നെഹ്റുവും ബോസും: രണ്ട് ഇതിഹാസങ്ങളുടെ സമാന്തരജീവിതം.

single-img
23 September 2015

12036901_740307122747691_7465116981726002272_nജവഹര്‍ലാല്‍ നെഹ്റുവും സുഭാഷ് ചന്ദ്ര ബോസും: സംഭവബഹുലവും സങ്കീര്‍ണ്ണവുമായിരുന്നു ആ ജീവിതങ്ങള്‍. എട്ട് വര്‍ഷത്തിന്‍റെ വ്യത്യാസത്തില്‍ നെഹ്‌റു അലഹാബാദിലും ബോസ് കട്ടക്കിലും ജനിച്ചു. മെച്ചപെട്ട ജീവിതസാഹചര്യങ്ങള്‍ മുന്നിലുണ്ടായിട്ടും അത് തേടിപ്പോകാതെ സ്വതന്ത്രസമരത്തിന്‍റെ തീച്ചൂളയിലേക്ക് സ്വയം എടുത്തെറിഞ്ഞവരാണ് രണ്ടുപേരും. പൂര്‍ണ്ണ സ്വതന്ത്രത്തിന് വേണ്ടിയുള്ള സന്ധിയില്ലാസമരം സമരം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ കോണ്‍ഗ്രസിനെ നയിച്ച ഈ നേതാക്കൾക്ക് ഇടതുചിന്താധാരയോടായിരുന്നു ആഭിമുഖ്യം. എന്നാൽ ആ ചിന്താധരയെ വ്യത്യസ്തമായി വ്യാഖ്യാനിച്ച് നിലപാടിന്റെ രണ്ട് വിരുദ്ധധ്രുവങ്ങളിലാണ് നെഹ്റുവും ബോസും എത്തിച്ചേര്‍ന്നത്.

BL12_OP_IIT_5_1205648fഒരേ പ്രസ്ഥാനത്തിനകത്ത് പിറന്ന നാടിന്‍റെ സ്വതന്ത്രമെന്ന ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നെഹ്റുവും സുഭാഷ്‌ ചന്ദ്ര ബോസും പ്രവര്‍ത്തിച്ചിരുന്നതെങ്കിലും രാഷ്ട്രീയവീക്ഷണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. വീക്ഷണത്തിന്റെ ആ വിരുദ്ധധ്രുവങ്ങളിരുന്നുകൊണ്ട് തന്നെ പരസ്പര ബഹുമാനത്തോടെയും‍ വിശ്വാസത്തോടെയും തന്താങ്ങളുടെ ശരികള്‍ക്ക് വേണ്ടി അവർ വാദിച്ചു, നീണ്ട കത്തുകളെഴുതി, നേരിട്ട് സംഭാഷണങ്ങളിലേര്‍പ്പെട്ടു, പരസ്പരം വിമര്‍ശിച്ചു, തെറ്റുതിരുത്താന്‍ ആവശ്യപെട്ടു. ഇത്തരത്തില്‍ കാഴ്ച്ചപ്പാടിന്‍റെ വിദൂരതയിലിക്കുമ്പോഴും പരസ്പ വിശ്വാസത്തിന്‍റെയും സഹോദരതുല്യമായ ഒരു സൌഹാര്‍ദ്ദത്തിന്‍റെയും ഒരു മനസ്സടുപ്പം ബോസിനും നെഹ്റുവിനും ഇടയിലുണ്ടായിരുന്നു എന്നതാണ് അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ പ്രത്യേകത.

Nehru-Boseനെഹ്റുവും ബോസും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്‍റെ ആ പ്രത്യേകത വസ്തുതകളുടെ ശക്തമായ പിന്‍ബലത്തോടെ നമുക്ക് പറഞ്ഞുതരികയാണ് രുദ്രാങ്ങ്ഷു മുഖര്‍ജി ”നെഹ്‌റുവും ബോസും: സമാന്തര ജീവിതങ്ങള്‍” എന്ന പുസ്തകത്തിലൂടെ.
അക്കാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ പരസ്പരം കൈമാറിയ കത്തുകളും രേഖകളും വൻതോതിൽ ഉദ്ധരിച്ചുകൊണ്ടാണ് രുദ്രാങ്ങ്ഷു ചരിത്ര രചന പൂർത്തിയാക്കിയിരിക്കുന്നത്.
നെഹ്റുവും ബോസും പരസ്പ്പരം കൈമാറിയ കത്തുകളെയാണ്‌ ആ ബന്ധത്തിന്റെ അഴവും പരപ്പും വിശദീകരിക്കാൻ രുദ്രാങ്ങ്ഷു ഉപയോഗിച്ചിരിക്കുന്നത്‌ എന്നത് അദ്ധേഹത്തിന്റെ പുസ്തകത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.
അങ്ങേയറ്റം കൌതുകകരായിരുന്നു നെഹ്രുവിന്റെയും ബോസിന്റെയും ചില വാക്കുകളും പ്രവർത്തികളും.

