സ്വന്തം ഭാഗം വിശദീകരിക്കാന്‍ സമ്മതിക്കാതെ സാമാന്യ നീതി നിഷേധിച്ച കിംസ് നെഴ്‌സിംഗ് കോളേജിന്റെ നിലപാടാണ് റോജി റോയിയുടെ മരണത്തിന് കാരണമെന്ന് പോലീസ് റിപ്പോര്‍ട്ട്

single-img
2 January 2015

Rojiതിരുവനന്തപുരം കിംസ് നഴ്‌സിങ് കോളജിനെയും അധികൃതരെയും പ്രതിക്കൂട്ടിലാക്കി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിനി റോജി റോയി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറായി. റോജിക്കെതിരെ ഉയര്‍ന്ന റാഗിങ് പരാതി കൈകാര്യം ചെയ്യുന്നതില്‍ മാനേജ്‌മെന്റിന്റേയും കോളേജ് പ്രിന്‍സിപ്പാലിന്റെയും ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ പിഴവാണ് റോജിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നുള്ള റിപ്പോര്‍ട്ട് പോലീസ് നഴ്‌സിങ് കൗണ്‍സിലിന് നല്‍കി.

ജൂനിയര്‍ വിദ്യാര്‍ഥികളോട് പേര് ചോദിച്ചു എന്നതും തുറിച്ചുനോക്കുന്നു എന്നുമുള്ള രണ്ടു പരാതികളാണ് കിംസ് നഴ്‌സിങ് കോളജിന്റെ വട്ടിയൂര്‍ക്കാവിലെ ഹോസ്റ്റലില്‍ വെച്ച് റോജി റോയിക്കെതിരെ ഉന്നയിക്കപ്പെട്ടത്. ഈ സംഭവങ്ങളാണ് റോജിയെന്ന പതിനെട്ടുകാരിയുടെ ആത്മഹത്യയിലേക്ക് നയിച്ചതും. കോളേജ് ഹോസ്റ്റല്‍ വാര്‍ഡന്‍ ഇടപെട്ട് ഒതുക്കിതീര്‍ത്ത പ്രശ്‌നം പിന്നീട് കോളജ് വൈസ് പ്രിന്‍സിപ്പലും ക്ലാസ് കോര്‍ഡിനേറ്ററും ഇടപെട്ട് റാഗിങ് പരാതിയായി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിനെതുടര്‍ന്ന് റോജിയെ ആനറയിലെ കിംസ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും അവിടെയുണ്ടായിരുന്ന പരാതിക്കാരുടെ മുന്നില്‍വച്ച് പ്രിന്‍സിപ്പല്‍ വളരെ പരുഷമായി ചോദ്യംചെയ്യുകയുമായിരുന്നു. അവിടെ സ്വന്തം ഭാഗം പോലും വിശദീകരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റോജി നില്‍ക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ. ബൈജു പറഞ്ഞു. കണ്ണുകാണാനും ചെവികേള്‍ക്കാനും വയ്യാത്ത മാതാപിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്താനുള്ള കോളേജിന്റെ ക്രൂരമായ തീരുമാനങ്ങളും റോജിക്ക് താങ്ങാനായില്ല. ഇതിനെതുടര്‍ന്നാണ് ആശുപത്രി കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി റോജി ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പഠനത്തില്‍ മിടുക്കിയും കലാപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുമായിരുന്ന കുട്ടിയെക്കുറിച്ച് പരാതി ഉണ്ടായപ്പോള്‍ വേണ്ട ജാഗ്രതയിലല്ല കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ആ പരാതിയുടെ പേരില്‍ തന്നെ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കില്ലെന്നും അങ്ങനെ വന്ന് മാതാപിതാക്കളെ വേദനിപ്പിക്കുന്ന സ്ഥിതി ഉണ്ടായാല്‍ ജീവനൊടുക്കും എന്നും റോജി പറഞ്ഞിരുന്നുവെന്നും ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പ്രതിഷേധം ഒരര്‍ത്ഥത്തില്‍ കേരളമാകെ കത്തിപ്പടരുകയായിരുന്നു. റോജിയുടെ മരണത്തെക്കുറിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

പോലീസ് റിപ്പോര്‍ട്ട്‌

Report 1

Report 2

Report 3

Rep[ort 4

Report 5Report 6