1947 ഓഗസ്റ്റ് 15 ന് നട്ട് പിന്‍തുടര്‍ന്നുവന്ന ഓരോ തലമുറയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കാത്തുസൂക്ഷിച്ച ആലിന്‍ചുവട്ടില്‍ സ്വാതന്ത്ര്യത്തിന്റെ 68മത് വര്‍ഷികം ആഘോഷിക്കുന്ന ഇന്ന് പ്രദേശവാസികള്‍ 68 മണ്‍ചിരാതുകള്‍ കത്തിക്കുന്നു

single-img
15 August 2015

Nedumkunnam

ബ്രിട്ടീഷുകരുടെ സാമ്രാജ്യത്വത്തില്‍ നിന്നും ഇന്ത്യ 1947 ഓഗസ്റ്റ് 15ന് സ്വതന്ത്രമായപ്പോള്‍ ഇങ്ങ് കേരളത്തിലെ ചില സ്വാതന്ത്ര്യ സമര സേനാനികള്‍ ആഘോഷിച്ചത് ഒരാല്‍മരം വെച്ചുകൊണ്ടാണ്. സ്വതന്ത്ര്യം കിട്ടിയിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നെടുംകുന്നം മാര്‍ക്കറ്റിന് നടുവില്‍ ആ അരയാല്‍മരം തലയുയര്‍ത്തി നില്‍പ്പുണ്ട്. വിദേശ ശക്തികളില്‍ നിന്നും ഇന്ത്യ നേടിയ സ്വാതന്ത്രം പോലെ കൈകള്‍ വിശാലമായുയര്‍ത്തി. ഈ സ്വാതന്ത്ര്യത്തിന്റെ 68മത് വാര്‍ഷികം നെടുംകുന്നത്തുകാര്‍ ആഘോഷിക്കുന്നത് ഈ ആലിനേയും ഭാഗംചേര്‍ത്താണ്.

ഇന്ന് സ്വാതന്ത്ര്യദിന സ്മരണ പുതുക്കി പ്രകൃതി സംരക്ഷണ സമിതിയും ദേശവാസികളും ആല്‍മരത്തിനു ചുറ്റും 68 മണ്‍ചെരാതുകള്‍ തെളിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ജീവനുള്ള അടയാളമായത് മാറുന്നു. തങ്ങള്‍ക്ക് ലഏഭിച്ച സ്വാതന്ത്ര്യത്തിന്റെ അടയാളമായി നാട്ടുകാര്‍ പരിപാലിച്ചുപോരുന്ന ആല്‍മരത്തിനു കോടാലിവയ്ക്കാന്‍ മുന്‍കാലങ്ങളില്‍ പലരും നടത്തിയ ശ്രമങ്ങളെ പിന്‍വന്ന തലമുറകള്‍ ചെറുത്തുതോല്പിച്ചോടിക്കുകയായിരുന്നു. ഇന്ന് ഈ ആല്‍ മുത്തശ്ശി ഡോ. എന്‍. ജയരാജ് എംഎല്‍എ അനുവദിച്ച ഫണ്ടില്‍നിന്ന് ചുറ്റുമതില്‍ നിര്‍മിച്ച് ചങ്ങല കെട്ടി സ്മാരകശിലവച്ച് സുരക്ഷിതമാക്കപ്പെട്ട നിലയിലാണ്.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായതറിഞ്ഞ് നെടുംകുന്നം മാര്‍ക്കറ്റില്‍ ഒത്തുകൂടിയ വാഴുവേലില്‍ ഗോപാലപിള്ള, കൂടത്തില്‍ തങ്കപ്പന്‍നായര്‍, വഴീപ്ലാക്കല്‍ കുഞ്ഞുമത്തായി, ആലയ്ക്കപ്പറമ്പില്‍ പരീത് റാവുത്തര്‍, വേലംപറമ്പില്‍ മാധവന്‍, നെടുംകുന്നം സി.പി. കൃഷ്ണന്‍, കല്ലുവേലില്‍ ശേഖരന്‍നായര്‍ എന്നിവരാണ് ഈ ആല്‍ നട്ടത്. സ്വാതന്ത്ര്യ ലഹരി നുരയുന്ന വേളയില്‍ വാദ്യമേളത്തിന്റെയും വെടിക്കെട്ടിന്റെയും ആരവത്തിലായിരുന്നു തൈ നട്ടത്.

പില്‍ക്കാലത്ത് വളര്‍ന്നു വലുതായ കൂറ്റന്‍ ആല്‍മരം മാര്‍ക്കറ്റിലെ സ്ഥലപരിമിതിയുടെ പേരില്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ വെട്ടാന്‍ നടത്തിയ നീക്കങ്ങളെല്ലാം പുതു തലമുറ ചെറുക്കുകയായിരുന്നു. കൊടുംകാറ്റും പേമാരിയും വരള്‍ച്ചയുമൊക്കെ അതിജീവിച്ച് ആല്‍മരം തലയുയര്‍ത്തിത്തന്നെ നിന്നു, മഹത്തായ ഇന്ത്യ മഹാരാജ്യം പോലെ. ഇതിനുസമീപം സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തില്‍ കൊടികയറ്റിയാണ് നെടുംകുന്നത്തെ മിക്ക സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനം ചെയ്യാറുള്ളതെന്നും ശ്രദ്ധേയമാണ്.

ഇന്ന് രാവിലെ ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആല്‍മരത്തില്‍ ദേശീയ പതാക ഉയര്‍ത്തി വിളക്കുകള്‍ വച്ച് ഇന്ത്യയുടെ 59മത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. സ്വന്തം രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നെടുംകുന്നം ദേശവാസികള്‍ പ്രതിജ്ഞയുമെടുക്കും.