വംശീയത വിട്ടുമാറാത്ത അമേരിക്ക

single-img
29 June 2015

വ്യക്തിത്വ വികസനത്തിനുള്ള അനന്തസാദ്ധ്യതകളും, ഭൌതികപുരോഗതിയുടെ നേട്ടങ്ങളില്‍ അധിഷ്ഠിതമായ ആധുനീക ജീവിത സൌകര്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളെ ലോകത്തിലെ മറ്റു അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ യുവാക്കളുടെ ജീവിത സാഫല്യത്തിനുള്ള സ്വപ്നഭൂമിയാക്കി. തങ്ങളുടെ മിടുക്കരായ മക്കളെ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിക്കുക എന്നത് ജീവിത ലക്ഷ്യമായി കരുതുന്ന അനേകം പേര്‍ നമ്മുടെ സമൂഹത്തിലെ ഉന്നതശ്രേണികളില്‍ തന്നെ ഉണ്ട്.

ഇരുനൂറുവര്‍ഷങ്ങളിലേറെയായി ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്ന അമേരിക്ക, നിതാന്തമായ കഠിനാദ്ധ്വാനത്തിലൂടെ വികസനത്തിന്റെ പടവുകള്‍ പടിപടിയായി കയറിയാണ് ഔന്നത്യത്തിന്റെ കൊടിമുകളില്‍ എത്തിയത്. ഇത് വികസനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ മാനവരാശിയ്ക്ക് പ്രചോദനമായി എന്നതൊരു സത്യമാണ്. പക്ഷേ, മാനവരാശിയുടെ വളര്‍ച്ചയുടെ മുന്നില്‍ ഏറ്റവും വലിയ വിഘാതമായി ഇന്ന് നിലനില്‍ക്കുന്നത് വിഭാഗീത പ്രവണതകളുടേയും വിവേചനസംസ്കാരത്തിന്റേയും ഫലമായി ഉടലെടുക്കുന്ന സംഘട്ടനങ്ങളും, കലാപങ്ങളും യുദ്ധങ്ങളുമാണ് എന്നത് വലിയ ഒരു ദുഃഖസത്യമാണ്. 1776 ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അമേരിക്കയില്‍ അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നിയമപരമായ സ്വാതന്ത്യം കിട്ടാന്‍ ഒരു നൂറ്റാണ്ട്കൂടി വേണ്ടി വന്നു. അടിമകളില്‍ സിംഹഭാഗവും കറുത്തവര്‍ഗ്ഗക്കാരായിരുന്നു എന്നത് ചരിത്രസത്യമാണ്. ’12 years a slave’, ‘Django unchained’ തുടങ്ങിയ അമേരിക്കന്‍ സിനിമകള്‍ ഈ കാലഘട്ടത്തിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം എത്രമാത്രം കഷ്ടവും ദുസ്സഹവുമായിരുന്നു എന്ന് വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. 1863 ല്‍ പ്രസിഡന്റായിരുന്ന മഹാനായ എബ്രഹാം ലിങ്കന്‍ അമേരിക്കയില്‍ അടിമത്തം അവസാനിപ്പിക്കുന്നതുവരെ ഈ അവസ്ഥ ശക്തമായി തുടര്‍ന്നു. ഈ മാറ്റത്തിനുവേണ്ടി ആ മഹാത്മാവിന് ആത്മാര്‍പ്പണം തന്നെ നടത്തേണ്ടിവന്നു എന്നുള്ളത് അമേരിക്കയുടെ വംശീയ മനസ്സിലെ തീഷ്ണഭാവത്തിന്റെ പ്രതിഫലനമാണ്.

