ഒരു അനാഥപെണ്‍കുട്ടിക്ക് ജീവിതമേകണമെന്ന കലവൂര്‍ സ്വദേശി ബിനുകുമാറിന്റെ വലിയ മനസ്സ് മധ്യപ്രദേശില്‍ നിന്ന് എട്ട് വര്‍ഷം മുമ്പ് അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് അനാഥയായി ആശ്രയയിലെത്തിയ ശാന്തി ശര്‍മ്മയ്ക്ക് സമ്മാനിച്ചത് സനാഥത്വം

single-img
13 January 2015

binu Shanthiകൊല്ലം കലയപുരം സങ്കേതം അനാഥാലയത്തിലെ അന്തേവാസി ശാന്തി ശര്‍മ്മ കഴിഞ്ഞദിവസം സനാഥയായ ദിനമായിരുന്നു. സങ്കേതം മാനേജരും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ബിനുകുമാറാണ് ശാന്തി ശര്‍മ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അനാഥ ജന്മങ്ങള്‍ക്ക് ആശാകേന്ദ്രമായ കലയപുരം സങ്കേതത്തിലെ അന്തേവാസികള്‍ തങ്ങളുടെ സഹോദരി സുമംഗലിയാകുന്ന ചടങ്ങിന് സാക്ഷിയായി.

സങ്കേതം സെക്രട്ടറി കലയപുരം ജോസാണ് കന്യാദാനം നിര്‍വഹിച്ചത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ആരുമില്ലാത്ത ഒരു കുട്ടിയെ വിവാഹം കഴിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതു പ്രാര്‍വ്വികമായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ബിനുകുമാര്‍ പറഞ്ഞു.

വിവാഹചടങ്ങിന് ശേഷം അന്തേവാസികള്‍ക്കും അതിഥികള്‍ക്കും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. മധ്യപ്രദേശ് സ്വദേശിനിയായ ശാന്തി ശര്‍മ ആശ്രയയിലെത്തിയിട്ട് എട്ടു വര്‍ഷമായി. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഏറ്റെടുക്കാന്‍ ബന്ധുക്കളില്ലാതായ പെണ്‍കുട്ടിയെ പാലക്കാട്ടു നിന്നാണു സങ്കേതം സെക്രട്ടറി കലയപുരം ജോസ് ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. കാര്‍ട്ടൂണിസ്റ്റ് കൂടിയായ തലവൂര്‍ സ്വദേശിയായ ബിനുകുമാര്‍ ആശ്രയയുടെ ചുമതലയിലെത്തിയിട്ടു 10 വര്‍ഷത്തോളമായി.