യമനില്‍ വിമതരുടെ ആക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സൈനികരെ അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു

single-img
11 September 2015

Rahyan

യമനില്‍ ഹൂത്തി വിമതരുടെ ആക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സൈനികരെ അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അബൂദാബി സായിദ് സൈനിക ആശുപത്രിയില്‍ എത്തിയാണ് സൈനികരെ കണ്ടത്.

സംഭവങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം സൈനികരെ ആശ്വസിപ്പിക്കുകയും അവരുടെ അര്‍പ്പണ മനോഭാവത്തെ പ്രശംസിക്കുകയും ചെയ്തു. എത്രയും വേഗം പരിക്കുകള്‍ ഭേദമാകട്ടെയെന്ന് പ്രാര്‍ത്ഥിച്ച കിരീടാവകാശി സൈനികരുടെ ബന്ധുക്കളുമായി സംസാരിച്ച് അവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.

രാജകുമാരനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദ്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരും ഉണ്ടായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കഴിഞ്ഞദിവസം ഫുജൈറയിലെ ആക്രമണത്തില്‍ മരിച്ച സൈനികരുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായെത്തിയിരുന്നു.