പുത്തൻ പ്രതീക്ഷകൾ നൽകി കേരളത്തിന്റെ ടൂറിസം മേഖല; ടൂറിസം വകുപ്പ് ഡയറക്ടർ ശ്രീ ഷെയിക്ക് പരീദ് ഐ.എ.എസ് ‘ഇ-വാർത്ത’യോട് സംസാരിക്കുന്നു…

single-img
13 January 2016

MSP_0324നമ്മുടെ കൊച്ചുകേരളത്തിന് വിനോദസഞ്ചാരരംഗത്ത് വലിയ സ്ഥാനമാണുള്ളത്. ഇന്ത്യയിൽ തന്നെ കേരളണമാണ് ആദ്യമായി ടൂറിസത്തെ വ്യാവസായികമായ കാഴ്ചയാക്കിയത്. തീർഥാടന ടൂറിസം, ഇക്കോടൂറിസം എന്നെല്ലാം കേരളത്തിൽ കേള്‍ക്കാം. സർക്കാറും ടൂറിസത്തിനു വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. പ്രകൃതിസുന്ദരങ്ങളായ എല്ലായിടവും കമനീയമായി വിനോദസഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിന്റെ ടൂറിസം മേഖലയിലുള്ള പുത്തൻ സാധ്യതകളേയും മറ്റും സംബന്ധിച്ച് കേരള ടൂറിസം വകുപ്പ് ഡയറക്ടർ ശ്രീ ഷെയിക്ക് പരീദ് ഐ.എ.എസ് ‘ഇ-വാർത്ത’യോട് സംസാരിക്കുന്നു…

കേരളത്തിൽ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾ, വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ എന്തോകെയാണ്?

കേരളത്തിന്റെ പ്രധാന ആകർഷണം എന്നത് പ്രകൃതിസൗന്ദര്യം തന്നെയാണ്. കായലുകൾ, വനമേഖലകൾ, ബീച്ചുകൾ തുടങ്ങിയ പ്രദേശങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്താണ് ഇതുവരെ ടൂറിസം മേഖല വളർത്തിയത്. എന്നാൽ ഇപ്പോൾ ഇതിനുപുറമെ മറ്റ് പല സാധ്യതകളും കൂടി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. അതിൽ ആദ്യമായിട്ട് ടൂറിസം ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് പ്രോഗ്രാം എന്നതാണ്. അതായത് സഞ്ചാരികൾക്ക് എത്തിച്ചേരേണ്ടയിടങ്ങൾ പ്രോത്സാഹിപ്പിക്കുക. വെഡ്ഡിങ് ഡെസ്റ്റിനേഷൻ സ്ഥലങ്ങൾ, ആയൂർവേദ ചികിത്സാ കേന്ദ്രങ്ങൾ, അഡ്വെഞ്ച്വർ ടൂറിസം സ്ഥലങ്ങൾ തുടങ്ങിയ ഈ പദ്ധതിയിൽ വരുന്നു. കൂടാതെ കേരളത്തിലെ സിനിമാ ലോക്കേഷനുകളെ പ്രചരിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. അതിനായി കേരളത്തിലെ പ്രധാനപ്പെട്ട ഇരുപത് സിനിമാ ലൊക്കേഷനുകൾ ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നുണ്ട്. അതിന്റെ ചിത്രീകരണം നടക്കുകയാണ്.

സഞ്ചാരികൾക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ?

കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്കായുള്ള താമസസൗകര്യം, യാത്ര, ഹൗസ്ബോട്ടുകൾ തുടങ്ങിയ സേവനങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു. കൂടാതെ കേരള സർക്കാർ അംഗീകാരമുള്ള വിനോദ സഞ്ചാരയിടങ്ങൾ തെരെഞ്ഞെടുക്കണമെന്ന് സഞ്ചാരികൾക്ക് നിർദ്ദേശം നൽകുന്നുമുണ്ട്.

ഇതിനുപുറമെ സഞ്ചാരികളെ സഹായിക്കുന്നതിനായി കൂടുതൽ ഗൈഡുകളെ നിയമിച്ചിട്ടുണ്ട്. ഇതിനുമുൻപ് കേന്ദ്ര സർക്കാർ നിയമിക്കുന്ന അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ലൈസൻസ് ഉള്ള ഗൈഡുകൾക്ക് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ആ നിയമത്തിലിപ്പോൾ ഭേതഗതി വരുത്തിയിട്ടുള്ളതിനാൽ ടൂറിസം വകുപ്പ് തന്നെ മുൻകൈയ്യെടുത്ത് ഗൈഡുകളെ നിയമിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന സഞ്ചാരികൾക്ക് കേരളത്തിൽ ഗൃഹാതുലത്വം അനുഭവപ്പെടുന്നതിനായി ഗൈഡുകൾക്ക് വിവിധ ഭാഷകൾ പരിശീലിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ്, ചൈനീസ്, റഷ്യൻ, ജർമൻ, ജാപ്പനീസ് എന്നീ ഭാഷകൾ സംസാരിക്കുന്ന സഞ്ചാരികളാണ് ഇവിടേക്ക് കുടുതലും വരുന്നത്. അതിനാൽ തെരെഞ്ഞെടുത്ത പത്ത് ഗൈഡുകൾക്ക് ഈ ഭാഷകൾ പരിശീലിപ്പിക്കുന്നുണ്ട്.

ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സവിശേഷതകൾ. അത് ടൂറിസം വികസിപ്പിക്കുന്നതിന് എത്രത്തോളം സഹായകമാകുന്നു?

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണം കിട്ടത്തക്കവിധത്തിൽ ഷോപ്പിംഗ്‌ ഫെസ്റ്റിവലിനെ കൂടുതൽ ജനകീയവൽക്കരിക്കാനാണ്‌  ശ്രമിച്ചിരിക്കുന്നത്‌. കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലയ്‌ക്കും ഷോപ്പിങ് മേള ഏറെ സഹായകരമാകും.

വാണിജ്യ മേഖലയേയും ടൂറിസം മേഖലയേയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യവും ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനുണ്ട്. വിനോദ സഞ്ചാരികളെകൂടി കണക്കിലെടുത്താണ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ-ജാനുവരി മാസങ്ങളിൽ ക്രമീകരിച്ചിരിക്കുന്നത്, കാരണം ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ വരുന്ന കാലമാണ് ഡിസംബർ മാസം. കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങുന്നത് വഴി സഞ്ചാരികൾക്ക് ഒരു ഷോപ്പിങ് കവാടം തുറന്ന് നൽകുന്നു ജി.കെ.എസ്.എഫ്.

MSP_0350ടൂറിസം മാപ്പിൽ ഇടംനേടാത്ത, സഞ്ചാരത്തിന് സാധ്യതകളുള്ള അധികം ആർക്കും അറിയാത്ത നിരവധി മനോഹരമായ സ്ഥലങ്ങൾ കേരളത്തിലുണ്ട്. അത്തരം സ്ഥലങ്ങളിലും ടൂറിസം സാധ്യമാക്കുന്നതിന് എന്തെങ്കിലും പദ്ധതികൾ മുന്നോട്ട് വയ്ക്കുന്നുണ്ടോ?

തീർച്ചയായും അത്തരത്തിൽ നിരവധി പ്രദേശങ്ങൾ കേരളത്തിലുണ്ട്. ഒരുപക്ഷേ കേരളീയർക്ക് പോലും അറിയാത്ത സ്ഥലങ്ങൾ. ഗവിയൊക്കെ ഇപ്പോഴാണ് പലരും അറിഞ്ഞുതുടങ്ങിയത് തന്നെ. അത്തരം സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുക്കളായി പ്രഖ്യാപിക്കുക എന്നതാണ് ആദ്യമായി ചെയ്യുന്നത്. അതത് ജില്ലകളിലെ ഇത്തരം സ്ഥലങ്ങളെ കുറിച്ചുള്ള പ്രത്യേകതകളും ടൂറിസം സാധ്യതകളും ഉൾപ്പെടുത്തികൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനായി ജില്ല ടൂറിസം പ്രൊമോട്ടിങ് ഓഫീസർ, ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ, ജില്ല കളക്ടർ പോലുള്ള അതത് ജില്ലകളിലെ അധികാരികൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പഠിച്ച ശേഷം പര്യാപ്തമായ സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുകളായി പ്രഖ്യാപിക്കാൻ പദ്ധതിയുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ടൂറിസം മേഖലയിൽ കൈവരിച്ച മുഖ്യ നേട്ടങ്ങൾ എന്തൊക്കെയാണ്?

കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവിൽ പ്രതിവർഷം ശരാശരി ഒൻപത് ശതമാനം വളർച്ച എല്ലാ വർഷങ്ങളിലും ഉണ്ടാകുന്നുണ്ട്. അത് അതേപോലെ നിലനിർത്തികൊണ്ട് പോകുന്നു. തെരുവ്നായ്ക്കളുടെയും മറ്റും പ്രശ്നങ്ങൽ വെച്ച് ചില ദുഷ്പ്രചരണങ്ങൾ നടന്നത് കാരണം താത്കാലികമായി ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നാൽ അവയെല്ലാം അതിജീവിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.

വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയും തീവ്രവാദ പ്രവർത്തനങ്ങളും കാരണം സുരക്ഷ ഒരു പ്രശ്നമാകുന്നുണ്ട്. സഞ്ചാരികളുടെ വരവിൽ അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ?

