സച്ചിന്‍ തിരുവനന്തപുരത്ത് എത്തി; റണ്‍ കേരള റണ്ണിന്റെ മുന്നിലോടാന്‍

single-img
19 January 2015

Sachinക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദേശീയ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംഘവും സച്ചിനെ സ്വീകരിച്ചു. ഇന്ന് അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ തങ്ങും.

റണ്‍ കേരള റണ്‍ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെയാണ്. ലോക കായിക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലായി ഏഴായിരത്തോളം പോയിന്റുകളില്‍ റണ്‍ കേരള റണ്‍ തുടങ്ങും. തിരുവനന്തപരുത്ത് മാത്രം ആയിരത്തോളം പോയിന്റുകളുണ്ട്.

സെക്രട്ടറിയേറ്റിന് മുന്നിലാണ് സച്ചിന്‍ റണ്‍ കേരള റണ്ണിന്റെ ഭാഗമാകുന്നത്. സച്ചിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷണന്‍, വി.എസ് ശിവകുമാര്‍ എന്നിവരും റണ്‍ കേരള റണ്ണില്‍ പങ്കുചേരും.

സെക്രട്ടറിയേറ്റ് സൗത്തു ഗേറ്റിന് മുന്നില്‍ ഗവര്‍ണ്ണര്‍ പി സദാശിവം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇവിടെ നിന്നും നോര്‍ത്ത് ഗേറ്റ് ചുറ്റി സെന്‍ട്രല്‍ സ്‌റ്റേഡിയം വരെയാണ് സച്ചിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടക്കുക. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കൂട്ടയോട്ടത്തിന് ശേഷം സച്ചിന്‍ ജനാവലിയെ അഭിവാദ്യവും ചെയ്യും.