ഗുരുതര രോഗങ്ങള്‍ക്കിരയാവുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്

single-img
15 July 2015

Prasanthan

ഗുരുതര രോഗങ്ങള്‍ക്കിരയാവുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്. കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട കമ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് സമാനമായ സൗകര്യങ്ങളുള്ള പണരഹിത ആരോഗ്യകാര്‍ഡിലൂടെ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് ചുരുങ്ങിയ ചെലവിലും പദ്ധതിയില്‍ വാര്‍ഷിക അംഗത്വം എടുത്ത് അതുവഴി ചികിത്സ തേടുകയാണ് ലക്ഷ്യം.

രോഗചികിത്സയുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ സഹായപദ്ധതികളെ കോര്‍ത്തിണക്കി അവയുടെ ഗുണഫലം പദ്ധതിയില്‍ ലഭ്യമാക്കുകയും ചെയ്യും. പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാവും സഹായപദ്ധതികള്‍ ഏകോപിപ്പിക്കുക. ഇവയില്‍ കൂടുതലായി വരുന്ന ചികിത്സാ ചെലവുകള്‍ ക്രോസ് സബ്‌സിഡി വഴിയും വാര്‍ഷികഫണ്ട് പിരിവിലൂടെയും സ്വരൂപിക്കും. കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ ഉപയോഗിച്ചും ഫണ്ടുകള്‍ സമാഹരിക്കും.

ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങള്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.