സ്വര്‍ണ്ണം കടത്താനുള്ള പുതിയ അടവായി സ്വര്‍ണ്ണനൂലില്‍ത്തീര്‍ത്ത ബ്രാ ; തൊടരുത് മന്ത്രം ജപിച്ച ബ്രായെന്നു ഉടമ

single-img
5 June 2014

തിരുവനന്തപുരം : വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കള്ളക്കടത്തുകാര്‍ സ്വര്‍ണ്ണം കടത്താന്‍ പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ്.സ്വര്‍ണക്കൊളുത്തും സ്വര്‍ണനൂലും ഘടിപ്പിച്ച ബ്രേസിയറുകളുമായി എത്തിയ യുവാവ് അറസ്റ്റിലായതാണ് ഏറ്റവും പുതിയ വാര്‍ത്ത.

കാസര്‍ഗോഡ്‌ സ്വദേശി മുഹമ്മദ്‌ അബ്‌ദുള്ളക്കുഞ്ഞി(37)നെയാണ് സ്വര്‍ണക്കൊളുത്തും സ്വര്‍ണനൂലും ഘടിപ്പിച്ച ബ്രേസിയറുകളുമായി കസ്‌റ്റംസ്‌ അധികൃതര്‍ പിടികൂടിയത്.  എട്ടുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണക്കൊളുത്തുകള്‍ തിരിച്ചറിയാതെയിരിക്കാന്‍ ക്രോമിയം പൂശിയിരുന്നു.ഇയാളെ  നികുതിയും പിഴയും ചുമത്തിയ ശേഷം വിട്ടയച്ചു. 

ദുബായില്‍നിന്ന്‌ ഇന്നലെ പുലര്‍ച്ചെയെത്തിയ ഇയാള്‍ വിലകൂടിയ നാല്‍പതോളം ബ്രേസിയറുകളാണ്‌ ഒപ്പം കൊണ്ടുവന്നത്‌. വിശദപരിശോധനയിലും അബ്‌ദുള്ളക്കുഞ്ഞ്‌ കൂസലില്ലാതെയാണ് നിന്നത്. പാസ്‌പോര്‍ട്ട്‌ പരിശോധിച്ചപ്പോള്‍ മുംബൈയില്‍നിന്നു നാല്‍പതോളം തവണ ഗള്‍ഫിലേക്കു യാത്ര ചെയ്‌തിട്ടുണ്ടെന്നു മനസിലായി.

ഇതിനിടെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ ബ്രേസിയറുകള്‍ പരിശോധനയ്‌ക്കെടുത്തപ്പോള്‍, പ്രത്യേകം ജപിച്ചു തയാറാക്കിക്കൊണ്ടുവന്നതായതിനാല്‍ തൊട്ടു പരിശോധിക്കരുതെന്ന അടവ് പ്രയോഗിച്ചതാണ് സംശയതിനിടയാക്കിയത്. ബ്രേസിയര്‍ കൊളുത്തിന്റെ നിറംമാറ്റം ശ്രദ്ധിച്ച അധികൃതര്‍ കൂടുതല്‍ പരിശോധിച്ചപ്പോള്‍ തനിനിറം പുറത്തായി. ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. ബ്രേസിയറിന്റെ കപ്പുകള്‍ക്കിടയില്‍ കടത്തിവച്ച കനം കുറഞ്ഞ കമ്പി ഉരച്ചുനോക്കിയപ്പോള്‍ സ്വര്‍ണ്ണമാണെന്ന് ബോദ്ധ്യപ്പെട്ടു.

അതോടെ പതറിയ അബ്‌ദുള്ളക്കുഞ്ഞ്‌ കുറ്റസമ്മതം നടത്തി.എട്ടുലക്ഷം രൂപ വിലവരുന്ന 330 ഗ്രാം സ്വര്‍ണമാണെന്നു വെളിപ്പെടുത്തിയതോടെ നികുതി ഈടാക്കി വിട്ടയച്ചു. എന്നാല്‍ ഇയാളെ തുടര്‍ന്നും നിരീക്ഷിക്കാനാണു കസ്‌റ്റംസ്‌ തീരുമാനം. കമ്മിഷണര്‍ മഹീന്ദ്രവര്‍മ, സൂപ്രണ്ട്‌ ജെയിംസ്‌ പി. ജോര്‍ജ്‌, ഇന്റലിജന്‍സ്‌ ഉദ്യോഗസ്‌ഥരായ ഷിബു, ഉത്സവ്‌ പട്ടേല്‍, പ്രകാശന്‍ തുടങ്ങിയവരാണു സ്വര്‍ണം പിടികൂടിയത്‌.