന്ന് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത ടൈയെ നിര്‍ണ്ണായക ഓവറില്‍ പ്രവര്‍ത്തിക്കുമെന്ന ഉറപ്പോടെയാണെന്നു തോന്നുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പന്ത് ഏല്‍പ്പിച്ചത്.

നിരാശയെന്ന വികാരത്ിന് ക്ഷണങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളുവെന്ന സിദ്ധാന്തം അടിവരയിട്ടുകൊണ്ട് ടൈയുടെ ആദ്യ പന്ത് ലെഗ് സൈഡിലൂടെ മൂളി പറന്ന് ബൗണ്ടറി തൊട്ടു. കാണികള്‍ ഒന്നടങ്കം എഴുന്നേറ്റുപോയി. വര്‍ദ്ധിത വീര്യത്തോടെ രണ്ടാം പന്തെറിഞ്ഞ ടൈയെ ആകാശത്തിലേക്ക് ഉയര്‍ത്തി ഗ്രൗണ്ടിന് വെളിയില്‍ കളഞ്ഞ് യുവ്‌രാജ് തന്റെ തിരിച്ചുവരവ് അറിയിച്ചു. ഒടുവില്‍ ആര്‍ത്തിരമ്പുന്ന ജനസാഗരത്തിനു മുന്നില്‍ ഓസ്‌ട്രേലിയന്‍ വധത്തിന്റെ അവസാന ചടങ്ങുകളും നിര്‍വ്വഹിച്ച് യുവ്‌രാജും റെയ്‌നയും ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു.

അര്‍ബുദമെന്ന മഹാരോഗത്തെപ്പോലും തോല്‍പ്പിച്ച യുവ്‌രാജ് സിംഗ് എന്ന തോല്‍ക്കാനിഷ്ടപ്പെടാത്ത ക്രിക്കറ്ററുടെ മറ്റൊരു തിരിച്ചുവരവായിരുന്നു അത്.