ജനസംഘ്യയുടെ പതിമൂന്നു ശതമാനമാണ് ആഫ്രിക്കന്‍-അമേരിക്കല്‍ ജനവിഭാഗമെങ്കിലും അവിടെ അറസ്റ്റു ചെയ്യപ്പെടുന്നവരില്‍ നാല്പതുശതമാനവും ഈ വിഭാഗമാണ്. അധികാരകേന്ദ്രങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന വിവേചനം, അവരുടെ മനോഭാവം ഇനിയും മാറേണ്ടതുണ്ട് എന്നുള്ളതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വെളുത്തതും കറുത്തതുമായ വംശീയര്‍ തമ്മില്‍ ഉടലെടുക്കുന്ന അസ്വസ്തതകള്‍ പലപ്പോഴും വെടിവെയ്പ്പിലും കലാപങ്ങളിലുമാണ് അവസാനിക്കുന്നത്. ഹേറ്റ് ക്രൈം എന്നാണ് ഇങ്ങനെനടക്കുന്ന അക്രമങ്ങളെ അവിടുത്തെ മാധ്യമങ്ങളും ഭരണസംവിധാനവും വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജൂണ്‍ 17-ാം തീയതി ചാള്‍സ്റ്റണിലുള്ള ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തേഡിസ്റ്റ് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചില്‍ നടന്ന വെടിവെയ്പ്പ്. അമേരിക്കയിലെ ഏറ്റവും പഴയതും വളരെയധികം ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതുമായ കറുത്തവര്‍ഗ്ഗക്കാരുടെ പള്ളികളിലൊന്നാണിത്. ഡയലാന്‍ റൂഫ് എന്ന ഇരുപത്തൊന്നുവയസ്സുകാരന്‍ പള്ളിയില്‍ കയറി വെടിവെയ്പ് നടത്തി. സൌത്ത് കാരലീന സെനറ്ററും ഒരു പാതിരിയുമടക്കം ഒന്‍പത് പേര്‍ക്കാണ് ഈ വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടമായത്. ഇതേപോലെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഫര്‍ഗ്യൂസണ്‍ സംഭവവും, ഈ മേയ് മാസത്തില്‍ നടന്ന ബാള്‍ട്ടിമോര്‍ കലാപവും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അമേരിക്കന്‍ വെള്ളക്കാരുടെ മനസ്സില്‍ ശക്തമായി ഇന്നും നിലനില്‍ക്കുന്ന വംശീയതയുടെ സൂചനകളാണ്. 1863 ല്‍ കറുത്ത വര്‍ഗ്ഗക്കാരെ നിയമപ്രകാരം അമേരിക്കന്‍ പൌരന്മാരായി അംഗീകരിച്ചു. കാലം ഇത്രയും കടന്നു പോയി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും അമേരിക്ക വളരെ മുന്നോട്ടുപോയി. പക്ഷേ അമേരിക്കക്കാരുടെ വംശീയ മനസ്സ് ഇന്നും വിഭാഗീയതയുടേയും വിവേചനത്തിന്റേയും വളക്കൂറുള്ള മണ്ണായി തുടരുന്നു എന്ന സത്യം വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു.

32കോടി അമേരിക്കന്‍ ജനതയുടെ നേതാവായി ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ വരാന്‍ 2009 വരെ കാത്തിരിക്കേണ്ടി വന്നു; എങ്കിലും നന്മയുടെ വഴിയിലെ വലിയ കാല്‍വെയ്പ്പായി അതിനെ നാം കാണേണ്ടതാണ്. ഈ വഴിയിലൂടെ അനേകം ദൂരം ഇനിയും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

ഭൌതീക വികസനത്തിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോഴും മാനവരാശിയുടെ ശാശ്വത നന്മയ്ക്കുതകേണ്ട സംസ്കാരത്തിന്റെ പാതയിലൂടെ മുന്നേറാന്‍ സാധിക്കുന്നില്ല എന്നത് എല്ലാവരേയും ചിന്തിപ്പിക്കേണ്ട വിഷയമാണ്. ശാശ്വതസമാധാനത്തിന് നിദാനമാകേണ്ട, നന്മയുടേതായ സംസ്കാരത്തിലെ മൂല്യസ്വരൂപങ്ങളായ സ്നേഹഭാവത്തിനും, ത്യാഗസന്നദ്ധതയ്ക്കും, സമഭാവനയ്ക്കും, കാരുണ്യധാരയ്ക്കും ഒക്കെ മത്സരാധിഷ്ഠിതമായ ആധുനീക കമ്പോള സംസ്കാരത്തില്‍ എങ്ങനെ സ്ഥാനം കണ്ടെത്താം?, ഒരുമയുടെ വലിയ പെരുമയിലേക്ക്, ശാശ്വത സമാധാനത്തിലേക്ക് പുരേഗതിയുടെ വഴിയിലൂടെ സഞ്ചരിച്ചു എങ്ങനെ മുന്നേറാം എന്ന് ലോക മനസ്സാക്ഷി തീഷ്ണമായി അന്വേഷിക്കുന്ന ഒരു ഘട്ടത്തിലാണ് നാം എത്തിനില്‍‌ക്കുന്നത്. കറുപ്പെന്നും വെളുപ്പെന്നുമുള്ള ഭേദങ്ങള്‍ വെടിഞ്ഞ് മതമത്സരങ്ങള്‍ വെടിഞ്ഞ് മനുഷ്യന്‍ എന്ന ഏകാത്മഭാവത്തില്‍ എത്തുമ്പോഴെ നാം എത്രയൊക്കെ ഉന്നതിയിലാണെങ്കിലും ജീവിതം ധന്യമാകുന്നുള്ളൂ.

[quote arrow=”yes”]Swami Gururethnam Jnana Thapaswiശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ലേഖകൻ. രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. [/quote]