കരിങ്ങോഴയ്ക്കല്‍ മാണി മാണിയെന്ന കേരള രാഷ്ട്രീയത്തിന്റെ 51 വര്‍ഷ ചരിത്രത്തിന്റെ ഉടമ; ഒടുവില്‍ നാണംകെട്ട് പടിയിറക്കം

single-img
11 November 2015

mani-viglance

1933 ജനുവരി 30ന് കോട്ടയം പാലായ്ക്കടുത്ത് മരങ്ങാട്ടുപിള്ളിയില്‍ ജനനം. അച്ഛന്‍ തോമസ് മാണി അമ്മ ഏലിയാമ്മ, മുഴുവന്‍ പേരു കരിങ്ങോഴയ്ക്കല്‍ മാണി മാണി അഥവ കെ.എം മാണി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവ്, വളരെ ചുരുക്കം വരുന്ന പരിചയസമ്പന്നരായ ജനപ്രതിനിധികളില്‍ പ്രമുഖന്‍, കെ.എം. മാണി.

വക്കീല്‍പ്പണിയായിരുന്നു മാണി തന്റെ പ്രവര്‍ത്തനമേഖലയായി ആദ്യം തെരെഞ്ഞെടുത്തത്. എന്നാല്‍ മനസ്സിന്റെ ഉള്ളില്‍ എവിടെയോ ഒരു പൊതുപ്രവര്‍ത്തകന്‍ ഉറങ്ങിക്കിടന്നിരുന്നു. ബി.എ പഠനത്തിന് ശേഷം മദ്രാസ് ലോ കോളേജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ മാണി പിന്നീട് നാട്ടില്‍ തിരിച്ചെത്തി വക്കീല്‍ പരിശീലനം തുടങ്ങി. ആദ്യം കോഴിക്കോട്ടായിരുന്നു പ്രാക്ടീസ് പിന്നീട് പാലായില്‍ തന്നെ സ്ഥാനം ഉറപ്പിച്ചു. വക്കീല്‍പ്പണിയില്‍ പേരെടുത്ത മാണി അധികം വൈകാതെ രാഷ്ട്രീയത്തിലേക്കും ചുവട് വെപ്പ് നടത്തി. മാത്തച്ചന്‍ കുരിവിനാകുന്നേല്‍ കോട്ടയം ഡി.സി.സി പ്രസിഡന്റായപ്പോള്‍ മാണിയെ സെക്രട്ടറി സ്ഥാനം ഏല്‍പ്പിച്ചു.

അക്കാലത്തായിരുന്നു കോണ്‍ഗ്രസ്സിന്റെ കരുത്താനായ നേതാവ് പി.ടി.ചാക്കോയുടെ മരണം. ചാക്കോയുടെ മരണത്തോടെ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ പരന്നുതുടങ്ങി. അങ്ങനെ 1964 ഒക്ടോബര്‍ എട്ടിന് കോണ്‍ഗ്രസ്സ് പാര്‍ട്ടി പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് രൂപംകൊണ്ടു. കെ.എം.ജോര്‍ജ്ജ് ആദ്യ ചെയര്‍മാനും മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ആദ്യ ജനറല്‍ സെക്രട്ടറിയുമായി. 1965 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലാ മണ്ഡലത്തിലേക്ക് കെ.എം മാണിയെ സ്ഥാനാര്‍ത്ഥിയാക്കി വിജയിക്കുകയും ചെയ്തു. അന്നുതൊട്ട് ഇന്നുവരെ പാലാ മാണിയ്ക്ക് സ്വന്തമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം കേരളത്തിലെ ഒരു മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന നേതാവായി മാണി മാറി. പന്ത്രണ്ട് തവണയായി 51 വര്‍ഷമാണ് കെ.എം മാണി പാലായുടെ എം.എല്‍.എ ആയിരുന്നത്.

1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് മന്ത്രിയായി മാണിയുടെ കന്നിയങ്കം തുടങ്ങുന്നത്. അന്ന് ധനകാര്യമായിരുന്നു മാണിയ്ക്ക് കിട്ടിയിരുന്നത്. ധനവകുപ്പിനോടുള്ള ഭ്രമം അന്ന് തുടങ്ങിയതാണ്. കൂടാതെ മറ്റ് പല വകുപ്പുകളും മാണി കൈകാര്യം ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ കെ.എം.മാണി ആഭ്യന്തര മന്ത്രിയായി. ആ സമയം മാണി കേരള കോണ്‍ഗ്രസ്സിന്റെ ചെയര്‍മാനുമായി. അടിയന്തരാവസ്ഥകാലത്തെ രാജന്‍ വധകേസിന്റെ പേരില്‍ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ എ.കെ.ആന്റണി പകരം മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെയായിരുന്നു ആഭ്യന്തരമന്ത്രി. പിന്നീട് പാലായിലെ തിരഞ്ഞെടുപ്പുകേസിനെത്തുടര്‍ന്ന് 1977 ഡിസംബറില്‍ മാണിക്കും മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.

മാണിയ്ക്ക് പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. അധികം വൈകാതെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ സെപ്തംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി. തനിക്കെതിരെ വന്ന ആരോപണങ്ങളും തടസ്സങ്ങളും തന്ത്രപരമായി ഇല്ലാതാക്കി മുന്നേറാന്‍ മാണി എന്നും പ്രാപ്തനായിരുന്നു.

ആഭ്യന്തരം, ധനകാര്യം, നിയമം, റവന്യൂ, വൈദ്യുതി തുടങ്ങി നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ മുന്നില്‍ വന്ന തടസ്സങ്ങളെല്ലാം തരണം ചെയ്ത് മുന്നേറിയിട്ടുള്ള ചരിത്രമാണ് കെ.എം. മാണിയുടേത്. മന്ത്രിപദത്തില്‍ ഇരുന്ന കാലങ്ങളിലും നിരവധി ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തന്റെ വരുതിയിലാക്കാന്‍ മാണിയ്ക്ക് കഴിഞ്ഞിരുന്നു എന്നതാണ് സത്യം. ജനങ്ങളേയും പാര്‍ട്ടിയേയും ഒരുപോലെ ഞെട്ടിച്ച് മാണി വിജയഗാഥ രചിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇത്തവണ മാണി സാറിന് പിഴച്ചു എന്ന് തന്നെ പറയേണ്ടി വരും.

എതിരാളികളെ നിഷ്പ്രഭമാക്കുന്ന മാണിയുടെ വാക്ക്ചാതുര്യവും പ്രാഗല്‍ഭ്യവും ബാര്‍ക്കോഴ കേസിന്റെ കാര്യത്തില്‍ ഫലപ്രദമായില്ല എന്നതാണ് വാസ്തവം. കെ.എം മാണിയുടെ വീഴ്ച ജനഹിതത്തിനുള്ള അംഗീകാരമായാണ് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. അത് ഒരു തരത്തില്‍ നേരാണ്, ഈ പ്രശ്‌നത്തില്‍ കുടുങ്ങിയാണ് തദ്ദേശ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് നിലം പതിച്ചത്. ഇത് വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാനാണ് മാണിയെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ ഏറിയത്. എങ്കിലും മാണിയുടെ കേരളാ കോണ്‍ഗ്രസ്സ് യു.ഡി.എഫിലെ ശക്തമായ മുന്നണിയെന്ന കാര്യത്തില്‍ സംശയമില്ല, അതിനാല്‍ മാണിയെ യു.ഡി.എഫിന് തള്ളിക്കളയാനുമാവില്ല.