ലോകമെങ്ങുമുള്ള ദുരിതബാധിതരായ കുട്ടികള്‍ക്ക് നാലുകൊല്ലംകൊണ്ട് യുഎഇ നല്‍കിയത് 200 കോടി ദിര്‍ഹം

single-img
20 November 2015

AR-309109803

ദുബായ്: ലോകമെങ്ങുമുള്ള ദുരിതബാധിതരായ കുട്ടികളുടെ ക്ഷേമത്തിനായി നാലുവര്‍ഷത്തിനിടെ യുഎഇ നല്‍കിയത് 200 കോടി ദിര്‍ഹത്തിലേറെ ധനസഹായം . യുദ്ധമേഖലയില്‍ നിന്നു കുട്ടികളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം, ചികില്‍സ തുടങ്ങിയവ ഉറപ്പുവരുത്താനും വിപുലമായ പദ്ധതികളാണ് നടത്തിവരുന്നതെന്നും മധ്യപൂര്‍വദേശത്തെ ഉള്‍പ്പെടെ കുട്ടികളുടെ ക്ഷേമത്തിനായി ഒട്ടേറെ കാര്യങ്ങള്‍ യുഎഇ ചെയ്യുന്നുണ്ടെന്നും രാജ്യാന്തര സഹകരണ–വികസന മന്ത്രി ഷെയ്ഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി അറിയിച്ചു.

2010 മുതല്‍ 2014 വര്‍ഷം വരെ സിറിയയിലെ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കു നല്‍കിയ സഹായത്തിന്റെ കണക്കാണിത്. 35 രാജ്യങ്ങളിലെ ഒരുകോടി കുട്ടികള്‍ക്കു സഹായമെത്തിക്കാന്‍ ദുബായ് കെയേഴ്‌സിനു മാത്രം കഴിഞ്ഞു. വികസ്വര രാഷ്ട്രങ്ങളിലാണ് പദ്ധതികള്‍ മുഖ്യമായും കേന്ദ്രീകരിക്കുന്നത്. ഗള്‍ഫ് മേഖലയ്ക്കു പുറമേ ഗാസ, ബോസ്‌നിയ, അഗാനിസ്ഥാന്‍ തുടങ്ങിയയിടങ്ങളിലും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുട്ടികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്.

അഭയാര്‍ഥികളായിത്തീരുന്ന കുട്ടികള്‍ സായുധസംഘടനകളുടെ പിടിയില്‍ അകപ്പെട്ട് തീവ്രവാദത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്ന ഗുരുതരമായ സാഹചര്യത്തിലാണ് യുഎഇടെ ഇടപെടല്‍. പഠിക്കുകയും വാല്‍സല്യം അനുഭവിക്കുകയും ചെയ്യേണ്ട പ്രായത്തില്‍ തോക്കും സ്‌ഫോടകവസ്തുക്കളും കൈകാര്യം ചെയ്യേണ്ടിവരുന്നു. കുരുന്നുകളുടെ ജീവനും ഭാവിയുമാണ് ഇങ്ങനെ ഹോമിക്കപ്പെടുന്നത്. സംഘര്‍ഷബാധിത മേഖലയില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിനുവരെ ഇരയാകുന്നതായി രാജ്യാന്തര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.