ഓള്‍ സ്റ്റാര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സേവാഗ് 22 പന്തില്‍ നിന്നും 55 റണ്‍സ് നേടിയെങ്കിലും സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് വോണ്‍ വാരിയേഴ്‌സിനു മുന്നില്‍ തോറ്റു

single-img
8 November 2015

Sachin's-Blasters

ഓള്‍ സ്റ്റാര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സേവാഗ് 22 പന്തില്‍ നിന്നും 55 റണ്‍സ് നേടിയെങ്കിലും സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് വോണ്‍ വാരിയേഴ്‌സിനു മുന്നില്‍ തോറ്റു. പഴയകാല സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടിയ മല്‍സരത്തില്‍ വോണ്‍സ് വാരിയേഴ്‌സ് 6 വിക്കറ്റിനാണ് വിജയിച്ചത്. സൂപ്പര്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 26 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. സച്ചിന്‍സ് ബ്ലാസ്റ്റേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയപ്പോള്‍ വോണ്‍സ് വാരിയേഴ്‌സ് 17.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി സച്ചിന്‍, ലാറ, ലക്ഷ്മണ്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വോണാണ് കളിയിലെ കേമന്‍.

സച്ചിന്‍സ് ബ്ലാസ്റ്റേഴ്‌സില്‍ 22 പന്തില്‍ ആറു സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 55 റണ്‍സ് നേടിയ സേവാഗ് നിറഞ്ഞാടി. ജയവര്‍ധനെ (18), ഹൂപ്പര്‍ (11), പൊള്ളോക്ക് (11) എന്നിവര്‍ സച്ചിനും സേവാഗിനും ശേഷം രണ്ടക്കം കടന്നുള്ളു. ഷെയ്ന്‍ വോണിന് പുറമെ ആന്‍ഡ്രൂ സൈമണ്ട്‌സും മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്‌സിന് തുടക്കത്തില്‍തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റിക്കി പോണ്ടിങ്ങിന്റെയും കുമാര്‍ സംഗക്കാരയുടെയും ഇന്നിങ്‌സുകളിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പോണ്ടിങ് പുറത്താകാതെ 48 റണ്‍സും സംഗക്കാര 41 റണ്‍സുമെടുത്തിരുന്നു.