വിദേശിയായ സ്‌കൂള്‍ അധ്യാപികയെ യു എ ഇയിലെ മാളില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വദേശി വനിതയുടെ വധശിക്ഷ യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കി

single-img
13 July 2015

uae-murder

അമേരിക്കക്കാരിയായ സ്‌കൂള്‍ അധ്യാപികയെ യു എ ഇയിലെ മാളില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വദേശി വനിതയുടെ വധശിക്ഷ യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കി. യു എ ഇ സ്വദേശിനിയായ അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി എന്ന യുവതിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ വധശിക്ഷക്ക് വിധേയയാക്കിയത്. യു എ ഇ ഫെഡറല്‍ സുപ്രീം കോടതി കഴിഞ്ഞ മാസം അവസാനമാണ് സ്ത്രീക്ക് വധശിക്ഷ വിധിച്ചത്.

യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പുറത്തുവിട് റിപ്പോര്‍ട്ടില്‍ ഏത് രീതിയിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്റ് ബൗതിഖ് മാളിയെ വനിതാ ടോയ്‌ലറ്റില്‍വെച്ചാണ് യാതൊരു പ്രകോപനവും കൂടാതെ ഇബോള്‍യാ റയാന്‍ (37) എന്ന നഴ്‌സറി സ്‌കൂള്‍ അധ്യാപികയെ അലാ ബദര്‍ കുത്തിക്കൊലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കുറ്റവും യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നു.

യുഎഇ ദേശീയ ദിനാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിടെ തികച്ചും ആസൂത്രിതമായാണ് അലാ ബദര്‍ കൊലപാതകം നടത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ രണ്ടക്കം മറച്ച ശേഷം മാളിലെ ടോയ്‌ലെറ്റിന് മുന്നിലെത്തിയ യുവതി അവിടെയെത്തിയ യു എസ് സ്വദേശിയായ അധ്യാപികയോട് വികലാംഗരുടെ ടോയ്‌ലറ്റിലേക്ക് പോകാന്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതിയെ സഹായിക്കാന്‍ ഒരുങ്ങുന്നതിനിടെ അധ്യാപികയെ ബലം പ്രയോഗിച്ച് ടോയ്‌ലറ്റിലേക്ക് കയറ്റി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു. അധ്യാപികയുടെ മരണം ഉറപ്പാക്കിയ ശേഷം കത്തി ഉപേക്ഷിച്ച യുവതി ലിഫ്റ്റ് വഴി താഴെ ഇറങ്ങി വണ്ടിയെടുത്ത് പോകുകയും ചെയ്തു.