ദുബായില്‍ ഡ്രൈവിങ് ലൈസന്‍സിനായുള്ള പരീക്ഷകളും ക്ലാസുകളും ഇനി മലയാളത്തിലും

single-img
15 June 2015

Learning-To-Drive-in-The-UAEദുബായില്‍ ഡ്രൈവിങ് ലൈസന്‍സിനുവേണ്ടിയുള്ള പരീക്ഷയും ക്ലാസുകളും ഇനി മലയാളത്തിലും. സെപ്റ്റംബര്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടിയുള്ള നടപടിക്രമങ്ങളില്‍ മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകള്‍കൂടി ഉള്‍പ്പെടുത്തി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനമെടുത്തു. ഇപ്പോള്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു, പഷ്‌തോയില്‍ ഭാഷകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉപയോഗിക്കുന്നുണ്ട്.

പുതിയതായി ചേര്‍ക്കുന്ന ഭാഷകളില്‍ മലയാളത്തിനൊപ്പം ചൈനീസ്, റഷ്യന്‍, ഹിന്ദി, ബംഗാളി, തമിഴ് എന്നിവയുമുണ്ട്. മലയാളം കൂടി ഉള്‍പ്പെടുത്തുന്നതോടെ ടെസ്റ്റിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ വഴിയുള്ള 30 മിനിറ്റ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഹെഡ് ഫോണിലൂടെയുള്ള ഓഡിയോയും മലയാളത്തില്‍ ലഭിക്കും. പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായതിനാല്‍ ഡ്രൈവിങ് പരിശീലനത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാന്‍ കഴിയും.

ഇനിമുതല്‍ ദുബായിലെ സര്‍ക്കാര്‍ അംഗീകൃത ആറ് ഡ്രൈവിങ് സ്‌കൂളുകളിലും പുതിയതായി അനുവദിച്ച ഭാഷകളില്‍ സെപ്റ്റംബര്‍ മുതല്‍ പരീക്ഷയെഴുതാം. എന്നാല്‍ ചില ഡ്രൈവിങ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആദ്യം ഈ ഭാഷകളില്‍ ലഭ്യമായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.