ഇന്ത്യയില്‍ മുഴങ്ങുന്നത് ആധുനിക നീറോയുടെ വീണനാദം

single-img
20 May 2015

Prime Minister

തീയില്‍ വെന്തുരുകുന്ന ഒരു ജനത. സ്വന്തം ജനതയുടെ ദേഹത്ത് അഗ്നി പകര്‍ന്നുകൊടുത്തശേഷം വിദേശത്ത് വീണ വായിച്ചു നടക്കുന്ന ഒരു ഭരണാധികാരി. റോമാ സാമ്രാജ്യം കത്തിയെരിയുന്ന സമയത്ത് വീണവായിച്ചു രസിച്ചതായി ചരിത്രചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നീറോ ചക്രവര്‍ത്തിയുടെ കഥയിവിടെ ആവര്‍ത്തിക്കുകയാണോ എന്ന് തോന്നിപ്പിക്കും വിധം വര്‍ത്തമാന ഇന്ത്യയുടെ കഥാഗതി നീളുകയാണ്. ഒരുവര്‍ഷത്തിനിടെ 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അത് നയതന്ത്ര നീക്കങ്ങളുടെ അത്യുജ്ജല വിജയമെന്ന് ഉദ്‌ഘോഷിക്കുന്ന രാജാവ്, പക്ഷേ സാധാരണ ജനങ്ങളുടെ അസ്വസ്തതയും വീര്‍പ്പുമുട്ടലുകളും അവഗണിച്ച് മറ്റു രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ വാരിക്കോരി വാഗ്ദാനവും നല്‍കി രാജസൂയമെന്ന പുറംമോടി നാടകം തുടരുകയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഇന്ധനവിലയെന്ന കടമ്പ കടക്കാനാകാതെ ജനരോഷമിരമ്പുമ്പോള്‍ മറ്റു കേന്ദ്രമന്ത്രിമാര്‍ക്കെല്ലാം കാഴ്ചക്കാരുടെ വേഷം മാത്രമേയുള്ളൂ.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താനിലും ശ്രീലങ്കയിലും നേപ്പാളിലും പെട്രോള്‍ വില ഇവിടുത്തേക്കാള്‍ കുറവാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടി വന്നതിന്റെ അടുത്ത ദിവസമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനം ജനങ്ങളിലെത്തിയത്. ഇന്ധന വില വര്‍ദ്ധന. പതിനഞ്ച് ദിവസത്തിനിടെ ഏഴ് രൂപപെട്രോളിന് കൂടിയപ്പോള്‍ ഡീസലിന് വര്‍ദ്ധിച്ചത് 5 രൂപയാണ്. നരേന്ദ്രമോദി അധികാരത്തിലേറുന്നതിന് മുമ്പ്, അതായത് 2014 ഫെബ്രുവരിയില്‍ ഇന്ത്യയിലെ പെട്രോള്‍ വില 73.16 രൂപയും ഡീസല്‍ വില 55.48 രൂപയുമായിരുന്നു. പക്ഷേ അന്ന് ആഗോള തലത്തില്‍ ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറായിരുന്നു. ഇന്നോ, അത് അതിന്റെ നേര്‍പകുതിയായ 60 ല്‍ എത്തി നില്‍ക്കുന്നു.

പെട്രോള്‍ വില ഇഷ്ടത്തിനനുസരിച്ച് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും എന്നാല്‍ ചിലയവസരങ്ങളില്‍ നാമമാത്രമായി കുറയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ധനവില കുറയുന്ന സമയത്തൊക്കെ ഇറക്കുമതി തീരുവ എന്ന കൊടുവാളുപയോഗിച്ച് ആ ലാഭം ജനങ്ങളില്‍ നിന്നും വെട്ടിമാറ്റാനും സര്‍ക്കാര്‍ മറക്കാറില്ല. കഴിഞ്ഞ നവംബറിനും ഈ ജനുവരിക്കുമിടയില്‍ കേന്ദ്ര സര്‍ക്കാര്‍ നാലു തവണയാണ് ഇറക്കുമതി തീരുവ കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 17.46 രൂപയും ഡീസലിന് 10.26 രൂപയുമാണ് ഇറക്കുമതി തീരുവ. ഈ ഇറക്കുമതി തീരുവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 74465 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് എങ്ങും തെടാതെ ലഭിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ 54007 കോടിയേക്കാള്‍ അറുപത് ശതമാനം കൂടുതലാണെന്നുള്ളളത് പച്ചപരമാര്‍ത്ഥമാണ്. പെട്രോളിന്റെ കസ്റ്റംസ് ഡ്യൂട്ടി വകയില്‍ 901 കോടി രൂപയും ഡീസലില്‍ നിന്നും 75 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചുവെന്ന് പറയുമ്പോള്‍ ഇതിനെല്ലാം സാധാരണക്കാരായ ജനങ്ങള്‍ മുണ്ടുമുറുക്കിയുടത്ത് സഹകരിച്ചതും സഹിച്ചതും കുറച്ചൊന്നുമല്ലെന്ന് പകല്‍പോലെ വ്യക്തമാണ്.

ഈ ഒരു വര്‍ദ്ധനവുകൊണ്ട് നിര്‍ത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിനെപ്പറ്റിയുള്ള ജനങ്ങളുടെ ധാരണയെങ്കില്‍ അതും താമസിക്കാതെ തന്നെ തെറ്റുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. ക്രൂഡോയില്‍ വില ഒരു ചെറിയ രീതിയില്‍ ഒന്നു വര്‍ദ്ധിച്ചു നോക്കട്ടെ ഇന്ധന വിലവര്‍ദ്ധനവെന്ന വാളിന്റെ ശബ്ദം ഇവിടെ മുഴങ്ങിയിരിക്കും, സാധാരണക്കാരുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട്. വിലവര്‍ദ്ധനവിന്റെ ലാഭവിഹിതം കൊള്ളയടിച്ച് തടിച്ചു വീര്‍ക്കുന്ന ഭരണവര്‍ഗ്ഗം അധിത നികുതി കൂടി തന്ന് ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നത് പരിഷ്‌കൃത ലോകത്തിലെ അതിദയനീയ കാഴ്ചയാണ്. ട്വിറ്ററിലൂടെ മാത്രം സ്വന്തം ജനങ്ങളെ കാണാന്‍ ശ്രമിക്കുന്ന ഭരണകര്‍ത്താവാണ് ഇന്ന് ഇന്ത്യയുടേതെന്നുള്ളത് ഓര്‍ക്കേണ്ട ഒരു വസ്തുതയും. 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കെല്ലാം സാമ്പത്തിക സഹായങ്ങള്‍ വാരിക്കോരിക്കൊടുത്ത് ലോകശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാനമന്ത്രിയെ ഇന്ത്യയിലെ കടുത്ത വിലവര്‍ദ്ധനവ് കാരണം ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിക്കൊടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിനേപ്പോലുള്ളവര്‍ മുന്‍കൈയെടുത്ത് ട്വിറ്ററില്‍ ഒരു ട്വീറ്റെങ്കിലുമിടുകയേയുള്ളു മാര്‍ഗ്ഗം.