വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നായയ്ക്ക് രക്ഷകനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി

single-img
11 February 2015

Dogമലയാളത്തിന്റെ സ്വന്തം മമ്മൂട്ടി തന്റെ വീടിനു മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നായയ്ക്ക് രക്ഷകനായി. അല്‍സേഷന്‍ പോമറേനിയന്‍ ക്രോസ് ഇനത്തില്‍പ്പെട്ട രണ്ടു വയസു തോന്നിക്കുന്ന നായയെ ഇന്നലെ രാവിലെയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയുടെ വീടിനു സമീപം ടെലിഫോണ്‍ പോസ്റ്റില്‍ തൂങ്ങികിടന്ന കേബിളില്‍ കുരുക്കിയിട്ട നിലയില്‍ കണ്ടെത്തിയത്.

മമ്മൂട്ടി രാവിലെ കടവന്ത്രയിലെ ജിമ്മിലേക്കുള്ള യാത്രയ്ക്കിടെയാണ് നായയുടെ ദുരവസ്ഥ കണ്ടത്. ഉടന്‍തന്നെ ആപത്തില്‍പ്പെടുന്ന നായകള്‍ക്കു രക്ഷകനാകാറുള്ള എറണാകുളം വെണ്ണല സ്വദേശി ബോണി ചെറിയാനെ മമ്മൂട്ടി വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ െ്രെഡവറായ ഉണ്ണിയോടു നായക്കു ഭക്ഷണം വാങ്ങി നല്‍കാനും നിര്‍ദേശിച്ചു.

ഒമ്പതു മണിയോടെ ബോണി സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു കൊണ്ടുപോയി. 40 വര്‍ഷമായി ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങളെ ശുശ്രൂഷിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ബോണിയുടെ പതിവ്. ഉടമ എത്തിയില്ലെങ്കില്‍ താല്‍പര്യമുള്ള പുതിയ ഉടമയെ കിട്ടുന്നതുവരെ നായയെ പരിപാലിക്കുമെന്ന് ബോണി അറിയിച്ചിട്ടുണ്ട്.