തന്‍റെ ആശയങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്നത് നെഹ്‌റുവാണ് എന്ന് മരുമകളോട് പരാതിപറഞ്ഞ ബോസ് തന്‍റെ സന്തതസഹചാരിയായ ആബിദ് ഹസന്‍ സഫരാനിയോട് പറഞ്ഞത് തനിക്ക് രൂക്ഷമായി അഭിപ്രായം പറയാനും തന്‍റെ ചിന്തകള്‍ ഇറക്കിവെക്കാനുമുള്ള ഏക ആശ്രയം നെഹ്‌റു മാത്രമാണ് എന്നാണ്.
ഗാന്ധിജിയുടെ ആശയങ്ങളെയും അതിനെ പിന്തുണയ്ക്കുന്ന നെഹ്റുവിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബോസ് ഇരുപത് പേജ് നീളമുള്ള കത്ത് നെഹ്റുവിനെഴുതി. പതിമൂന്ന്‍ പേജ് നീളത്തില്‍ തന്‍റെ നിലപാട് വിശദീകരിച്ചുകൊണ്ട് നെഹ്‌റു ബോസിന് മറുപടി അയച്ചു.

nehru-and-bossമികച്ച തലച്ചോറുള്ളവാനാണ് നെഹ്‌റു പക്ഷേ ഹൃദയം ഗാന്ധിക്ക് പണയം വെച്ചിരിക്കുകയാണ് എന്ന് കളിയാക്കിയ അതേ സുഭാഷ് ചന്ദ്ര ബോസ് തന്നെയാണ് പിന്നീട് ഐ.എന്‍.എ രൂപീകരിച്ചപ്പോള്‍ അതില്‍ ഒരു റെജിമെന്‍റ്ന് “നെഹ്‌റു” എന്ന് പേരിട്ടത്. ഗാന്ധിജിയെ “രാഷ്ട്രപിതാവ്‌” എന്ന് ആദ്യം വിളിച്ചതും സുഭാഷ്‌ചന്ദ്രബോസാണ് എന്നോര്‍ക്കണം.
ബ്രിട്ടീഷുകാരെ സായുധമായി നേരിടാനുള്ള ബോസിന്‍റെ ശ്രമങ്ങളെ രൂക്ഷമായി നെഹ്‌റു വിമര്‍ശിച്ചു. പക്ഷെപിന്നീട് ബോസിന്‍റെ ഐ.എന്‍.എ അംഗങ്ങളെ യുദ്ധകുറ്റം ആരോപിച്ച് വിചാരണചെയ്യാന്‍ ബ്രിട്ടീഷുകാര്‍ ഒരുങ്ങിയപ്പോള്‍ അതിനെ നേരിടാനായി ഇരുപത്തിയഞ്ച് വര്‍ഷമായി അഴിച്ചുവെച്ചിരുന്ന വക്കീല്‍ കുപ്പായം വീണ്ടും എടുത്തണിഞ്ഞതും അതേ നെഹ്‌റു തന്നെ.

ബോസ് ജര്‍മ്മനിയില്‍ തങ്ങുന്നതിനെയും ഹിറ്റ്ലറുടെ ജൂതവേട്ടയെ വിമര്‍ശിക്കാത്തതിനെയും കണക്കറ്റു വിമര്‍ശിട്ടുണ്ട് നെഹ്‌റു. 1936ല്‍ ബോംബെയില്‍ ഇറങ്ങിയ ബോസിനെ ബ്രിട്ടീഷ് ഗവര്‍മെന്‍റ് ഉടനടി അറസ്റ്റ് ചെയ്യുകയുണ്ടായി. അക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന നെഹ്‌റു അന്ന് ബോസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് “All India Subhash Day’’ പ്രഖ്യാപിച്ചുകൊണ്ടാണ്.
നെഹ്‌റുവിന്‍റെ ഭാര്യ മരണപെട്ടപ്പോള്‍ കൂടെയുണ്ടായിരുന്നതും നെഹ്‌റുവിനെ ആശ്വാസിപ്പിച്ചതും സംസ്ക്കാരച്ചടങ്ങുകള്‍ നോക്കിനടത്തിയതും സുഭാഷ് ചന്ദ്ര ബോസാണ്. 1939ല്‍ സുഭാഷ്‌ ചന്ദ്ര ബോസിന്‍റെ അധ്യക്ഷതക്കെതിരെ പ്രതിഷേധിച്ച് എല്ലാ കോണ്‍ഗ്രസ് കമ്മറ്റിയംഗങ്ങളും രാജിവെച്ചപ്പോള്‍ രാജിവെക്കാതെയിരുന്ന രണ്ട് അംഗങ്ങളില്‍ ഒരാള്‍ നെഹ്‌റുവാണ്, മറ്റെയാള്‍ ബോസിന്‍റെ സഹോദരന്‍ ശരത് ബോസ്.

