പോളിഷ് ആരാദകന്റെ ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമാക്കി മോഹന്‍ലാല്‍

single-img
16 December 2015

mohanlal_8

പോളിഷ് ആരാദകന്റെ ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമാക്കി മോഹന്‍ലാല്‍. തന്നെ കാണാന്‍ പോളണ്ടില്‍ നിന്നെത്തിയ ആരാധകന്‍ ബര്‍ത്തോഷ് ഷര്‍നോട്ടിന്റെ മുന്നില്‍ നിറചിരിയോടെ മോഹന്‍ലാല്‍ നിന്നു. കുശലാന്വേഷണത്തിന് ശേഷം ഫോട്ടോയ്ക്കും പോസ് ചെയ്തു. ബര്‍ത്തോഷിന്റെ സ്വപനം സാക്ഷാത്കരിച്ചത് തിരുവനന്തപുരത്ത് വെച്ചായിരുന്നു.  സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ പോളണ്ട് സ്വദേശി  ഒരാഴ്ചയായി കൊച്ചിയിലെത്തിയിട്ട്.

ബര്‍ത്തോഷ് തന്റെ പ്രിയ താരത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവദാന സൗഹൃദ ക്യാംപസ് പ്രഖ്യാപനചടങ്ങിലെത്തിയതിനിടെയാണ് മോഹന്‍ലാല്‍ ബര്‍ത്തോഷിനെ കാണാനായി സമയം കണ്ടെത്തിയത്. വീല്‍ച്ചെയറില്‍ എത്തിയ ആരാധകന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് ലാല്‍ സംസാരിച്ചത്.തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്വഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ച്ചെയറിന്റെ സഹായത്താലാണ് സഞ്ചരിക്കുന്നത്.

പോളണ്ടിലുള്ള ആരാധകരന്റെ കാര്യം മോഹന്‍ലാലിനും നേരത്തെ അറിയാമായിരുന്നു.  ചെന്നൈയില്‍ വെച്ച് മോഹന്‍ലാലിനെ കാണാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ചെന്നൈ പ്രളയം കാരണം നടന്നില്ല. പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് ബ്ലോഗുകളും ലേഖനങ്ങളും എഴുതാറുമുണ്ട് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ബര്‍ത്തോഷ്. മോഹന്‍ലാലിനെക്കുറിച്ച് വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയതും ബര്‍ത്തോഷാണ്.