ഒമ്പത് മാസത്തിനിടെ വൈദ്യുതി മോഷണം നടത്തിയവരില്‍ നിന്നും പിഴയിനത്തില്‍ 35 കോടി രൂപ നേടിക്കൊടുത്ത ഋഷിരാജ് സിംഗിനെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം പിടിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിയ നടപടിക്കെതിരെ സോഷ്യല്‍ മീഡിയ

single-img
10 July 2015

Rishiraj-Singh

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഒരു കോടി രൂപയുടെ വൈദ്യുതിേമാഷണം കണ്ടുപിടിച്ച് അതിന്റെ അധികൃതരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷി രാജ് സിങ്ങിനെ മാറ്റിയത് വിവാദമാകുന്നു. മുത്തൂറ്റ് ഗ്രൂപ്പിലെ പ്രമുഖനെതിരെ നടപടി സ്വീകരിക്കാനിരിക്കെയാണ് ഋഷിരാജ് സിങിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി ചുമതല മാറ്റിയത്.

വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറുടെ പോസ്റ്റ് ഒഴിച്ചിട്ടാണ് സര്‍ക്കാര്‍ നടപടിയെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ശ്രീവരാഹം സെക്ഷനു പരിധിയിലുള്ള മുത്തൂറ്റ് സ്‌കൈ ഷെഫ് പരിസരത്തുനിന്ന് ഒരു കോടി രൂപയുടെ അനധികൃത വൈദ്യുതി ദുരുപയോഗം കഴിഞ്ഞ സെപ്റ്റംബറില്‍ കെഎസ്ഇബി വൈദ്യുതി മോഷണ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. 240 സ്‌ക്വയര്‍ മില്ലി മീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ വഴി മുത്തൂറ്റ് സ്‌കൈ ഷെഫില്‍ നിന്നും തൊട്ടടുത്തുള്ള വില്ലയായ ഹെറിറ്റേജ് റെസ്റ്റോറന്റിലേക്ക് വൈദ്യുതി അനധികൃതമായി എടുത്തിരുന്നതാണ് ഋഷിരാജ് സിങിന്റെ നിര്‍ദേശാനുസരണമുള്ള റെയ്ഡിലൂടെ വെളിപ്പെട്ടത്.

ഈ കേസില്‍ വ്യവസായ പ്രമുഖനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് തിരക്കിട്ട് അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് ആക്ഷേപം. സോഷ്യല്‍ മീഡിയയില്‍ വ്യവസായ പ്രമുഖനെ രക്ഷിക്കാന്‍ ഋഷിരാജ് സിങിനെ മാറ്റിയ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. രാഷ്ട്രീയക്കാര്‍ നിയമ ലംഘനം നടത്തുന്നവരെ രക്ഷിക്കുമ്പോള്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇരകളാകുന്നുവെന്ന് പ്രമുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Untitled-2

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്നായിരുന്നു സിംഗിനെ വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി മാറ്റിയത്. നടപടി. എന്നാല്‍ തന്റെ ചുമതലയെന്തായാലും അത് കൃത്യമായി നിര്‍വ്വഹിക്കുകയെന്നുള്ളതായിരുന്നു ഋഷിരാജ് സിംഗിന്റെ പോളിസി.

ഒമ്പത് മാസത്തിനിടെ വൈദ്യുതി മോഷണം നടത്തിയതിന്റെ പിഴയിനത്തില്‍ 35 കോടി രൂപയോളമാണ് കെഎസ്ഇബിക്ക് അദ്ദേഹം നേടിക്കൊടുത്തത്. മുന്‍ മന്ത്രി, ചലച്ചിത്ര താരം, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍, പത്രസ്ഥാപനങ്ങള്‍ എന്നിവയുടെ വൈദ്യുതി മോഷണങ്ങള്‍ സിംഗ് കൈയോടെ പിടികൂടുകയായിരുന്നു.