തന്‍റെ എല്ലാ കത്തുകള്‍ക്കും മറുപടി തന്നിട്ടുള്ള ഏക വ്യക്തി നെഹ്‌റു മാത്രമാണ് എന്നാണ് ബോസ് അവസാനകാലത്ത് കൂടെയുണ്ടായിരുന്ന ആബിദ് ഹസന്‍ സഫരാനിയോട് പറഞ്ഞത്. അച്ചുതണ്ട് ശക്തികളോട് ഐക്യം പുലര്‍ത്തിയിരുന്ന ബോസിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യാതിരിക്കാനും അറസ്റ്റ് ചെയ്‌തപ്പോൾ വിട്ടയക്കാനും ഒരുപാട് കോടതി വ്യവഹാരങ്ങള്‍ നടത്തിയിട്ടുണ്ട് നെഹ്‌റു.

തീര്‍ച്ചയായും നെഹ്റുവും ബോസും തമ്മില്‍ ഭിന്നതകളുണ്ടായിട്ടുണ്ട്. അത് മനസ്സിലല്ല, നിലപാടിലാണ് അവര്‍ തമ്മില്‍ ഭിന്നരായിരുന്നത്.
ഫാസിസത്തോടുള്ള സമീപനത്തില്‍ അവര്‍ ഭിന്നാഭിപ്രായക്കരായിരുന്നു, മരണം വരേ അവര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ജർമ്മനിയിൽ ദീർഘകാലം താമസിക്കുകയും ഇറ്റലിയിൽ
മുസ്സോളിനിയെ അഞ്ചുതവണ കാണുകയും ചെയ്തിട്ടുണ്ട് ബോസ്, നെഹ്‌റു പക്ഷെ മുസ്സോളിനിയെ കാണാൻ വിസമ്മതിക്കുകയാണ്‌ണ്ടായത്‌.
ഗാന്ധിയോടുള്ള സമീപനത്തിലും അവര്‍ വ്യതസ്തരായിരുന്നു. ഗാന്ധിയെ ഒരു പിതാവിനെപ്പോലെ നെഹ്‌റു കണ്ടപ്പോള്‍ ബോസ് ഗാന്ധിയുടെ ആശയങ്ങളെ പലപ്പോഴും പരസ്യമായിതന്നെ നേരിട്ടു.

നാടിന്‍റെ സ്വതന്ത്രത്തിലേക്കുള്ള മാര്‍ഗ്ഗം എന്ത് എന്ന കാര്യത്തിലും അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യസമുണ്ടായിരുന്നു. നെഹ്‌റു ഗാന്ധിജിയുടെ “അഹിംസ” സ്വതന്ത്രം നേടിത്തരും എന്ന് വിശ്വസിച്ചപ്പോള്‍ ബോസ് “സായുധ”മാര്‍ഗ്ഗത്തിലായിരുന്നു വിശ്വസിച്ചത്.
അങ്ങനെ വീക്ഷണങ്ങളില്‍ ഭിന്നരായിരിക്കുമ്പോള്‍ തന്നെ പരസ്പരം വിശ്വസിക്കാനും സഹോദരതുല്യമായി സ്നേഹിക്കാനും ജവഹര്‍ലാല്‍ നെഹ്റുവിനും സുഭാഷ്‌ ചന്ദ്ര ബോസിനും കഴിഞ്ഞിരുന്നു എന്നതിന് രുദ്രാങ്ങ്ഷു മുഖര്‍ജി ഒരുപാട് തെളിവുകള്‍ ചരിത്രത്തില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്. അതായിരുന്നു ആ ജീവിതങ്ങളുടെ വിശാലതയും ബന്ധങ്ങളുടെ ഉള്‍ക്കരുത്തും. ഇന്ന് അത്തരമൊരു ബന്ധത്തെക്കുറിച്ച്, അവരുടെ ആ യോജിച്ചുകൊണ്ട് വിയോജിക്കലിനെ കുറിച്ച് ഊഹിക്കാന്‍പോലും നമുക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് അവര്‍ ഇതിഹാസങ്ങളുമാകുന്നതും നമ്മള്‍ വെറും മനുഷ്യരാകുന്നതും.

വാൽ: നെഹ്‌റുവിന് ഉപയോഗിക്കാന്‍ വേണ്ടി മാത്രമായി സുഭാഷ്‌ചന്ദ്രബോസിന്‍റെ കല്‍ക്കത്തയിലുള്ള വീട്ടില്‍ ഒരു പ്രത്യേക മുറി ഒരുക്കിയിരുന്നത്രേ. അത് “നെഹ്‌റു റൂം” എന്ന് അറിയപ്പെടുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നെഹ്‌റു അവിടെ ചെല്ലാറും തമസിക്കാറുമുണ്ടായിരുന്നു എന്ന് ബോസിന്‍റെ പൌത്രന്‍ സുഗത ബോസ്.