അങ്ങനെയാണെങ്കില്‍ കെ.പി സഹദേവന്‍ വി.എസിന്റേയും കോടിയേരിയുടേയും മുഖത്ത് നോക്കി വിളിക്കണം, തീവ്രവാദിയെന്ന്

single-img
14 September 2015

munnar-samaram

മൂന്നാറിലെ സ്ത്രീമുന്നേറ്റത്തിന്റെ പൊന്‍തിളക്കമാര്‍ന്ന വിജയം രാഷ്ട്രീയ ലോകത്തെ കപടതയുടെ മുഖംമൂടികെള ചുളുക്കിത്തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് പൊതു സമൂഹവും ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളും വെറുമൊരു സമരമായി തള്ളിക്കളഞ്ഞ നവ മൂന്നാര്‍ മുല്ലപ്പൂ വിപ്ലവം ഇന്ന് സ്ത്രീകരുത്തിന്റെ സംഘടിത വിജയമായി മാറിയപ്പോള്‍ താങ്ങാകേണ്ട തൊഴിലാളി പ്രസ്താനങ്ങള്‍ മെനഞ്ഞെടുത്ത നുണകളുമായി പൊതു സമൂഹത്തെ തേടിയെത്തിയിരിക്കുന്നു. നിലനില്‍പ്പിന് വേണ്ടി ശബ്ദമുയര്‍ത്തിയ പെണ്‍മനസ്സുകളെ പുലഭ്യം പറഞ്ഞും ആ സംഘടിത ശക്തിക്കു മുകളില്‍ തീവ്രവാദത്തിന്റെ ചെളിപുരട്ടി വികൃതമാക്കിയും വീണ്ടും നാണവും മാനവും അറപ്പുമില്ലാതെ സമൂഹത്തിനെനോക്കി പല്ലിളിച്ചുകാട്ടുകയാണ്.

സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറിയായ കെ.പി സഹദേവനാണ് ചെയ്യുന്ന ജോലിക്ക് കൂലിയും മാന്യമായ ജീവിത സാഹചര്യവും ഒരുക്കിത്തരണമെന്ന് മാത്രം ആവശ്യപ്പെട്ട് സാധാരണക്കാര്‍ നടത്തിയ കണ്ണന്‍ദേവന്‍ സമരത്തിനു പിന്നിലെ കറുത്തശക്തികള്‍ തമിഴ് തീരവവാദികളാണെന്ന് കണ്ടെത്തി സമൂഹത്തിന് ചൂണ്ടിക്കാണിച്ചുകൊടുത്തത്. സാധാരണക്കാരന്റെ ജീവിതം തന്റെ കാല്‍ച്ചുവട്ടിലാകണമെന്ന് കരുതുന്ന ഒരു മൂന്നാംകിട രാഷ്ട്രീയ നേതാവിന്റെ ജല്‍പ്പനള്‍ക്കപ്പുറം ഈ ഒരു പ്രസ്ഥാവനയെ ആരും തള്ളാനും കൊള്ളാനും പോകുന്നില്ല. എന്നിരുന്നാലും രാഷ്ട്രീയ നേതൃത്വങ്ങളെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ കൂട്ട് വിളിക്കാതിരുന്നതിന്റെ പ്രതികാരം ഇത്തരത്തില്‍ തീര്‍ക്കണമായിരുന്നോ എന്ന് ഒരു അഖിലേന്ത്യ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവ് ആലോചിക്കേണ്ടതായിരുന്നു.

പണ്ട് ദേവികുളം എം.എല്‍.എ രാജേന്ദ്രന്‍ തൊഴിലാളികളെ വിശേഷിപ്പിച്ച ഒരു തീവ്രവാദ സൂചനയാണ് മൂന്നാറില്‍ ഒരു അപഹാസ്യനായ എം.എല്‍.എയെ സൃഷ്ടിച്ചത്. സ്വന്തം ജനങ്ങളുടെ ആട്ടും തുപ്പുമേറ്റ് അവരുടെ ുന്നില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ കിടക്കുന്നുവെന്ന് പറഞ്ഞ് കിടന്നിട്ടും സ്വന്തം പാര്‍ട്ടി അണികള്‍ പോലുമുണ്ടായിരുന്നില്ല ഈ ജനപ്രതിനിധിയുടെ കൂടെയെന്നുള്ള കാര്യവും ഓര്‍ക്കണം. അതുപോലെ തന്നെയാണ് മറ്റുപാര്‍ട്ടികളിലെ പുരുഷ- വനിതാ നേതാക്കളുടെ കാര്യവും. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ തൊഴിലാളികള്‍ക്കിടയിലെത്തിയിട്ടും കിട്ടയത് തണുപ്പന്‍ പ്രതികരണമാണ്. അതിനെല്ലാം കാരണം ഒന്നു മാത്രമായിരുന്നു. അവര്‍ക്ക് അവരുടെ ലക്ഷ്യം എന്താണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

