ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മലയാളി യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഖത്തര്‍

single-img
14 May 2015

Safari Malഫെയ്‌സ്ബുക്കില്‍ മലയാളത്തില്‍ ഇസ്ലാമിനും പ്രവാചകനുമെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന് പേരില്‍ മലയാളി യുവാവ് ആക്രമണത്തിന് ഇരയായതില്‍ ഖത്തര്‍ കടുത്ത ആശങ്കയറിയിച്ചു. നിയമം കൈയ്യിലെടുക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ദോഹയിലെ സഫാരി മാളിന് സമീപം യുവാവിനെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സര്‍വ്വ കക്ഷി യോഗം വിളിക്കുകയായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഫെയ്‌സ്ബുക്കില്‍ വന്ന വിവാദ പോസ്റ്റിന് ഉത്തരവാദിയായയാളാണോ മര്‍ദ്ദനത്തിനിരയായതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്നും എന്തു തന്നെയുണ്ടായാലും നിയമം കൈയ്യിലെടുക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടതായി ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അധ്യക്ഷന്‍ ഗിരീഷ് കുമാര്‍ പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.