മലയാള നാടിന് സ്വപ്നസമാനമായ കേരള ബ്‌ളാസ്‌റ്റേഴ്‌സിനെ സമ്മാനിച്ച സച്ചിന്‍ മലയാളികള്‍ക്കായി ഒരു കബഡി ടീമിനേയും സമ്മാനിക്കുന്നു; 2016 ല്‍ നടക്കുന്ന കബഡി ലീഗിന്റെ മൂന്നാം സീസണില്‍ സച്ചിന്റെ ഉടമസ്ഥതയില്‍ കേരള ടീം കളത്തിലിറങ്ങും

single-img
3 February 2015

Sachin Tendulkar - 1മലയാള നാടിന് സ്വപ്നസമാനമായ ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമ്മാനിച്ചതിന് പിന്നാലെ കേരള കബഡി ടീമിനേയും സച്ചിന്‍ ഏറ്റെടുക്കുന്നു. കേരള കബഡി ടീമിനെ ഏറ്റെടുക്കാന്‍ സച്ചിന്‍ സന്നദ്ധത അറിയിച്ചതായി ഇഞ്ചോണ്‍ ദേശീയ ഗെയിംസ് ജേതാക്കളായ ഇന്ത്യന്‍ കബഡി ടീമിന്റെ കോച്ചും മലയാളിയുമായ ജെ. ഉദയകുമാര്‍ അറിയിച്ചു.

കാര്യങ്ങള്‍ ഉദ്ദേശിച്ചതുപോലെ നടക്കുകയാണെങ്കില്‍ 2016 ല്‍ നടക്കുന്ന കബഡി ലീഗിന്റെ മൂന്നാം സീസണില്‍ കേരള കബഡി ടീമും കളത്തിലിറങ്ങും. സച്ചിനു പുറമെ ബോളിവുഡ് താരം ഷാരൂഖ് ഖാനും റിലയന്‍സ് ഗ്രൂപ്പും മറ്റു ചില ടീമുകളെ ഏറ്റെടുക്കാന്‍ സന്നദ്ധ അറിയിച്ചതായും ഉദയകുമാര്‍ അറിയിച്ചു.

2014 ല്‍ കായികലോകത്ത് തരംഗം സൃഷ്ടിച്ച പ്രഥമ കബഡി ലീഗില്‍ എട്ടു ടീമുകളാണ് പങ്കെടുത്തത്. ആദ്യ സീസണില്‍ അഭിഷേക് ബച്ചന്റെ ജയ്പൂര്‍ പിങ്ക് പാന്തേര്‍സ് ആയിരുന്നു ജേതാക്കള്‍. ഇന്ത്യന്‍ കബഡി ടീമിന്റെ നട്ടെല്ല് മലയാളികളായിരിക്കേ കേരള ടീം കബഡിലീഗില്‍ ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്.