സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ യു.എ.ഇയില്‍ മതത്തിന്റെയോ നിറത്തിന്റെയോ മറ്റെന്തിന്റേയെങ്കിലും പേരിലോ വിവേചനം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ഇനിമുതല്‍ പത്ത് വര്‍ഷം ജയില്‍ ശിക്ഷയും 20 ലക്ഷം ദിര്‍ഹം പിഴയും

single-img
21 July 2015

UAE

യു.എ.ഇയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുള്‍പ്പെടെയുള്ള സ്‌ത്രോതസുകള്‍ വഴി വിവേചനം പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യു.എ.ഇ സര്‍ക്കാര്‍. ഏതെങ്കിലും മതത്തിന്റെയോ നിറത്തിന്റെയോ പേരിലോ മറ്റെന്തെങ്കിലും വസ്തുതകളുടെ പേരിലോ ഒരുതരത്തിലുള്ള വിവേചനവും രാജ്യത്ത് പാടില്ലെന്ന് കര്‍ശനമായി വ്യവസ്ഥ ചെയ്യുന്ന നിയമം യുഎഇയില്‍ നിലവില്‍ വന്നു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ നിയമം രാജ്യത്ത് നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തത്.

സോഷ്യല്‍ മീഡിയകള്‍, പുസ്തകം, ലഘുലേഖകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ, ടിവി എന്നിവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. മതവിശ്വാസിയെയോ വിശ്വസിക്കാത്തവരെയോ അക്കാരണത്താല്‍ പരിഹസിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും നിയമം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പുതിയ നിയമത്തില്‍ സംസാരത്തിലോ എഴുത്തിലോ പെരുമാറ്റത്തിലോ വിവേചന നിലപാട് അനുവദിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് ഏതു വിശ്വാസവും വച്ചു പുലര്‍ത്താനും വ്യക്തിക്ക് അവകാശമുണ്ടെന്നും നിറം, മതം, രാജ്യം, വിശ്വാസം, ആശയങ്ങള്‍ എന്നിവ വ്യക്തിപരമായ കാര്യങ്ങളാണെന്നും നിയമത്തില്‍ ചുണ്ടിക്കാണിക്കുന്നു. എന്നാല്‍ ദൈവത്തോടോ പ്രവാചകന്മാരോടോ വിശുദ്ധ ഗ്രന്ഥങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ശവകുടീരങ്ങള്‍ എന്നിവയോടോ അനാദരവ് പാടില്ലെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.

മതവുമായി ബന്ധപ്പെട്ട അടയാളങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിന്ദിക്കുന്നതും മതത്തിന്റെ പേരിലുള്ള കലാപങ്ങളുഒം പുതിയ നിയമത്തില്‍ ഗുരുതര കുറ്റകൃത്യങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സമാധാനവും സഹവര്‍ത്തിത്വവുമുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാണ് നിയമം ലല്‍ക്ഷ്യമിടുന്നതെന്നും എന്തിനെയും ഉള്‍ക്കൊള്ളാനും സമഭാവനയോടെ കാണാനും കഴിയണമെന്നും നിയമം വ്യക്തമാക്കുന്നു. നിയമം ലംഘിച്ചാല്‍ ആറു മാസം മുതല്‍ പത്തുവര്‍ഷത്തില്‍ കൂടുന്ന ജയില്‍ശിക്ഷയ്ക്കു പുറമെ അര ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷയായി പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നത്.