മാലിന്യക്കോട്ടയില്‍ നിന്നും വിശ്രമകേന്ദ്രത്തിലേക്ക്; മറ്റൊരു തോമസ് ഐസക് വെളിപ്പെടുത്തല്‍

single-img
12 October 2015

12140102_1193169640699175_1405178375144272269_o

മാസങ്ങള്‍ക്ക് മുമ്പ് മാലിന്യങ്ങള്‍കൊണ്ട് മൂടി, മൂക്കുപൊത്തി മാത്രം സഞ്ചരിക്കാന്‍ കഴിയുമായിരുന്ന തിരുവനന്തപുരം മ്യൂസിയം റോഡിന്റെ അരിക് ഇന്ന് ആരും കൊതിക്കുന്ന വിശ്രമകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. രണ്ട് മാസം മുമ്പ് രൂപം നല്‍കിയ ഏതാനും ഐ ടി പ്രോഫഷനലുകള്‍ , കാര്യവട്ടത്ത് നിന്ന് എം എസ് ഡബ്ലിയു വിദ്യാര്‍ത്ഥികള്‍, കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന RAYS എന്ന രബഗൂപ്പിന്റെ രശമഫലമായാണ് ഈ മാറ്റമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.

തോമസ് ഐസകിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏതാനും മാസം മുന്‍പ് വരെ മ്യൂസിയത്തിന്‍റെ പടിഞ്ഞാറെവശത്ത് താഴെക്കുള്ള റോഡേ ഉണ്ടായിരുന്ന ചവറുകൂന ആണ് ആദ്യ ചിത്രങ്ങളില്‍ . നിശാഗന്ധിയിലെയും മ്യുസിയം റോഡിലെയും മാലിന്യം മുഴുവന്‍ ഇവിടെ ആണ് കുന്നു കൂടിയിരുന്നത് . ഇപ്പോഴുള്ള ചിത്രവും നിങ്ങള്‍ക്ക് കാണാം . ജൈവ മാലിന്യം മുഴുവന്‍ നീക്കം ചെയ്തു . മറ്റുള്ളവ അവിടെ ലാന്‍ഡ്‌ സ്കേപ്പ് ചെയ്തു ചെടികള്‍ നട്ടിരിക്കുന്നു. അവിടെ വീണു കിടന്നിരുന്ന ഒരു മരം മുറിച്ചു ഇരിപ്പിടങ്ങള്‍ ആക്കി മാറ്റിയിരിക്കുന്നു. പുറകിലെ മതിലില്‍ ചിത്രപ്പണികള്‍ ഇനി വരാന്‍ ഉണ്ട് ഈ മാറ്റത്തിന് നേതൃത്വം നല്‍കിയ ചെറുപ്പക്കരോടൊപ്പം ആണ് ഞാന്‍ നില്‍ക്കുന്നത് . ഏതാനും ഐ ടി പ്രോഫഷനലുകള്‍ , കാര്യവട്ടത്ത് നിന്ന് എം എസ് ഡബ്ലിയു വിദ്യാര്‍ത്ഥികള്‍, കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും, ചേര്‍ന്നതാണീ ഗ്രൂപ്പ് . ഐ ടി പ്രൊഫഷനല്‍ ആയ അരുണ്‍ ആണ് മുഖ്യ സംഘാടകന്‍ . RAYS എന്നാണ് ഏതാനും മാസം മുന്‍പ് രൂപം കണ്ട ഈ സംഘത്തിന്റെ പേര് .
യാദൃശ്ചികമായിട്ടാണ് ഞാന്‍ ഇവരെ കണ്ടു മുട്ടിയത് . ഒക്ടോബര്‍ 1 ന്‍റെ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപന യോഗം നടക്കുമ്പോള്‍ നടപടികള്‍ കൌതുകപൂര്‍വ്വം വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു ചെറുസംഘം ചെറുപ്പക്കാരെ എന്‍റെ ശ്രദ്ധയില്‍ പെട്ടൂ. ആരേ എങ്ങിനെ ബന്ധപ്പെടണം എന്ന് ചിന്തിച്ചു നില്‍ക്കുന്നതായി എനിക്ക് തോന്നി . എന്‍റെ ഊഹം തെറ്റിയില്ല
ഇവര്‍ മൂന്ന് പ്രോജെക്ട്കള്‍ ആണ് എടുത്തിട്ടുള്ളത് . ഒന്നാമത്തേത് കളേഴ്സ് ടൂ ലൈഫ് ആണ് . നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി ഡിപ്പാര്‍ട്ട്മെന്റ് മായി ബന്ധപ്പെട്ട് സഹായങ്ങള്‍ എത്തിക്കുകയാണ് . ധനസഹായം നല്‍കുന്നവരുടെ പേരില്‍ തന്നെ രോഗികള്‍ക്ക് സഹായം നല്‍കും . രോഗികളുടെ വിവരങ്ങള്‍ അവരെ അറിയിക്കും . ആവശ്യമെങ്കില്‍ രോഗികളെ നേരിട്ട ബന്ധപ്പെടാനും സൗകര്യം ഒരുക്കും. ഇതിനകം 17 രോഗികള്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കുകയുണ്ടായി . കാമ്പസില്‍ സംരംഭകത്വം വികസിപ്പിക്കാന്‍ ഉള്ള പരിപാടി ആണ് രണ്ടാമത്തെ പ്രൊജക്റ്റ്‌ . മൂന്നാമത്തേത് ആണ് നഗര പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ . ഇതിലെ പൈലറ്റ് പ്രൊജക്ടിനെ കുറിച്ചാണ് ഞാന്‍ ആദ്യം വിവരിച്ചത് .
ഈ പരീക്ഷണം മറ്റ് കേന്ദ്രങ്ങളിലേക്ക് എങ്ങനെ വ്യാപിപ്പിക്കാം , എവിടെ നിന്ന് ധനസഹായം കിട്ടും , ഇതായിരുന്നു ഞങ്ങള്‍ വട്ടം വളഞ്ഞിരുന്നു ചര്‍ച്ച ചെയ്തത് . എന്‍റെ നിര്‍ദ്ദേശം ഇതായിരുന്നു . നഗരത്തില്‍ ഒരു 25 കേന്ദ്രങ്ങള്‍ കണ്ടു പിടിക്കുക . ഓരോന്നിന്റെയും സൌന്ദര്യവല്‍ക്കരണത്തിന് മൈക്രോ പ്ലാന്‍ ഉണ്ടാക്കുക . തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുതിയ കോര്‍പ്പറെഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസം ഉണ്ടാവേണ്ടതില്ല
ഇങ്ങനെ ഒട്ടനവധി ചെറു ഗ്രൂപ്പുകള്‍ സ്വയം സന്നദ്ധരായി ഉണ്ട് . ഇവരെ ആകെ കോര്‍ത്തിണക്കാന്‍ കഴിഞ്ഞാല്‍ വിസ്മയകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആവും.

ഇവരെ ബന്ധപ്പെടുവാന്‍: അരുണ്‍ ബാബു (80862 84841) , ബബിത (93880 66721)