സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തികളെ കൊല്ലുന്നവര്‍ക്കും വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കും പിടി വീഴുന്നു

single-img
4 December 2015

social-media-icons

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലിലൂടെ ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവരേയും അത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവരേയും കുടുക്കാന്‍ ഹൈടെക്‌സെല്ലും സൈബര്‍സെല്ലും ഒരുങ്ങി. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി നടപടിയെടുക്കുമെന്നും വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കുമെന്നും ഹൈടെക്‌സ്‌സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് എന്‍. വിനയകുമാര്‍ വ്യക്തമാക്കി.

നിരവധി സെലിബ്രിറ്റികളെ സമൂഹമാധ്യമങ്ങളിലൂടെ കൊലചെയ്തുവെങ്കിലും മിക്ക കേസുകളിലും പരാതികളില്ലാത്തതിനാല്‍ നടപടിയെടുത്തിരുന്നില്ല. കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ പരാതികളും സജീവമായ സാഹചര്യത്തിലാണ് പോലീസ് വലവിരിക്കാന്‍ തീരുമാനിച്ചത്.
ജീവിച്ചിരിക്കുന്ന പ്രശസ്തരായ പലരും മരിച്ചെന്ന തലരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പുംവഴിയാണ് കൂടുതലായി പ്രചരിക്കുന്നത്. വാര്‍ത്തകള്‍ സത്യമാണെന്നു കരുതി പലരും അനുശോചനം വരെ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ വ്യാജമായുണ്ടാക്കിയ ലിങ്ക് സഹിതംപരാതി നല്‍കിയാല്‍ ഇവ ഷെയര്‍ ചെയ്തവരേയും ലൈക്ക് ചെയ്തവരേയും മുഴുവനായി കണ്ടെത്താന്‍ സാധിക്കും. വ്യാജവാര്‍ത്തയുണ്ടാക്കിയ വ്യക്തിക്കു പുറമേ ഇതു സൃഷ്ടിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍ സിസ്റ്റവും കസ്റ്റഡിയിലെടുക്കും.

ഐ.പി.സി. സെക്ഷന്‍ 500, ഐ.ടി. ആക്ട് 66 ഇ, 66 ഡി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കുറ്റവാളികള്‍ക്കെതിരെ കേസെടുക്കും. മൂന്നുവര്‍ഷംവരെ തടവും ഒരുലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണത്. വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കു പുറമേ ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും ഇത്തരം വ്യാജ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരേയും മേല്‍പറഞ്ഞ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതാണ്. വ്യാജവാര്‍ത്തകള്‍ സൃഷ്ടാക്കുന്നതോടൊപ്പം അവ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് സൈബര്‍സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നടന്‍ ജഗതിശ്രീകുമാര്‍ മരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്താചാനലിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കും ചേര്‍ത്താണ് ജഗതിയുടെ മരണവാര്‍ത്ത സൃഷ്ടിച്ചത്. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിമിഷങ്ങള്‍ക്കൊണ്ടാണ് വാര്‍ത്ത വൈറലായി പരന്നത്.
ഇതിനെതിരെ ജഗതിയുടെ മകന്‍ രാജ്കുമാര്‍ നല്‍കിയ പരാതിയില്‍ അധികൃതര്‍ നടപടിയെടുക്കുകയും മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം നടന്‍ മാമുക്കോയ മരിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നടന്‍ സലീംകുമാര്‍, നടി കനക, നടന്‍ ജിഷ്ണു, സംവിധായകന്‍ ബോബന്‍ സാമുവല്‍ തുടങ്ങി നിരവധി താരങ്ങളെയാണ് ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊന്നത്.