കമ്പ്യൂട്ടറുകളെ ബാധിച്ച വൈടുകെ പ്രശ്‌നത്തിന് ശേഷം വൈ2038 പ്രതിസന്ധി വരുന്നു; 2038 ജനുവരി 19തോടെ 32 ബിറ്റ്‌ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം നിലയ്‌ക്കുമെന്നാണ് കണക്കു കൂട്ടൽ

single-img
18 December 2014

xp_32യൂയോര്‍ക്ക്‌: 32 ബിറ്റ്‌ പ്രോസസ്സറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 32 ബിറ്റ്‌ കമ്പ്യൂട്ടറുകള്‍ക്ക് ഭീഷണിയായി വൈ2038(y2038) പ്രതിസന്ധി വരുന്നു. പ്രോഗ്രാമര്‍മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പഴയ കമ്പ്യൂട്ടറുകളുടെയും പ്രോഗ്രാമുകളുടെയും പ്രവര്‍ത്തനം 2038 ജനുവരി 19 നു നിലയ്‌ക്കുമെന്നാണ് കണക്കു കൂട്ടൽ. 32 ബിറ്റ്‌ കമ്പ്യൂട്ടറുകളെയും സോഫ്‌റ്റ്‌വേറുകളെയുമാകും വൈ2038 ബാധിക്കുക. 32 ബിറ്റിനെ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ്‌ എക്‌സ്‌പി ഓപ്പറേറ്റിംഗ്‌ സിസ്‌റ്റവും സോഫ്‌റ്റ്‌വേറുകള്‍ പുതുക്കാത്ത വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനവും അന്നു നിലയ്‌ക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.

കമ്പ്യൂട്ടറുകളില്‍ 2000 എന്ന വര്‍ഷത്തെ രേഖപ്പെടുത്തുന്നതില്‍ ഉണ്ടായ തകരാറിലൂടെയാണു വൈടുകെ(y2k) പ്രശ്‌നം സോഫ്‌റ്റ്‌വേര്‍ മേഖലയില്‍ നിന്ന്‌ ഉയര്‍ന്നത്‌. 32 ബിറ്റ്‌ സിസ്‌റ്റത്തില്‍ 4ജിബി മെമ്മറി വരെയാണ്‌ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്നത്‌. ആകെ 4,294,967,295 അക്കങ്ങളെയാണു സംഭരിക്കാൻ കഴിയുക. 32 ബിറ്റ്‌ കമ്പ്യൂട്ടറുകളില്‍ സമയത്തിന്റെ തുടക്കം 1970 ജനുവരി ഒന്ന്‌ പുലര്‍ച്ചെ 12 മണി മുതലാണ്. ഈ സമയത്തോട്‌ 2,147,483,648 സെക്കന്‍ഡ്‌ കൂട്ടിയാല്‍ 2038 ജനുവരി 19 ലഭിക്കും. തുടര്‍ന്നുള്ള സമയം പ്രോസസ്‌ ചെയ്യാന്‍ പഴയ കമ്പ്യൂട്ടറുകള്‍ക്ക് സാധിക്കില്ലെന്നും ഇത് പ്രതിസന്ധി ഉണ്ടാക്കുമെന്നും പറയപ്പെടുന്നു. y2038 കമ്പ്യൂട്ടറുകളെ മാത്രമല്ല സ്‌മാര്‍ട്ട് ഫോണുകളെയും ബാധിക്കും. 2038 ആകുമ്പോള്‍ പഴയ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നതിനാൽ ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നാണ് പ്രോഗ്രാമര്‍മാരുടെ പ്രതീക്ഷ.