കെ.പി സഹദേവന്റെ തൊഴിലാളി പ്രസ്ഥാനം അതിന്റെ കടമ ശരിയായ രീതിയില്‍ നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ മുന്നാറിലെ ഈ പാവങ്ങള്‍ ഇങ്ങനെ ഇരിക്കണമായിരുന്നോ എന്ന് സഹദേവന്‍ ചിന്തിക്കണം. അവരുടെ രക്തവും അധ്വാനവും വിയര്‍പ്പും വിളഞ്ഞതിന്റെ പങ്ക് പറ്റുകയും അവരുടെ ജീവിതം ചൂഷണം ചെയ്ത് പാതാളത്തിലേക്ക് തള്ളിയിട്ട് കാണാത്ത മട്ടില്‍ പോകുകയും ചെയ്ത എഎല്ലാ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കുമുള്ള മറുപടി അവര്‍ നല്‍കി. അത് അവരുടെ ജ്വലിച്ച ചിന്തയില്‍ ഉയര്‍ന്നു വന്നതു തന്നെയായിരുന്നു. അവര്‍ മനുഷ്യ ജീവികള്‍ എന്ന ഗണത്തില്‍പ്പെട്ടവരാകയാല്‍ ഇനിയും ആ കോപത്തെ അടക്കിക്കെട്ടി വെയ്ക്കാനും അവരുടെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാടാക്കാനും അവര്‍ തയ്യാറല്ലായിരുന്നു. അതിന്റെ ജ്വലനമാണ് മൂന്നാറില്‍ കണ്ടത്. ആ ഒരു ജ്വലിപ്പില്‍ ചാമ്പലായ വിപ്ലവ- സോഷ്യലിസ്റ്റ്- തൊഴിലാളി സംഘടനകള്‍ ഭീകരവാദമെന്ന ‘കളറ് വെള്ള’വുമായി വീണ്ടും കുളം കലക്കാന്‍ വന്നാല്‍ അതിനു മുറുപടിയും അവര്‍ക്കുണ്ടാകും. ഒരു വര്‍ഷത്തിനകത്ത് വരുന്ന രണ്ട് ബാലറ്റിലൂടെ.

അങ്ങനെയാണെങ്കില്‍ തൊഴിലാളി വര്‍ഗ്ഗ നേതാവായി കെ.പി സഹദേവന്‍ ആദ്യം തീവ്രവാദിയെന്ന് വിളിക്കേണ്ടത് തന്റെ തൊണ്ണൂറാം വയസ്സിലും ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ഇടയില്‍ ചെന്നിരുന്ന സ്വന്തം പാര്‍ട്ടിയിലെ ആ കാരണവരെയാണ്. അതിനു ശേഷം അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പോയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേയും. അതിനു പിറകേ വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാന്‍ പോയ രാജേന്ദ്രന്‍ എം.എല്‍.എയേയും പാര്‍ട്ടിയുടെ വനിതാ സഖാക്കളേയും തീവ്രവാദിയെന്ന് വിളിക്കുകയും പറ്റുമെങ്കില്‍ തെളിവ് നല്‍കി പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയും വേണം. അതെല്ലാം കഴിഞ്ഞു മാത്രമേ അന്നന്നത്തെ അന്നത്തിനു വേണ്ടി നിങ്ങള്‍ വഴിയില്‍ മറന്ന മാര്‍ഗ്ഗങ്ങളിലൂടെ ഒരു വ്യവസ്ഥിതിയോട് പടവെട്ടി ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന പാവം മൂന്നാര്‍ മക്കള്‍ തീവ്രവാദികള്‍ ആകുന്നുള്ളൂ.