ആപ്പിള്‍ സ്മാര്‍ട്‌വാച്ച് ഏപ്രില്‍ 24 മുതല്‍ വിപണിയിൽ എത്തും; വില 349 ഡോളര്‍ മുതല്‍ 17,000 ഡോളര്‍ വരെ

single-img
10 March 2015

smartwatchആപ്പിള്‍ സ്മാര്‍ട്‌വാച്ച് ഉടൻ വിപണിയിൽ എത്തുന്നു. ഏപ്രില്‍ 24 മുതല്‍ ആപ്പിള്‍ വാച്ചുകളുടെ വില്പന തുടങ്ങുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. 349 ഡോളര്‍ (21,941 രൂപ) മുതല്‍ 17,000 ഡോളര്‍ (10,68,072 രൂപ) വരെ വിലയുള്ള 38 വ്യത്യസ്ത മോഡലുകളിലായാണ് ആപ്പിള്‍ വാച്ച് പുറത്തിറക്കുന്നത്. ആവശ്യക്കാര്‍ക്ക് ഏപ്രില്‍ 10 മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്താം.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ വാച്ചിന്റെ വിലയും മറ്റ് വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈമെയില്‍ നോക്കാന്‍ മുതല്‍ ഹോട്ടല്‍ മുറിയുടെ വാതില്‍ തുറക്കാന്‍ വരെ ആപ്പിള്‍ വാച്ചുപയോഗിക്കാന്‍ കഴിയും. 18 മണിക്കൂര്‍ ആണ് ബാറ്ററി ലൈഫ്.

ഒന്നര ഇഞ്ച് വലിപ്പമുള്ള ചെറിയ വാച്ചിന് 349 ഡോളര്‍ ആണ് വില. ഡയലും സ്ട്രാപ്പും മാറുന്നതിനനുസരിച്ച് വിലയും കൂടും. അലൂമിനിയം, സ്റ്റീല്‍, ഗോള്‍ഡ് സ്ട്രാപ്പുകളുള്ള മോഡലുകളുണ്ട്. പതിനായിരം ഡോളറിന്റെ വാച്ച് 18 കാരറ്റിന്റെ റോസ് ഗോര്‍ഡ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രനീലം കൊണ്ടുതീര്‍ത്ത ഡിസ്‌പ്ലേ. മാഗ്നറ്റിക് ചാര്‍ജിങ് കേസ് എന്നിവയാണ് ഈ വാച്ചിന്റെ പ്രത്യേകത.

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും അടക്കമുള്ള ഒട്ടുമിക്ക മൊബൈല്‍ ആപ്ലിക്കേഷനുകളും വാച്ചിന്റെ ഡയലില്‍ പ്രവര്‍ത്തിപ്പിക്കാം. ഫോണ്‍കോളുകള്‍ സ്വീകരിക്കാനും എസ്.എം.എസുകള്‍ വായിക്കാനുമൊക്കെ വാച്ചിലേക്ക് നോക്കിയാല്‍ മതി. പക്ഷേ, ഇതൊക്കെ പ്രവർത്തിക്കണമെങ്കിൽ പോക്കറ്റില്‍ ഐഫോണ്‍ വേണം. തുടര്‍ച്ചയായ 18 മണിക്കൂര്‍ ഉപയോഗമാണ് വാച്ചിന് ആപ്പിള്‍ അവകാശപ്പെടുന്ന ബാറ്റററി ആയുസ്.

ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലാകും ആപ്പിള്‍ വാച്ച് ആദ്യം വില്പനയ്‌ക്കെത്തുക. അതിനുശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും എത്തും.