വിന്‍ഡീസ് താരങ്ങളെ കളിപ്പിക്കാന്‍ വിന്‍ഡീസ് ടീമിന് ബിസിസിഐ നല്‍കിയത് നാലു കോടി രൂപ

കൊച്ചിയില്‍ നടന്ന ഏകദിന മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ബോര്‍ഡുമായി പിണങ്ങിയ താരങ്ങളെ കളിപ്പിക്കാന്‍ ബിസിസിഐ നാലു കോടി നല്‍കിയെന്ന് റിപ്പോര്‍ട്ട്. പണം കിട്ടുമെന്ന് ഉറപ്പായ ശേഷമാണ് വിന്‍ഡീസ് താരങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് തിരിച്ചതെന്നും വിന്‍ഡീസ് ബോര്‍ഡിന് ഇത്രയും വലിയ തുക നല്‍കാനാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ ഇടപ്പെട്ട് കുടിശ്ശിക നല്‍കി താരങ്ങളെ കളിക്കാനിറക്കിയതെന്നുമാണ് വിവരങ്ങള്‍.
തങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കാനാവില്ലെന്നും താരങ്ങള്‍ കളി ഉപേക്ഷിച്ചാല്‍ ഒന്നും ചെയ്യാനാവില്ലെന്നും വിന്‍ഡീസ് ബോര്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ബിസിസിഐയും ഇന്ത്യന്‍ താരങ്ങളും കാണികളും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ക്ഷമിക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ ഈ സമയത്തെല്ലാം ബി സി സി ഐയും കെസിഎയും വിന്‍ഡീസ് കളിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.