രണ്ടു വയസ്സുകാരി സൈന ഓര്‍മ്മയായി, മൂന്നു കുട്ടികള്‍ക്ക് പുതുജീവിതം പകര്‍ന്ന്

single-img
18 October 2015

Saina

രണ്ടു വയസ്സുകാരി സൈന ഈ ലോകത്തോടു വിട പറഞ്ഞത് മൂന്നു കുട്ടികള്‍ക്ക് പുതുജീവിതം പകര്‍ന്നു നല്‍കിയ ശേഷം. മസ്തിഷ്‌കാഘാതം മൂലം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച സൈനയുടെ രണ്ടു വൃക്കകള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രണ്ടു കുട്ടികള്‍ക്കും ഹൃദയ വാല്‍വ് ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷനില്‍ ചികില്‍സയിലുള്ള കുട്ടിക്കുമാണ് പുതു ജീവിതം സമ്മാനിച്ചത്.

തൃശൂരിലെ പീച്ചി ദിവ്യഹൃദയ ആശ്രമത്തിലെ അന്തേവാസിയായിരുന്ന സൈനയെ കഴിഞ്ഞ 10നാണ് വയറിളക്കവും ഛര്‍ദിയും കാരണം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മസ്തിഷ്‌കാഘാതമെന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് ഴസൈനയെ എത്തിക്കുകയായിരുന്നു.

പക്ഷേ വെള്ളിയാഴ്ച ഉച്ചയോടെ സൈനയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്നു ഡോക്ടര്‍മാര്‍ സൈനയുടെ രക്ഷകര്‍ത്താവായ ആശ്രമം ഡയറക്ടര്‍ ഫാ.ജോര്‍ജ് കണ്ണംപ്ലാക്കത്തുമായി സംസാരിക്കുകയും അദ്ദേഹം സൈനയുടെ മാതാപിതാക്കളുമായി സംരിച്ച് കുഞ്ഞു സൈനയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടികളുടെ അവയവങ്ങള്‍ കുട്ടികളില്‍ മാത്രമേ വച്ചുപിടിപ്പിക്കാന്‍ സാധിക്കുവെന്നതിനാല്‍ സംസ്ഥാനത്ത് അന്വേഷണം നടത്തിയെങ്കിലും സ്വീകര്‍ത്താവിശന കണ്ടുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തുടര്‍ന്നു തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ദാതാക്കളെ കണ്ടെത്തുകയുമായിരുന്നു.

ഹൃദയവും വൃക്കകളും വെള്ളിയാഴ്ച രാത്രി എട്ടോടെ നെടുമ്പാശേരി വിമാനത്താവളം വഴി ചെന്നൈയിലേക്കു കൊണ്ടുപോയി. ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ നില മെച്ചമാണെന്നും അവയവങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്നും ചെന്നൈയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു. അമൃത ആശുപത്രിയിലെ ഡോ. എസ്. സുധീന്ദ്രന്‍, ഡോ. ബി. ദിനേശ്, ഡോ. എന്‍. രാമചന്ദ്ര മേനോന്‍, ഡോ. ജി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരാണ് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പങ്കാളിയായത്.