സോഷ്യല്‍ മീഡിയകളിലൂടെ ജനപ്രതിനിധികളെ അപമാനിച്ചാല്‍ കര്‍ശനനടപടിയെന്ന് ഉമ്മന്‍ചാണ്ടി

single-img
16 March 2015

OOmen chandy_ramesh chennithala

സോഷ്യല്‍ മീഡിയകളിലൂടെ ജനപ്രതിനിധികളെ അപമാനിക്കുന്നതരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇതിന്മേലുണ്ടാകുന്ന പരാതികളില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. നിയമസഭയിലെ സംഭവങ്ങളുടെ പേരില്‍ എംഎല്‍എമാരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും.

അശ്ലീലം കലര്‍ത്തിയുള്ളതും അതിരുകള്‍ ലംഘിച്ചുള്ളതുമായ പ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും എംഎല്‍എമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡ് ചീഫ് മാര്‍ഷലിന്റെയും വീടുകളും ബന്ധുഭവനങ്ങളും ആക്രമിക്കുന്നതു തികച്ചും കാടത്തമാണെന്ന് ഇരുവരും കുറ്റപ്പെടുത്തി.

ബജറ്റ് അവതരിപ്പിച്ചതായി ഗവര്‍ണര്‍ കൂടി അംഗീകരിച്ചതോടെ എല്‍ഡിഎഫിനുണ്ടായ ജാള്യത മറയ്ക്കാനാണ് ഇത്തരം ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫുമായി ചര്‍ച്ചയ്ക്കു തയാറാണ്. എന്നാല്‍ ചര്‍ച്ചയുടെ പേരില്‍ വിട്ടുവീഴ്ചയ്ക്കു സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.