ഒരു വിധിക്ക് മുന്നിലും ശാലിനി തോറ്റുകൊടുക്കാന്‍ തയ്യാറല്ല; അഞ്ചുവീടുകളിലെ ജോലിക്കു ശേഷം പഠിക്കാനുള്ള സമയം കണ്ടെത്തിയിരുന്ന ശാലിനി ഇത്തവണത്തെ പ്ലസ് ടു പരീക്ഷയില്‍ 84 ശതമാനം മാര്‍ക്ക് നേടിയാണ് വിസ്മയം സൃഷ്ടിച്ചത്

single-img
20 May 2015

salini

കുടുംബം പോറ്റാന്‍ അഞ്ച് വീടുകളിലെ ജോലിചെയ്ത ശേഷമാണ് ശാലിനി പഠിച്ചിരുന്നത്. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പെട്ടുപോയെങ്കിലും അറിവെന്ന ആഗ്രഹം ഒരു തീക്കട്ടയായി തന്നെ ഉള്ളിലുണ്ടായിരുന്നു. ഒടുവില്‍ എഴുതിയ പ്ലസ് ടു പരീക്ഷയുടെ ഫലം വന്നപ്പോള്‍ 84 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം സ്വന്തമാക്കി ശാലിനി ദാരിദ്ര്യത്തെ തോല്‍പ്പിച്ചു.

ബംഗളൂരു സ്വദേശിയായ ശാലിനി കുറിച്ചത് ചരിത്രമാണ്. സമീപത്തുള്ള അഞ്ച് വീടുകളില്‍ തുണിയലക്കല്‍, ബാത്ത്‌റൂമുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് ശേഷം പഠിക്കാന്‍ സമയം കണ്ടെത്തി നേടിയ വിജയം അവിശ്വസനീയമാണെന്നു തന്നെയാണ് അവളുടെ അധ്യാപകരുടെയും അഭിപ്രായം. പുലര്‍ച്ചെ നാലുമണിക്ക് വീട്ടുജോലികളാരംഭിക്കുന്ന ശാലിനി ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളിലും രാത്രിയിലുമാണ് പഠനത്തിന് സമയം കണ്ടെത്തിയിരുന്നത്.

അഞ്ചാം ക്‌ളാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ശാലിനിയുടെ മാതാവിനും നിരക്ഷരനായ പിതാവിനും മകളുടെ വിദ്യാഭ്യാസമായിരുന്നു സ്വപ്‌നമെങ്കിലും പിതാവ് അറുമുഖത്തിന് അപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശാലിനിക്ക് ജോലിക്ക് ഇറങ്ങേണ്ടി വരികയായിരുന്നു. ആശുപത്രിയില്‍ തൂപ്പുകാരിയായ അമ്മ മംഗളയുടെ വരുമാനം മാത്രം പോരായിരുന്നു എന്നതു തന്നെ കാരണം. ഇളയ സഹോദരന്‍ സൂര്യ രക്താര്‍ബുദം ബാധിച്ച് കിടപ്പിലാണെന്നതും അവളെ ജോലിക്കിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

തന്റെ കുടുംബത്തില്‍ നിന്നും ആദ്യമായി ഒരു എഞ്ചിനീയര്‍ തന്നിലൂടെ പിറക്കണമെന്നാണ് ശാലിനിയുടെ വലിയ സ്വപ്നം. അതു നിറവേറും എന്നു തന്നെ വിശ്വസിക്കാം. കാരണം ശാലിനി തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഈ വിജയത്തിലൂടെ തന്നെ തെളിയിച്ചതാണല്ലോ.