ഇല്ല. തീവ്രവാദമെന്ന്‌ പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിൽ ഭീതിപരത്തുന്ന ഒരു സാഹചര്യം ചിലർ സ്വീകരിച്ചിട്ടുണ്ട്‌. എങ്കിലും മറ്റ്‌ സംസ്ഥാനങ്ങളിൽ ഉള്ളതുപോലുള്ള ഒരു അവസ്ഥ ഇന്ന്‌ കേരളത്തിൽ നിലനിൽക്കുന്നില്ല. അതിനാൽ ടൂറിസത്തെയോ നിക്ഷേപത്തെയോ ഇതുവരെ ബാധിച്ചിട്ടില്ല. കൂടാതെ ലോകത്ത് ശാന്തമായ സ്ഥലങ്ങളിൽ മുൻപന്തിയിലാണ് എന്ന സൽപ്പേരു കേരളത്തിനുണ്ട്. അതിനാൽ കേരളത്തിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കുന്നത് വളരെ അത്യാവശ്യമാണ്.

ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ടോ?

അതെ ബാധിച്ചിട്ടുണ്ട്, എങ്കിലും അത്ര വലിയതോതിൽ ഉണ്ടായിട്ടില്ല. മറ്റ് ലോകരാജ്യങ്ങളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വിശേഷാൽ കേരളത്തിൽ പൊതുവെ ചിലവ് വളരെ കുറവാണ്. അതിനാൽ സഞ്ചാരികൾ കേരളത്തെ തെരെഞ്ഞെടുക്കുന്നു. കൂടാതെ ഇന്ത്യക്ക്‌ അകത്തുനിന്നും ടൂറിസ്റ്റുകളെ കേരളത്തിലേക്ക്‌ എത്തിക്കുന്നതിനും കേരളത്തിന്‌ അകത്തുള്ള സഞ്ചാരികളെ ഇവിടെത്തന്നെയുള്ള ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലേക്ക്‌ ആകർഷിക്കുന്നതിനും നമുക്ക്‌ സാധിച്ചത് ആഗോള മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങൽ തരണം ചെയ്യാൻ ഏറെ സഹായകമായി.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റർനെറ്റ്, നവമാധ്യമങ്ങൾ പോലുള്ളവ എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ട്?

ഇന്നത്തെ കാലത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ എത്തിച്ചേരാൻ ഏറ്റവും ഏളുപ്പമാർഗം ഇന്റർനെറ്റാണ്. അത് വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നു. ടൂറിസം വകുപ്പ്‌ ആരംഭിച്ച വെബ്‌സൈറ്റിലൂടെ ലോകത്ത്‌ എവിടെനിന്നും സഞ്ചാരികൾക്ക്‌ നേരിട്ട്‌ കേരളത്തിലെ ഹോട്ടലുകളിൾ മുറികൾ ബുക്ക്‌ ചെയ്യാനാകും. സഞ്ചാരികൾക്ക്‌ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച്‌ സെർച്ച്‌ ചെയ്‌ത്‌ മനസിലാക്കുന്നതിനും നമ്മുടെ ഡെസ്റ്റിനേഷനുകളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്‌.

കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി ടൂറിസം പ്രചരണ പരിപാടികൾ ചെയ്യുന്നുണ്ട്. ഏറ്റവും പുതിയതായി അമേരിക്കയിൽ ഒരു സംരംഭം ആരംഭിച്ചു. കേരളത്തിലെ പ്രധാന ഡെസ്റ്റിനേഷനുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. അതിൽ നിന്നും ഏറ്റവും നല്ല സ്ഥലങ്ങൾ തെരെഞ്ഞെടുക്കുകയും അതിനെ കുറിച്ച് മികച്ച രീതിയിൽ എഴുതുകയും ചെയ്യുന്ന ആളുകളെ അവിടേക്ക് എത്തിക്കും. അവർക്കൊപ്പം മാധ്യമപ്രവർത്തകരേയും അയക്കുന്നു. അത്തരത്തിൽ വിദേശ സഞ്ചാരികളുടെ അനുഭവം വീഡിയോ ഷോയാക്കി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യും. അതുവഴി ലോകമെമ്പാടും കേരളത്തിലെ സ്ഥലങ്ങൾ പ്രസിദ്ധമാകുന്നതിന് ഈ സംരംഭം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതികൾ പലതും നടപ്പിലാക്കുന്നതിൽ വളരെയധികം കാലതാമസം നേരിടുന്നുണ്ട്. അതിനുള്ള പ്രധാന കാരണങ്ങൾ?

കേരളത്തിലെ ടൂറിസം മേഖല കൂടുതലും തീരദേശ പ്രദേശങ്ങലും വനമേഖലയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ തന്നെ അവയുമായൊക്കെ ബന്ധപ്പെട്ട വികസനങ്ങൾക്ക് അതത് വകുപ്പുകളിൽ നിന്നുമുള്ള അനുമതിക്കും മറ്റ് നടപടിക്രമങ്ങൾക്കും കാലതാമസം എടുക്കുന്നു. ഇതിനുപുറമെ വിനോദസഞ്ചാര പ്രദേശങ്ങളെല്ലാം തന്നെ പരിസ്ഥിതി സൗഹാർദമായ നിലയിൽ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്, അതിന് ജനപങ്കാളിത്തം അഭിവാജ്യ ഘടകമാണ്. അത് പ്രായോഗികമാക്കുന്നതിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു.