ജീവിതം ഒരു വെല്ലുവിളയായി കണ്ട് രണ്ടുലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് കാരിബാഗ് യുണീറ്റ് തുടങ്ങിയ ഈ അഞ്ച് വനിതകള്‍ ഇന്ന് തങ്ങളുടെ മലയാളത്തനിമയുള്ള ബാഗുകള്‍ ബാഴ്‌സലോണയിലേക്ക് കയറ്റിയയക്കാനുള്ള തയ്യാറെടുപ്പിലാണ്

single-img
22 April 2015

Sahayatri

തൊടുപുഴ മുതലിയാര്‍മഠത്തിലുള്ള ‘സഹയാത്രി എക്കോ കാരിബാഗ് യൂണിറ്റ്’ നല്‍കുന്നത് ഒരു പാഠമാണ്. സീരിയല്‍ കഥാപാത്രങ്ങള്‍ക്കിടയില്‍ ജീവിതം തളച്ചിട്ട് അവര്‍ക്കുവേണ്ടി വിലപിക്കാതെ നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടി മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ വിജയമെന്നത് നമ്മെ മതടിവരുമെന്നുള്ള പാഠം. നാലുവര്‍ഷംകൊണ്ട് തൊടുപുഴയിലെ പ്രധാനപ്പെട്ട കാരിബാഗ് സംഘടനയായി ഈ യൂണിറ്റ് മാറിയതിന്റെ യഥാര്‍ത്ഥകാരണമാണ് ഈ പറഞ്ഞത്.

ഹരിഹരാമൃതം എന്ന സ്ത്രീകൂട്ടായ്മയിലെ പ്രീത പ്രദീപ്, അനിത വിജയന്‍, ലീല മുരളി, സിന്ധു എന്‍.പിള്ള, സുശീല സന്തോഷ് എന്നിവരാണ് സഹയാത്രി കാരിബാഗിലൂടെ ചരിത്രമെഴുതിയവര്‍. ഈ അഞ്ചുപേരടങ്ങുന്ന യുണീറ്് ഒരുമാസം നിര്‍മ്മിക്കുന്നത് ഒരുലക്ഷത്തോളം കാരിബാഗുകളാണെന്ന് അറിയുമ്പോള്‍ അതില്‍ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാം അവരുടെ വളര്‍ച്ചയുടെ ഉന്നതി.

തൊടുപുഴ നഗരസഭ ലയണ്‍സ്‌കഌും ചേര്‍ന്ന് പഌസ്റ്റിക്‌വിമുക്തനഗരം പദ്ധതി പ്രകാരം 2011ല്‍ നല്‍കിയ ട്രെയിനിങ്ങില്‍നിന്നും എക്കോ കാരിബാഗിന്റെ നിര്‍മാണം പഠിച്ചിറങ്ങിയ ഇവര്‍ കാലങ്ങള്‍ പുരോഗമിച്ചപ്പോള്‍ തങ്ങളുടെ ഉത്പന്നം ബാഴ്‌സലോണയിലേക്കും കയറ്റിയയ്ക്കാന്‍ മപാകുകയാണ്. അന്ന് ട്രെയിനിങ്ങില്‍ ഇവരെക്കൂടാതെ അഞ്ച് അഞ്ചുഗ്രൂപ്പുകള്‍ കൂടി പങ്കെടുത്തിരുന്നെങ്കിലും മുന്നോട്ടു കൊണ്ടുപോയത് ഇവര്‍ മാത്രമായിരുന്നു.

രണ്ടുലക്ഷം രൂപ ബാങ്ക്‌വായ്പയെടുത്താണ് ആരംഭി യൂണിറ്റില്‍ നിന്നും ആദ്യ രണ്ടുവര്‍ഷം നഷ്ടക്കണക്കുകള്‍ നിറഞ്ഞതായിരുന്നു. ബാഗ് നിര്‍മ്മിക്കാനാവശ്യമായ ഗുണമേന്മയുള്ള മെറ്റീരിയല്‍ കിട്ടാനും നല്ല മഷി കിട്ടാനും ഏറെ ബുദ്ധിമുട്ടിയെങ്കിലും കാലാന്തരത്തില്‍ ആ കടമ്പ ഇവര്‍ മറികടന്നു. ദീനദയ സോഷ്യല്‍ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ഭാഗമായിട്ട് പ്രവര്‍ത്തിച്ചിരുന്ന സഹയാത്രി ആദ്യകാലങ്ങളില്‍ ഓര്‍ഡറുകള്‍ കിട്ടാനേറെ കഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് സ്ഥാപനങ്ങളും ജനങ്ങളും ഇവരെ തേടിയെത്തുകയാണ്.

തൊടുപുഴയിലെ മിക്ക സ്ഥാപനങ്ങളിലും അവര്‍ സപ്ലൈചെയ്തുകൊണ്ടിരുന്ന ഇവര്‍ക്ക് ഈ അടുത്തിടെയാണ് ബാഴ്‌സലോണയില്‍ നിന്നും ഓര്‍ഡറെത്തിയത്. പാലായിലെ ഒരു സ്ഥാപനംവഴി എല്ലാ മാസവും 5000 ബാഗുകള്‍ വീതം അയയ്ക്കാനുള്ള ഓര്‍ഡറാണ് ഇവര്‍ക്ക് ലഭിച്ചത്.