ആ നിലവിളി ഇന്നും കാതില്‍ മുഴങ്ങുന്നു, കേരളത്തിന്റെ നൊമ്പരമായി മാറിയ സൗമ്യയുടെ ഓര്‍മ്മകള്‍ക്ക് നാല് വയസ്സ്

single-img
6 February 2015

01-soumyamurdercaseആ ദിനം ആരും മറക്കുകയില്ല…………നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി 6ന് കേരളത്തിന്റെ നൊമ്പരമായി മാറുകയായിരുന്നു സൗമ്യ എന്ന പെണ്‍കുട്ടി. ഇടപ്പള്ളിയിലെ മാളില്‍ ജീവനക്കാരിയായിരുന്ന സൗമ്യ 2011 ഫെബ്രുവരി 1 ന് ട്രെയിന്‍ യാത്രയിലാണ് ചെറുതുരുത്തിക്കടുത്തുവച്ച് ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ കൊലയാളി സൗമ്യയെ പാസഞ്ചര്‍ വണ്ടിയില്‍ നിന്നും പുറത്തെറിഞ്ഞ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആറ് ദിനം മരണത്തോട് മല്ലടിച്ച സൗമ്യ ഫെബ്രുവരി 6ന് വിധിക്ക് മുമ്പില്‍ കീഴടങ്ങി.

 

 

സൗമ്യുടെ ജീവിതം പിച്ചിചീന്തിയ കൊലയാളി ഗോവിന്ദചാമിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. തൃശൂര്‍ കോടതി പതിനൊന്നു മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി ശരിവച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി ആവശ്യത്തിന് രേഖകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് സൗമ്യയുടെ ഓര്‍മ്മദിനം കടന്നുവരുന്നത്.

 

 

സൗമ്യ എന്ന 23 കാരിയുടെ അനുഭവം ഒരു ഞെട്ടലായി കേരളജനതയുടെ മനസ്സില്‍ നിലനില്‍ക്കുമ്പോഴും ട്രെയിനുകളിലെ യാത്ര സ്ത്രീകള്‍ക്ക് ഇന്നുമൊരു പേടിസ്വപ്നമാണ്. സൗമ്യയ്ക്ക് നേരിട്ട ദുരന്തത്തിന് ശേഷം യാത്രാവണ്ടികളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെടാതെയാണ് ഇപ്പോഴും ഓരോ തീവണ്ടിയും കൂകിപ്പായുന്നത് എന്ന യാഥാര്‍ത്യവും ഇവിടെ ബാക്കിനില്‍ക്കുന്നു.