പണം തിരികെ തരാമെന്ന തീരുമാനം മാറ്റണമെന്ന് സര്‍ക്കാര്‍; ആവശ്യത്തിലധികം അപമാനിക്കപ്പെട്ടു, ഇനി തീരുമാനം മാറ്റി വീണ്ടും അപമാനം ഏറ്റുവാങ്ങാനില്ലെന്ന് മോഹന്‍ലാല്‍

single-img
3 February 2015

mohanദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചതിന് നല്‍കിയ പണം മോഹന്‍ലാലില്‍ നിന്ന് തിരികെ വാങ്ങരുതെന്ന ആവശ്യവുമായി ഭരണപക്ഷ എംഎല്‍എമാരായ പാലോട് രവി, ഷാഫി പറമ്പില്‍ എന്നിവര്‍ രംഗത്ത്. പണം തിരികെ നല്‍കരുതെന്ന ആവശ്യം മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളോട് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ വളരെയധികം വേദനിപ്പിച്ചതിനാല്‍ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചു നില്‍ക്കുകയാണ്.

ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ലാലിസം പാളിയത് വലിയ വിമര്‍ശനമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പരിപാടിയ്ക്കിയി സര്‍ക്കാര്‍ നല്‍കി. 1.63കോടി രൂപ തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതു തിരികെ വാങ്ങരുതെന്ന ആവശ്യവുമായാണ് ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

താന്‍ ഏറെ ആപമാനിക്കപ്പെട്ടുവെന്നും ഇനി തീരുമാനം മാറ്റിയാല്‍ വീണ്ടും സമൂഹ മധ്യത്തില്‍ അവഹേളിക്കപ്പെടുമെന്നും അതിനാല്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും പണം തിരികെ നല്‍കരുതെന്ന ആവശ്യം ഉന്നയിച്ചവരെ മോഹന്‍ലാല്‍ അറിയിച്ചു.