വെല്ലുവിളികളെ ഇച്ഛാശക്തികൊണ്ട് നേരിട്ടു, പാവപ്പെട്ടവന് ഷാനവാസ് എന്നും വീരനായകന്‍

single-img
19 February 2015

Shanavas‘എന്റെ മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നത് വമ്പന്‍മാര്‍ തന്നെയാണ്’ സാമൂഹ്യപ്രവര്‍ത്തനത്തിനിടയില്‍ ഡോ ഷാനവാസ് പി.സി പലപ്പോഴും തിരിച്ചറിഞ്ഞ സത്യമായിരുന്നു അത്. എന്നാല്‍ തന്റെ മുമ്പില്‍ തീര്‍ക്കപ്പെട്ട വെല്ലുവിളികളെ എല്ലാം അതിജീവിച്ച ഷാനവാസിന് പാവപ്പെട്ടവന്റെ മനസ്സില്‍ ഒരു വീരനായകന്റെ പരിവേഷം തന്നെയാണുള്ളത്.

ഷാനവാസ് എല്ലായിപ്പോഴും ആദിവാസി സമൂഹത്തിന് വലിയൊരു കൈത്താങ്ങായിരുന്നു. പലപ്പോഴും സഹായഹസ്തം നീട്ടി ആദിവാസി ഊരുകള്‍ തോറും ഷാനവാസ് കയറിയിറങ്ങി. എതിര്‍പ്പുകള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നപ്പോഴും തന്റെ പോരാട്ടങ്ങള്‍ അവസാനിപ്പിക്കാനോ നിശ്ചയദാര്‍ഢ്യം കൈവിടാനോ ഷാനവാസ് തയ്യാറായില്ല. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു മരിക്കുന്നതിന് മണുക്കൂറുകള്‍ക്ക് മുമ്പുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ആദിത്യന്‍ ഒരു തുറന്ന യുദ്ധത്തിനൊരുങ്ങുകയാണ്. നിങ്ങള്‍ക്ക് തേടാനുള്ള വഴികള്‍ നിങ്ങള്‍ തേടിക്കോളു ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്.’ എന്നാണ് അദ്ദേഹം ആ പോസ്റ്റില്‍ പറഞ്ഞിരുന്നത്. തികച്ചും അനധികൃതവും നിയമ വിരുദ്ധവുമായ സ്ഥലംമാറ്റത്തിനെതിരെയാണ് അന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കാഞ്ഞിരപ്പുഴയിലേക്ക് ട്രാന്‍ഫര്‍ ലഭിച്ച് മൂന്ന് മാസം തികയുന്നതിന് മുന്നെയാണ് അടുത്ത ട്രാന്‍സ്ഫര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. പക്ഷേ ഷാനവാസ് പ്രതികരിക്കേണ്ടടത്ത് മാന്യമായി പ്രതികരിക്കുക തന്നെ ചെയ്തു. മരുന്നു കമ്പനികള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ മയങ്ങാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന തത്വമായിരുന്നു ഷാനവാസിനെ നയിച്ചിരുന്നത്. ഈ കാരണത്താല്‍ മരുന്നു കമ്പനികളും രാഷ്ട്രീയക്കാരും ആശുപത്രികളും ഉള്‍പ്പെടെ ശത്രുക്കളെ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിയും വന്നു.

വ്യാജ ആരോപണങ്ങളിലൂടെയാണ് അന്ന് ശത്രുക്കള്‍ ഷാനവാസിനെ ഉന്നംവെച്ചത്. ഷാനവാസിന് വിദേശ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പതിനായിരങ്ങള്‍ ഒഴികിയെത്തുന്നുണ്ടെന്നുമായിരുന്നു ഇവയില്‍ ചിലത്. എന്നാല്‍ എല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രമാണെന്ന് ചില കണക്കുകള്‍ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊടുത്തു. സാമൂഹ്യ സേവനത്തിനായി എച്ച്.ഡി.എഫ്.സിയില്‍ നിന്നും കടമെടുത്ത അഞ്ചര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ മത്രമായിരുന്നു ഷാനവാസ് തിരിച്ചടച്ചിട്ടുണ്ടായിരുന്നത്. ബാക്കിയുള്ള നാലര ലക്ഷം രൂപയുടെ കടം ശത്രുക്കള്‍ മനപ്പൂര്‍വ്വം മറച്ചുവെച്ചു. സാമ്പിള്‍ മരുന്നുകള്‍ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍.ഷാനവാസിന്റെ പ്രവര്‍ത്തനം കേട്ടറിഞ്ഞ് നിരവധിപ്പേരായിരുന്നു സ്വദേശത്തു നിന്നും വിദേശത്തുനിന്നുമായി അദ്ദേഹത്തിന് സഹായ വാഗ്ദാനവുമായി എത്തിയിരുന്നത്.

എതിരാളികള്‍ വന്‍സ്രാവുകളാണെന്നും അവര്‍ക്കൊന്നും സത്യത്തിനും നീതിക്കും മേലെ അധികകാലം പറക്കാനാവില്ലെന്നുമാണ് ഷാനവാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ‘ഹൈക്കോടതിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ, കാരണം സത്യം ഈശ്വരനാണ്. എന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൃത്തികെട്ട കരങ്ങള്‍ക്ക് സത്യത്തില്‍ ഭയമാണ്. കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങള്‍ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ. സമയമാകുമ്പോള്‍ ആദിത്യന്‍ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും.’ ഷാനവാസ് പറഞ്ഞു. ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്കെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്. പക്ഷേ വിധി മറ്റൊന്നായിരുന്നു ഷാനവാസിനായി കാത്തുവെച്ചത്. മരണം എന്ന സത്യം അപ്രതീക്ഷിതമായി ഷാനവാസിനെ തേടിയെത്തിയപ്പോള്‍ പാവപ്പെട്ടവന്‍രെ പ്രതീക്ഷകളാണ് ചിറകറ്റത് എന്ന സത്യം മാത്രം ബാക്കിയാവുകയും ചെയ്യുന്നു.